കാമുകിയുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തി ബിജെപി നേതാവ്; മോഷണശ്രമമെന്ന് വരുത്തിത്തീര്‍ക്കാൻ ശ്രമം, അറസ്റ്റിൽ
കേസിൽ സെയ്നിയും കാമുകി റിതുവും അറസ്റ്റിലായിട്ടുണ്ട്

അജ്മീര്‍: കാമുകിയുടെ സഹായത്തോടെ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ബിജെപി നേതാവ് രോഹിത് സെയ്നി അറസ്റ്റിൽ. രാജസ്ഥാനിലെ അജ്മീറിൽ ആഗസ്ത് 10നാണ് സംഭവം. ഭാര്യ സഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം മോഷണശ്രമത്തിനിടെ നടന്ന കൊലപാതകമെന്ന് വരുത്തിത്തീര്‍ക്കാനും പ്രതി ശ്രമിച്ചു. കേസിൽ സെയ്നിയും കാമുകി റിതുവും അറസ്റ്റിലായിട്ടുണ്ട്.
അറസ്റ്റ് സ്ഥിരീകരിച്ച റൂറൽ അഡീഷണൽ എസ്‍പി ദീപക് കുമാർ, 24 മണിക്കൂറിനുള്ളിൽ കേസ് പരിഹരിച്ചതായി പറഞ്ഞു. കഴിഞ്ഞ ഞായറാഴ്ചയാണ് സഞ്ജുവിനെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അജ്ഞാതരായ അക്രമികൾ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്നുകളഞ്ഞെന്നാണ് രോഹിത് ആദ്യം പൊലീസിനോട് പറഞ്ഞത്. എന്നാൽ, അന്വേഷണത്തിനിടെ ഇയാളുടെ മൊഴികളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസിന് സംശയം തോന്നുകയായിരുന്നു. വിശദമായ ചോദ്യം ചെയ്യലിൽ രോഹിത് കുറ്റം സമ്മതിക്കുകയും ഗൂഢാലോചനയെക്കുറിച്ച് വെളിപ്പെടുത്തുകയും ചെയ്തു.
റിതുവുമായി ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നുവെന്നും റിതുവിന്‍റെ സമ്മര്‍ദത്തെത്തുടര്‍ന്നാണ് രോഹിത് സഞ്ജുവിനെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. രോഹിതിനെയും റിതുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി കൂടുതൽ ചോദ്യം ചെയ്യൽ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.
Adjust Story Font
16

