'വഴികളെല്ലാം അടഞ്ഞു': ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട രാജസ്ഥാനിലെ ബിജെപി നേതാവിന്റെ നിയമസഭാംഗത്വം റദ്ദാക്കി
സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനു നേരെ തോക്കുചൂണ്ടിയ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി എംഎൽഎ കൻവാർ ലാൽ മീണയുടെ അംഗത്വമാണ് സ്പീക്കർ റദ്ദാക്കിയത്

കൻവാർ ലാൽ മീണ
ജയ്പൂർ: ക്രിമിനൽ കേസിൽ ശിക്ഷിക്കപ്പെട്ട ബിജെപി എംഎൽഎയുടെ അംഗത്വം രാജസ്ഥാൻ നിയമസഭ റദ്ദാക്കി. സബ് ഡിവിഷനൽ മജിസ്ട്രേറ്റിന് നേരെ(എസ്ഡിഎം) തോക്കുചൂണ്ടിയ കേസില്‍ ശിക്ഷിക്കപ്പെട്ട ബിജെപി എംഎൽഎ കൻവാർ ലാൽ മീണയുടെ അംഗത്വമാണ് സ്പീക്കര്‍ റദ്ദാക്കിയത്.
വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും അപ്പീൽ തള്ളിയ കോടതി രണ്ടാഴ്ചക്കകം കീഴടങ്ങാൻ മീണയോട് നിർദേശിച്ചിരുന്നു.
കേസിൽ മൂന്നു വർഷത്തേക്കാണ് മീണയെ ശിക്ഷിച്ചത്. മേയ് ഒന്നുമുതൽ മീണയുടെ അംഗത്വം റദ്ദുചെയ്തതായി നിയമസഭ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നു.
2005ല്‍ അക്ലേരയിലെ ടൗൺ സബ് ഡിവിഷണൽ ഓഫീസർ, രാം നിവാസ് മേത്തയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലാണ് മൂന്ന് വർഷത്തെ തടവുശിക്ഷ വിധിച്ചത്. ജനപ്രാതിനിധ്യ നിയമപ്രകാരം, രണ്ട് വർഷത്തിൽ കൂടുതൽ തടവുശിക്ഷ ലഭിച്ചാൽ ഒരു നിയമസഭാംഗത്തെ അയോഗ്യനാക്കാം എന്നാണ്.
കൻവർലാലിനെ ആദ്യം വിചാരണ കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ഇതിനെതിരെയുള്ള അപ്പീല്‍ പരിഗണിച്ച മേല്‍ക്കോടതി 2020ൽ ശിക്ഷ ശരിവെച്ചു. ഹൈക്കോടതിയും വിധി ശരിവെച്ചതോടെ എംഎല്‍എ സുപ്രിംകോടതിയെ സമീപിച്ചു. എംഎല്‍എയുടെ വാദം സുപ്രിംകോടതിയും തള്ളിയതോടെയാണ് അദ്ദേഹം കോടതി മുമ്പാകെ കീഴടങ്ങിയത്.
അതേസമയം ഗവര്‍ണറെ ഉപയോഗിച്ചും മൂന്ന് വർഷത്തെ തടവ് 23 മാസമായി കുറച്ചുമൊക്കെ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം നിലനിര്‍ത്താനുള്ള കുറുക്കുവഴികള്‍ ബിജെപി നേതൃത്വം തേടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ മീണയെ സഭയിൽ നിന്ന് അയോഗ്യനാക്കിയില്ലെങ്കില്‍ പ്രതിഷേധം ആരംഭിക്കുമെന്ന് കോണ്‍ഗ്രസും വ്യക്തമാക്കിയിരുന്നു.
Adjust Story Font
16

