Quantcast

ഐപിഎല്ലിൽ ബംഗ്ലാദേശ് കളിക്കാരനെ വൻവിലക്ക് വാങ്ങി: ഷാറൂഖ് രാജ്യദ്രോഹിയെന്ന് ബിജെപി നേതാവ്

9.20 കോടി രൂപയ്ക്കാണ് ഐപിഎൽ ലേലത്തിൽ മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്.

MediaOne Logo
ഐപിഎല്ലിൽ ബംഗ്ലാദേശ് കളിക്കാരനെ വൻവിലക്ക് വാങ്ങി: ഷാറൂഖ് രാജ്യദ്രോഹിയെന്ന് ബിജെപി നേതാവ്
X

ലഖ്‌നൗ: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്‍തഫിസുർ റഹ്മാനെ ഐപിഎൽ താരലേലത്തിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍(കെകെആര്‍) എത്തിച്ചതിന്റെ പേരില്‍ ഉടമ ഷാറൂഖ് ഖാനെതിരെ ബിജെപി നേതാവ്.

ഒരു ബംഗ്ലാദേശി താരത്തെ വാങ്ങിയ ഷാറൂഖ്, രാജ്യദ്രോഹിയാണെന്നും രാജ്യത്ത് തുടരാൻ ഇനി അവകാശമില്ലെന്നും ഉത്തര്‍പ്രദേശിലെ ബിജെപി നേതാവും മുന്‍ എംഎല്‍എയുമായ സംഗീത് സോം പറഞ്ഞു. ബംഗ്ലാദേശ് കളിക്കാർ ഇന്ത്യൻ മണ്ണിൽ കളിക്കുന്നത് തടയുമെന്നും സോം വ്യക്തമാക്കി. ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കും നേരെ അതിക്രമങ്ങൾ തുടരുന്ന സാഹചര്യത്തിൽ അവിടുത്തെ കളിക്കാരെ ഐപിഎല്ലിൽ ഉൾപ്പെടുത്തിയത് ശരിയല്ലെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാദം.

"ഇത്തരം കളിക്കാരെ ഇവിടെ കളിക്കാൻ അനുവദിക്കില്ല, ഷാറൂഖ് ഖാനെപ്പോലുള്ള രാജ്യദ്രോഹികൾ മനസ്സിലാക്കണം, നിങ്ങൾ ഇന്ന് ഈ സ്ഥാനത്ത് എത്തിയിട്ടുണ്ടെങ്കിൽ അത് ഈ രാജ്യത്തെ ജനങ്ങൾ കാരണമാണ്, ഇത്തരം രാജ്യദ്രോഹികൾക്ക് രാജ്യത്ത് സ്ഥാനമുണ്ടാകില്ല''- മീററ്റിൽ നടന്ന പൊതുപരിപാടിയിൽ സംഗീത് സോം പറഞ്ഞു

9.20 കോടി രൂപയ്ക്കാണ് ഐപിഎൽ ലേലത്തിൽ മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ഐപിഎലിൽ ഒരു ബംഗ്ലാദേശ് താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ഇതെ വിഷയത്തില്‍ ഹിന്ദു ആത്മീയ നേതാവ് ജഗദ്ഗുരു റാംഭദ്രാചാര്യ ഷാരൂഖ് ഖാനെ വിമർശിച്ച് രംഗത്ത് എത്തിയിരുന്നു.

അതേസമയം ഷാറൂഖ് ഖാന് പിന്തുണയുമായി കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ രംഗത്ത് എത്തി. നിയമം അനുവദിച്ചതിനലാണ് അവര്‍ ലേലത്തിനെത്തിയതെന്നും അതിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡാണ്(ബിസിസിഐ) മറുപടി പറയേണ്ടതെന്നും പ്രിയങ്ക് ഖാർഗെ പറഞ്ഞു. കെകെആര്‍ ഉടമയായ ഷാറൂഖിനെ കുറ്റപ്പെടുത്തുന്നതിനുപകരം, ഐപിഎല്ലിൽ ബംഗ്ലാദേശ് കളിക്കാരെ എന്തിന് പങ്കെടുപ്പിക്കണം എന്ന് ബിജെപി നേതാക്കൾ ബിസിസിഐയോടാണ് ചോദിക്കേണ്ടതെന്ന് എക്സിലെഴുതിയ കുറിപ്പില്‍ പ്രിയങ്ക് ഖാര്‍ഗെ ചോദിക്കുന്നു.

ഷാറൂഖിന് പിന്തുണയുമായി കോൺഗ്രസ് എംപി മാണിക്കം ടാഗോറും രംഗത്തെത്തി. ബോളിവുഡ് താരത്തെ രാജ്യദ്രോഹിയെന്നു വിളിച്ചത് ഇന്ത്യയുടെ ബഹുസ്വരതയ്ക്കെതിരായ അക്രമമാണെന്ന് കോൺ‌ഗ്രസ് നേതാവ് പ്രതികരിച്ചു

TAGS :

Next Story