Quantcast

ബിജെപിക്ക് കൈകൊടുക്കുമോ വിജയ്?

കരൂർ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറിയുള്ള വിജയുടെ ആദ്യ പോക്ക്, ഇല്ലാതാക്കിയത് താരം ഇത്രനാളായി കെട്ടിപ്പടുത്തിരുന്ന രക്ഷകപരിവേഷം കൂടിയായായിരുന്നു. ഒരു നേതാവിന് ദുരന്ത ഭൂമിയിൽ നിന്ന് എങ്ങിനെയാണ് ഓടിപ്പോവാൻ കഴിയുക എന്നാണ് മദ്രാസ് ഹൈക്കോടതി ചോദിച്ചത്

MediaOne Logo

Web Desk

  • Published:

    12 Oct 2025 6:12 PM IST

ബിജെപിക്ക് കൈകൊടുക്കുമോ വിജയ്?
X

41 പേരുടെ മരണത്തിന് കാരണമായ കരൂർ ദുരന്തത്തിന് പിന്നാലെ, നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ് കടന്നുപോകുന്നത് കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ്. തന്നെ കാണാൻ ഒഴുകിയെത്തിയ ജനസാഗരത്തിന്റെ ആഹ്ലാരവങ്ങൾ, പെട്ടെന്ന് നിലവിളിയായി മാറിയപ്പോൾ, ആ പ്രതിസന്ധിയെ നേരിടുന്നതിന് പകരം വിജയ് ചെയ്തത് ഒളിച്ചോടുകയായിരുന്നു. അത് വിജയ്ക്കും വിജയ്യുടെ പാർട്ടിക്കും കടുത്ത ആഘാതവും ഏൽപ്പിച്ചു. വിജയ് എന്ന രാഷ്ട്രീയ നേതാവിന്റെ പതനം എന്നുപോലും വിലയിരുത്തപ്പെട്ട ഈ പ്രതിസന്ധിയെ മറികടക്കാനുള്ള തത്രപ്പാടിലാണ് ടിവികെയുടെ ഒരേയൊരു നേതാവ്.

എന്നാൽ കരൂർ ദുരന്തവും അതേത്തുടർന്നുണ്ടായ സംഭവവികാസങ്ങളും, സുവര്ണാവസരമാക്കിയിരിക്കുകയാണ് ബിജെപി. വിജയ് എന്ന താരപരാജാവിനെ, തമിഴകത്തിന്റെ തളപതിയെ ഒപ്പം നിർത്താനാണ് ബിജെപിയുടെ ശ്രമം. കരൂർ ദുരന്തത്തിന് പിന്നാലെയുള്ള ബിജെപി - എ ഐ എ ഡി എം കെ നേതാക്കളുടെ പ്രതികരണം, തുടർന്ന് നടന്നുവരുന്ന ചർച്ചകൾ എന്നിവയെല്ലാം വിരൽ ചൂണ്ടുന്നതും അതിലേക്കാണ്.

കരൂർ ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറിയുള്ള വിജയുടെ ആദ്യ പോക്ക്, ഇല്ലാതാക്കിയത് താരം ഇത്രനാളായി കെട്ടിപ്പടുത്തിരുന്ന രക്ഷകപരിവേഷം കൂടിയായായിരുന്നു. ഒരു നേതാവിന് ദുരന്ത ഭൂമിയിൽ നിന്ന് എങ്ങിനെയാണ് ഓടിപ്പോവാൻ കഴിയുക എന്നാണ് മദ്രാസ് ഹൈക്കോടതി ചോദിച്ചത്. ജനങ്ങൾക്കിടയിലും ഈ ചോദ്യമാണ് അലയടിച്ചത്. ഈ വികാരത്തെയാണ് വിജയ്ക്ക് മറികടക്കാനുള്ളത്.

ടി വി കെ നേതാക്കൾ അതിനുവേണ്ടിയുള്ള പരിശ്രമങ്ങൾ നടത്തുന്നുണ്ടെങ്കിലും ഫലവത്താകുന്നില്ല എന്നതാണ് സത്യം. അവിടെയാണ് വിജയുടെ രക്ഷകരായി എ ഐ എ ഡി എംകെ-ബിജെപി സഖ്യമെത്തുന്നത്. കരൂർ ദുരന്തശേഷമുള്ള, പ്രതിപക്ഷ സഖ്യങ്ങളുടെ പ്രതികരണങ്ങൾ മുഴുവൻ ഒരുഭാഗത്ത് ഭരണകക്ഷിയായ ഡി എം കെയെ ലക്ഷ്യം വെക്കുന്നതാണെന്ന് തോന്നിക്കുമ്പോഴും മറുഭാഗത്ത് വിജയ്ക്ക് കൂടി തണലൊരുക്കുന്നുണ്ട് അവ.

