Quantcast

ഐ.എൻ.എസ് വിക്രാന്തിന് പൊതുജനങ്ങളിൽനിന്ന് സമാഹരിച്ച 57 കോടി തട്ടി; ബി.ജെ.പി മഹാരാഷ്ട്രാ വൈസ് പ്രസിഡന്റിനും മകനുമെതിരെ കേസ്

'സേവ് വിക്രാന്ത്' എന്ന് എഴുതിയ ടി-ഷർട്ട് ധരിച്ചായിരുന്നു മുൻ ലോക്‌സഭാ അംഗം കൂടിയായ കിരിത് സോമയ്യ ജനങ്ങൾക്കിടയിലിറങ്ങി പിരിവ് നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2022-04-07 11:42:55.0

Published:

7 April 2022 11:22 AM GMT

ഐ.എൻ.എസ് വിക്രാന്തിന് പൊതുജനങ്ങളിൽനിന്ന് സമാഹരിച്ച 57 കോടി തട്ടി; ബി.ജെ.പി മഹാരാഷ്ട്രാ വൈസ് പ്രസിഡന്റിനും മകനുമെതിരെ കേസ്
X

മുംബൈ: ഇന്ത്യൻ നാവിക സേനയുടെ ആദ്യ വിമാനവാഹിനി കപ്പലായ ഐ.എൻ.എസ് വിക്രാന്തിന്റെ നവീകരണത്തിനായി സമാഹരിച്ച കോടികൾ വകമാറ്റി ചെലവഴിച്ച കുറ്റത്തിന് ബി.ജെ.പി നേതാവിനെതിരെ കേസെടുത്തു. മഹാരാഷ്ട്ര ബി.ജെ.പി വൈസ് പ്രസിഡന്റും മുൻ ലോക്‌സഭാ അംഗവുമായ കിരിത് സോമയ്യയ്ക്കും മകൻ നീലിനുമെതിരെയാണ് 57 കോടി രൂപ വകമാറ്റിയതായുള്ള പരാതിയിൽ മുംബൈ പൊലീസ് കേസെടുത്തത്.

മുൻ ഇന്ത്യൻ സൈനികൻ ബാബൻ ബോസ്ലെ നൽകിയ പരാതിയിലാണ് നടപടി. 2013നും 2014നും ഇടയിലാണ് ഐ.എൻ.എസ് വിക്രാന്തിന്റെ നവീകരണത്തിനെന്നു പറഞ്ഞ് കിരിത് സോമയ്യയും മകനും ചേർന്ന് പൊതുജനങ്ങളലിൽനിന്ന് ധനസമാഹരണം നടത്തിയത്. ധനസമാഹരണത്തിലൂടെ 57 കോടി രൂപയാണ് ഇവർ സ്വന്തമാക്കിയത്. എന്നാൽ, ഈ പണം സർക്കാരിനു കൈമാറുന്നതിനു പകരം ഇവർ തട്ടിയെടുത്തെന്നാണ് പരാതി.

രണ്ടു തവണ ലോക്‌സഭാ അംഗമായിരുന്നയാളാണ് കിരിത് സോമയ്യ. മുംബൈ നോർത്ത്-ഈസ്റ്റിൽനിന്നാണ് രണ്ടു തവണയും സോമയ്യ പാർലമെന്റിലെത്തിയത്. മകൻ നീൽ സോമയ്യയും ബി.ജെ.പി ഭാരവാഹിയാണ്. നിലവിൽ മുംബൈ മുനിസിപ്പൽ കൗൺസിലർ കൂടിയാണ്.

'സേവ് വിക്രാന്ത്' ടി-ഷർട്ടിലെ പണപ്പിരിവ്

പണം തട്ടിപ്പിൽ സോമയ്യയ്‌ക്കെതിരെ ആരോപണവുമായി ശിവസേന എം.പി സഞ്ജയ് റാവത്ത് രംഗത്തെത്തിയിരുന്നു. ധനസമാഹരണത്തിലുടെ ശേഖരിച്ച തുക മഹാരാഷ്ട്ര സർക്കാരിനു കൈമാറുന്നതിനു പകരം മകന്റെ നിർമാണ കമ്പനിയുടെ അക്കൗണ്ടിൽ നിക്ഷേപിക്കുകയാണ് ചെയ്തതെന്ന് റാവത്ത് ആരോപിച്ചു.

1971ൽ പാകിസ്താനെതിരെ നടന്ന യുദ്ധത്തിൽ ഐ.എൻ.എസ് വിക്രാന്തും നിർണായക പങ്കുവഹിച്ചിരുന്നു. എന്നാൽ, വിക്രാന്തിന്റെ സ്ഥിതി മോശമായതോടെ കപ്പൽ നവീകരിച്ച് മ്യൂസിയമാക്കാൻ ദേശീയതലത്തിൽ കാംപയിൻ നടന്നിരുന്നു. 200 കോടിയായിരുന്നു കപ്പൽ നവീകരണത്തിന് ചെലവായി കണക്കാക്കിയിരുന്നതെന്നും റാവത്ത് പറഞ്ഞു.

കാംപയിനിന്റെ ഭാഗമായി സോമയ്യ അടക്കമുള്ള നിരവധി നേതാക്കൾ അന്ന് കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണിയെ കണ്ടിരുന്നു. ഇതിനു പിന്നാലെയാണ് സോമയ്യ പരസ്യ കാംപയിനുമായി രംഗത്തെത്തിയത്. 'സേവ് വിക്രാന്ത്' എന്ന് എഴുതിയ ടി-ഷർട്ട് ധരിച്ച് സോമയ്യ ജനങ്ങൾക്കിടയിലിറങ്ങി പിരിവ് നടത്തി. ധനസമാഹരണത്തിലൂടെ ലഭിക്കുന്ന തുക രാജ്ഭവന്റെ അക്കൗണ്ടിലേക്ക് മാറ്റുമെന്ന് അന്ന് സോമയ്യ മാധ്യമങ്ങളോടെല്ലാം വ്യക്തമാക്കിയിരുന്നു. എന്നാൽ, രാജ്ഭവനിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ബന്ധപ്പെട്ടപ്പോൾ അങ്ങനെയൊരു തുക ലഭിച്ചിട്ടില്ലെന്നാണ് വ്യക്തമായതെന്നും സഞ്ജയ് റാവത്ത് വെളിപ്പെടുത്തി.

Summary: BJP leader Kirit Somaiya, son booked for alleged swindling of money collected for INS Vikrant

TAGS :

Next Story