വിജയം ആവർത്തിച്ച് ബി.ജെ.പി, ഹിമാചലിലൂടെ കോൺഗ്രസിൻറെ തിരിച്ചുവരവ്- 2022ലെ ഇന്ത്യ

ദ്രൗപതി മുർമു രാഷ്ട്രപതി സ്ഥാനത്തെത്തിയതും 24 വർഷങ്ങൾക്കു ശേഷം ഗാന്ധി കുടുംബത്തിന് പുറത്തുനിന്നും കോൺഗ്രസിന് ഒരധ്യക്ഷനെത്തിയതും നിർണായക സംഭവങ്ങളായിരുന്നു

MediaOne Logo

ഫസ്ന പനമ്പുഴ

  • Updated:

    2023-01-01 06:07:30.0

Published:

1 Jan 2023 5:31 AM GMT

വിജയം ആവർത്തിച്ച് ബി.ജെ.പി, ഹിമാചലിലൂടെ കോൺഗ്രസിൻറെ തിരിച്ചുവരവ്- 2022ലെ ഇന്ത്യ
X

നിർണായക സംഭവങ്ങളിലൂടെ രാജ്യം കടന്നുപോയ വർഷമായിരുന്നു 2022. ഗോത്രവർഗത്തിൽ നിന്നുള്ള വനിത ഇന്ത്യയുടെ രാഷ്ട്രപതിയായതും 24 വർഷങ്ങൾക്കുശേഷം ഗാന്ധി കുടുംബത്തിന് പുറത്തുനിന്ന് പുതിയ അധ്യക്ഷനെത്തിയതും ഏറെ ചർച്ച ചെയ്യപ്പെട്ടു. യോഗിയുടെ ബുൾഡോസർ രാജും രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയും 2022നെ സജീവമാക്കി.

ചരിത്രത്തിലേക്ക് നടന്നു കയറി ദ്രൗപതി മുർമു

2022ൽ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ വ്യക്തിയാണ് ദ്രൗപതി മുർമു. ഇന്ത്യയുടെ രാഷ്ട്രപതി പദത്തിലെത്തുന്ന ആദ്യത്തെ ഗോത്രവർഗക്കാരിയും രണ്ടാമത്തെ വനിതയുമാണ് മുർമു. എൻഡിഎ സ്ഥാനാർഥിയായ മുർമുവും പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹയും തമ്മിലായിരുന്നു മത്സരം. 60 ശതമാനത്തിലധികം വോട്ട് നേടിയാണ് ദ്രൗപതി മുർമു രാഷ്ട്രപതി പദത്തിലെത്തിയത്. ജാർഖണ്ഡിലെ ആദ്യ വനിതാ ഗവർണറെന്ന നേട്ടവും മുർമുവിൻറെ പേരിലാണ്.

കോൺഗ്രസിന് പുതിയ ക്യാപ്റ്റൻ

24 വർഷത്തിന് ശേഷം നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്ന് എത്തുന്ന കോൺഗ്രസ് അധ്യക്ഷനാണ് മല്ലികാർജുൻ ഖാർഗെ. ദലിത് വിഭാഗത്തിൽ നിന്ന് അര നൂറ്റാണ്ടിന് ശേഷം അധ്യക്ഷനാകുന്ന നേതാവ് എന്ന പ്രത്യേകതയും ഖാർഗെയ്ക്കുണ്ട്. 2019 ഓഗസ്റ്റ് 10ന് പാർട്ടി നേതാവ് രാഹുൽ ഗാന്ധി രാജിവെച്ചതിനെ തുടർന്നാണ് കോൺഗ്രസിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. ശശി തരൂരായിരുന്നു എതിർ സ്ഥാനാർഥി. ഖാർഗെ 7,897 വോട്ടുകളും തരൂർ 1,072 വോട്ടുകളുമാണ് നേടിയത്.

