അമിത് ഷായ്ക്ക് താത്പര്യക്കുറവ്; മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതീഷ് കുമാറിനെ പ്രഖ്യാപിക്കാതെ ബിജെപി
വിജയാഘോഷങ്ങൾക്ക് ബിജെപി ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയും ബിഹാറിനെ ആരു നയിക്കും എന്ന് പറഞ്ഞില്ല.

പട്ന: ബിഹാറിൽ ചരിത്ര വിജയം നേടിയെങ്കിലും മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിതീഷ് കുമാറിനെ പ്രഖ്യാപിക്കാതെ ബിജെപി. അമിത് ഷായ്ക്കുള്ള താത്പര്യക്കുറവാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്. മുഖ്യമന്ത്രിപദം വീതം വയ്ക്കണമെന്ന് അഭിപ്രായവും നേതാക്കൾക്കിടയിൽ ശക്തമാണ്.
ജെഡിയു പഴയ പ്രതാപം തിരിച്ചുപിടിച്ചെങ്കിലും ഒരു തവണകൂടി നിതീഷ് കുമാറിനെ മുഖ്യമന്ത്രി കസേരയിൽ ഇരുത്തുന്നതിൽ ബിജെപിക്കിടയിൽ രണ്ട് അഭിപ്രായം ഉണ്ട്. അമിത്ഷായും നിതീഷ് കുമാറും തമ്മിലുള്ള അസ്വാരസ്യമാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ നേതാക്കൾക്കിടയിൽ മുഖ്യമന്ത്രി പദം സംബന്ധിച്ച് ഭിന്നാഭിപ്രായമുണ്ട്.
വിജയാഘോഷങ്ങൾക്ക് ബിജെപി ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിയും ബിഹാറിനെ ആരു നയിക്കും എന്ന് പറഞ്ഞില്ല. രണ്ടു പതിറ്റാണ്ടായി മുഖ്യമന്ത്രിയായി തുടരുന്ന നിതീഷ് കുമാറിന് ഇത്തവണയും സ്ത്രീ വോട്ടർമാർ നൽകിയ പിന്തുണയാണ് വിജയത്തിന്റെ മാറ്റ് കൂട്ടിയത്. ഒരു കോടിയിലധികം വരുന്ന സ്ത്രീ വോട്ടുകളാണ് എൻഡിഎ സഖ്യത്തെ 200 കടത്തിയത്.
തെരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു . മഹാസഖ്യത്തിന് വോട്ട് ചെയ്തവര്‍ക്ക് നന്ദിയുണ്ടെന്നും ഭരണഘടനയെയും ജനാധിപത്യത്തേയും സംരക്ഷിക്കാനാണ് കോണ്‍ഗ്രസ് പോരാട്ടമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. അതേസമയം ഒരു രാജ്യസഭാ സീറ്റിലേക്കുള്ള ഒരു സ്ഥാനാർഥിയെ പോലും ജയിപ്പിക്കാനുള്ള ഭൂരിപക്ഷം ആർജെഡിക്കില്ല എന്നതാണ് ഇൻഡ്യ സഖ്യം നേരിടുന്ന വെല്ലുവിളി.
Adjust Story Font
16