അപകടം സൃഷ്ടിച്ചത് മുഴുവൻ ഡി എം കയാണെന്നും, അവർ വേണ്ട സുരക്ഷയൊരുക്കാത്തതാണ് 41 പേരുടെ ജീവനെടുത്തത് എന്നുമാണ് ടിവികെയും ഒപ്പം ബിജെപിയും വാദിക്കുന്നത്. വിജയ് ഒറ്റയ്ക്കാകില്ലെന്നും അന്യായമായി വേട്ടയാടാൻ സമ്മതിക്കില്ലെന്നും ബിജെപി ടി വി കെ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

പരസ്യമായുള്ള ഇത്തരം പിന്തുണയ്ക്ക് പുറമെ, വിജയിയെ സഖ്യത്തിലെത്തിക്കാനുള്ള ചർച്ചകളും പിന്നണിയിൽ നടക്കുന്നുണ്ട്. പ്രതിപക്ഷ നേതാവും എഐഎഡിഎംകെ നേതാവുമായ എടപ്പാടി കെ. പളനിസ്വാമി വിജയിയുമായി ഫോണിൽ സംസാരിച്ചതും അതിനെ ഭാഗമായിരുന്നു. കരൂർ ദുരന്തത്തിൽ അനുശോചനം അറിയിക്കാൻ വിളിച്ചതാണ് എന്നാണ് ഔദ്യോഗിക പ്രതികരണങ്ങൾ. പക്ഷെ 2026 നിയമസഭാ തെരഞ്ഞെടുപ്പ് സഖ്യത്തിലേക്കുള്ള ക്ഷണക്കത്തും പളനിസ്വാമി വിജയ്ക്ക് വച്ചുനീട്ടിയിട്ടുണ്ട് എന്നാണ് മറ്റ് റിപോർട്ടുകൾ നൽകുന്ന സൂചന. . പൊങ്കലിന് ശേഷം തീരുമാനം അറിയിക്കാമെന്ന് വിജയ് പളനിസ്വാമിയെ അറിയിച്ചുവെന്നും വിവരമുണ്ട്.

അതേസമയം, ടി വി കെയുടെ പ്രത്യയശാസ്ത്ര എതിരാളിയാണ് ബിജെപി എന്ന് പ്രഖ്യാപിച്ച നേതാവാണ് വിജയ്. എന്നാൽ വിജയിയുമായി നിരവധി കാര്യങ്ങളിൽ സമാനത പുലർത്തുന്നവരാണ് ബിജെപി എന്നാണ് തമിഴ്‌നാട് ബിജെപിയുടെ മുൻ അധ്യക്ഷൻ കെ അണ്ണാമലൈ ഇതിനോട് പ്രതികരിച്ചത്. വിജയ് പ്രത്യയശാസ്ത്ര നേതാക്കളായി കാണുന്നവരിൽ പെരിയാർ ഒഴികെ ബാക്കിയുള്ളവരെ ഏറ്റവുമധികം ആദരിച്ചിട്ടുള്ളത് തങ്ങളാണെന്നായിരുന്നു OUTLOOK മാഗസിന് നൽകിയ അഭിമുഖത്തിൽ അണ്ണാമലൈ ചൂണ്ടിക്കാട്ടിയത്. അതായത്, വിജയ് അങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും വേണമെങ്കിൽ ഒന്നിക്കാവുന്നതേ ഉള്ളു എന്നാണ് അണ്ണാമലൈ പറഞ്ഞുവയ്ക്കുന്നത്.

തമിഴക രാഷ്ട്രീയത്തിലെ പ്രധാന പ്രതിപക്ഷമാകുകയാണ് ബിജെപിയുടെ ലക്ഷ്യം. അതിനായുള്ള കരുനീക്കങ്ങൾ ബിജെപി കൃത്യമായി നടത്തുന്നുമുണ്ട്. അണ്ണാമലൈയെ മാറ്റി നൈനാർ നാഗേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവി ഏൽപ്പിച്ചതെല്ലാം അതിന്റെ ഭാഗമായിരുന്നു. എന്നാൽ, ഈ ലക്ഷ്യത്തിലേക്കെത്തുന്നതിൽ പ്രധാന തടസമായി മുന്നിലുള്ളത് ടി വി കെയും വിജയിയുമാണ്. പ്രാദേശിക പാർട്ടികളെ കൂടെ നിർത്തി, അവരുടെ വോട്ടുബാങ്കിലേക്ക് പടർന്നുകയറി, അവരെ തന്നെ ഇല്ലാതാക്കാനുള്ള തന്ത്രം ബിജെപി പല സംസ്ഥാനങ്ങളിലും പയറ്റിത്തെളിഞ്ഞതാണ്. വിജയിയെ ഒപ്പം നിർത്തി, താരത്തിന്റെ വോട്ടുബാങ്കിലേക്ക് കടന്നുകയറുകയാണ് ബിജെപിയും ലക്‌ഷ്യം വയ്ക്കുന്നത്.

എന്നാൽ എഐഎഡിഎംകെയുമായുള്ള സഖ്യത്തിൽ, വിജയിയെ എങ്ങനെ അക്കോമഡേറ്റ് ചെയ്യിക്കുമെന്ന പ്രശ്നം അപ്പോഴും ബാക്കിയാകുന്നുണ്ട്. ബിജെപിയുമായി കൈകോർക്കും മുൻപ്, എഐഎഡിഎംകെ ടി വി കെയുമായി ചർച്ച നടത്തിയിരുന്നു. അന്ന് വിജയിയുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ പളനിസ്വാമി തയാറായിരുന്നില്ല. അതേപ്രശ്നം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. അത് ഈ ചർച്ചകളെ കൂടുതൽ സങ്കീര്ണമാക്കുമെന്ന കാര്യവും ഉറപ്പാണ്.

TAGS :

Next Story