ഭാരത് ജോഡോ യാത്ര

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന പദ യാത്രയാണ് ഭാരത് ജോഡോ യാത്ര. 150 ദിവസത്തെ ഭാരത് ജോഡോ യാത്രയ്ക്ക് സെപ്തംബർ ഏഴിനാണ് തുടക്കമായത്. തമിഴ്‌നാട്ടിലെ കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ റാലി മറ്റു സംസ്ഥാനങ്ങളിൽ പര്യടനം തുടരുകയാണ്. 3751 കിലോമീറ്റർ സഞ്ചരിച്ച് പദയാത്ര ശ്രീനഗറിൽ സമാപിക്കും

ബുൾഡോസർ രാജും പ്രതിഷേധങ്ങളും


ഹനുമാൻജയന്തി ഘോഷയാത്രക്കിടെ ജഹാംഗിർപുരിയിൽ നടന്ന സംഘർഷവും തുടർന്നുണ്ടായ പൊളിക്കലുമെല്ലാം ബി.ജെ.പി സർക്കാറിന്റെ ന്യൂനപക്ഷ വേട്ടയായിരുന്നു. ഡൽഹിയിലെ ബി.ജെ.പി ഭരിക്കുന്ന മുൻസിപ്പാലിറ്റിക്ക് കീഴിൽ താമസിക്കുന്നവരുടെ കെട്ടിടങ്ങൾ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചതിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുയർന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ന്യൂനപക്ഷ മുസ്‌ലിംകളാണ് ഇതിന്റെ ഇരയായവരിൽ കൂടുതലും. ജഹാംഗിർപുരിക്ക് പിന്നാലെ ഉത്തർപ്രദേശ്, മധ്യപ്രദേശ്, അസം, ബിഹാർ തുടങ്ങിയവിടങ്ങളിലും ബുൾഡോസർ ഉപയോഗിച്ചുള്ള പൊളിക്കലുകൾ തുടർന്നു. വെൽഫെയർ പാർട്ടി നേതാവ് മുഹമ്മദ് ജാവേദിന്റെ വീട് പൊളിച്ചതും ഏറെ കോളിളക്കം സൃഷ്ടിച്ചു. ബോള്‍ഡോസർ രാജിനെ ന്യായീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്തെത്തിയിരുന്നു. തങ്ങളുടെ ബുൾഡോസറുകളാണ് ഉത്തർപ്രദേശിൽ കലാപങ്ങൾ ഇല്ലാതാക്കിയതെന്നായിരുന്നു അദ്ദേഹത്തിന്‍റെ അവകാശവാദം.

അറസ്റ്റുകൾ

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈർ, സാമൂഹ്യ പ്രവർത്തകരായ ടീസ്റ്റ സെതൽവാദ്, ഗുജറാത്ത് മുൻ ഡി.ജി.പി ആർ.ബി ശ്രീകുമാർ തുടങ്ങിയവരുടെ അറസ്റ്റ് നിരവധി വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. 2018ലെ ഒരു ട്വീറ്റിന്റെ പേരിൽ ജൂൺ 27നാണ് സുബൈറിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് അറസ്റ്റിലായ അദ്ദേഹം ഇപ്പോൾ ജാമ്യത്തിലാണ്.

അതേസമയം ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് അന്നത്തെ മുഖ്യമന്ത്രിയായ നരേന്ദ്ര മോദി അടക്കമുള്ളവർക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് ടീസ്റ്റ സെതൽവാദ്, ആർ.ബി ശ്രീകുമാർ എന്നിവർക്കെതിരായ കേസ്. ജൂൺ 26ന് മുംബൈയിൽ നിന്നാണ് ടീസ്റ്റയെയും ഗുജറാത്ത് ആർ.ബി ശ്രീകുമാറിനെയും ഗുജറാത്ത് എ.ടി.എസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരും ഇപ്പോൾ ജാമ്യത്തിലാണ്.

ഹിജാബ് നിരോധനം

ഉഡുപ്പി ജില്ലയിലെ ഒരു സർക്കാർ പ്രീ - യൂണിവേഴ്‌സിറ്റി കോളജിൽ ഹിജാബ് ധരിച്ചെത്തിയ മുസ്‌ലിം വിദ്യാർഥിനികൾക്ക് ക്ലാസിൽ പ്രവേശനം നിഷേധിച്ചതോടെയാണ് ഹിജാബ് വിഷയം ചർച്ചയാവുന്നത്. 2021 ഡിസംബറിലായിരുന്നു ഇത്. തുടർന്നുള്ള ദിവസങ്ങളിലും ഇതേ രീതിയിൽ വിദ്യാർഥിനികളെ തടയുകയും വിദ്യാർഥികൾ ക്ലാസ് ബഹിഷ്‌കരിക്കുകയും ചെയ്തു.

