ഡൽഹിയിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവം; രവി ശങ്കർ പ്രസാദും ഒ.പി ധൻഖഡും കേന്ദ്ര നിരീക്ഷകർ
നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിനായി ഇന്ന് വൈകിട്ടാണ് ബിജെപി പാർലമെന്ററി പാർട്ടി യോഗം നടക്കുന്നത്.

ന്യൂഡൽഹി: ഡൽഹിയിൽ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള ചർച്ചകൾ സജീവമാക്കി ബിജെപി കേന്ദ്ര നേതൃത്വം. മുൻ കേന്ദ്ര മന്ത്രി രവിശങ്കർ പ്രസാദ്, പാർട്ടി ദേശീയ സെക്രട്ടറി ഓം പ്രകാശ് ധൻഖഡ് എന്നിവരെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള നിരീക്ഷകൻമാരായി നിയമിച്ചു. ഇന്ന് വൈകിട്ടാണ് പാർട്ടി പുതിയ എംഎൽഎമാരുടെ യോഗം വിളിച്ചിരിക്കുന്നത്.
27 വർഷത്തിന് ശേഷമാണ് ബിജെപി രാജ്യതലസ്ഥാനത്ത് അധികാരത്തിലെത്തുന്നത്. പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച് അഭിപ്രായം അറിയിക്കുന്നതിനായി നിരവധി പാർലമെന്ററി ബോർഡ് അംഗങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കണ്ടിരുന്നു.
നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത ശേഷം ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സേനയെ കണ്ട് സർക്കാർ രൂപീകരിക്കാൻ അവകാശവാദമുന്നയിക്കും. നാളെ ഉച്ചക്ക് ശേഷം രാം ലീല മൈതാനിയിലാണ് പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ.
സത്യപ്രതിജ്ഞാ ചടങ്ങിനായി വിപുലമായ ഒരുക്കങ്ങളാണ് രാം ലീല മൈതാനിയിൽ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ ചടങ്ങിനെത്തും. ഏകദേശം 50,000 ആളുകൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
70 അംഗ ഡൽഹി നിയമസഭയിൽ 48 സീറ്റുകൾ നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്.
Adjust Story Font
16