ഹിജാബ് യൂണിഫോമിന്റെ ഭാഗമല്ലെന്ന കോളജ് അധികൃതരുടെ വാദത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം ഉയർന്നു. ഹിജാബ് തങ്ങളുടെ ഐഡന്റിറ്റിയാണെന്നുന്നയിച്ച് മുസ്‌ലിം വിദ്യാർഥികൾ രംഗത്തെത്തിയപ്പോൾ ഹിജാബ് നിരോധിക്കണമെന്ന ആവശ്യവുമായി എ.ബി.വി.പി പ്രവർത്തകരായ വിദ്യാർഥികളും കാവി ഷാൾ ധരിച്ച് പ്രതിഷേധിച്ചു. വിദ്യാർഥികൾ അവരുടെ സ്ഥാപനങ്ങളിലെ യൂണിഫോം നയം പിന്തുടരണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പടുവിച്ചതോടെയാണ് വിദ്യാർഥികൾ കർണാടക ഹൈക്കോടതിയെ സമീപിക്കുന്നത്. ഹിജാബ് മതപരമായ ആചാരമല്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി നിരോധനം ശരിവെക്കുകയായിരുന്നു. കേസ് പിന്നീട് സുപ്രിംകോടതിയിലെത്തുകയും വിഷയത്തിൽ കോടതി ഭിന്നവിധി പുറപ്പെടുവിക്കുകയുമായിരുന്നു.

രാജ്യവ്യാപക റെയ്ഡും പിഎഫ്‌ഐ നിരോധനവും

രാജ്യസുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി 2022 സെപ്തംബർ 28നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് രാജ്യത്ത് നിരോധനം ഏർപ്പെടുത്തിയത്. രാജ്യവ്യാപകമായി നടന്ന എൻഐഎ റെയ്ഡിനു പിന്നാലെ അഞ്ചു വർഷത്തേക്കാണ് പിഎഫ്ഐയെ നിരോധിച്ചത്. ക്യാമ്പസ് ഫ്രണ്ട് അടക്കമുള്ള എട്ട് അനുബന്ധ സംഘടനകളാണ് നിരോധിച്ചത്.

അഗ്‌നിപഥ്

സായുധസേനയിലേക്ക് നാല് വർഷത്തേക്ക് യുവാക്കളെ താത്കാലികമായി റിക്രൂട്ട് ചെയ്യാനുള്ള സംവിധാനമാണ് അഗ്നിപഥ്. 2022 ജൂൺ 14നാണ് കേന്ദ്രമന്ത്രിസഭ പദ്ധതിക്ക് അംഗീകാരം നൽകിയത്. അഗ്‌നിപഥിനെതിരെ വലിയ പ്രതിഷേധമായിരുന്നു രാജ്യത്ത് അരങ്ങേറിയത്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവർ 'അഗ്നിവീർ' എന്നാണറിയപ്പെടുന്നത്. അഗ്നിവീർ ആയി തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപയാണ് ശമ്പളം. നാലു വർഷത്തിനു ശേഷം പിരിയുമ്പോൾ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരിൽനിന്ന് മികച്ച പ്രകടനം കാഴ്ചവെക്കുന്ന 25 ശതമാനം പേർക്ക് സൈന്യത്തിൽ തുടരാം.

പഠാനും കശ്മിർ ഫയൽസും

2022ലെ ഏറ്റവും വലിയ വിവാദ സിനിമയാണ് ഹിന്ദുത്വ പ്രൊപ്പഗണ്ട ചിത്രമായ കശ്മീർ ഫയൽസ്. മാർച്ച് 11ന് റിലീസ് ചെയ്തതു മുതൽ കശ്മീർ ഫയൽസ് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. വിവേക് അഗ്‌നിഹോത്രി രചനയും സംവിധാനവും നിർവ്വഹിച്ച സിനിമ കശ്മീരി പണ്ഡിറ്റുകളുടെ പലായന കഥ പറഞ്ഞ ചിത്രമാണ്. അനുപം ഖേർ, മിഥുൻ ചക്രവർത്തി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കശ്മീർ ഫയൽസ് സിനിമയുടെ വർഗീയ ധ്രുവീകരണത്തിനെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്ത് നടന്നത്. കശ്മീർ ഫയൽസ് വൃത്തികെട്ട പ്രൊപ്പഗണ്ട സിനിമയാണെന്നാരോപിച്ച് രാജ്യാന്തര ചലച്ചിത്രോത്സവ ജൂറി തലവൻ നദാവ് ലാപിഡ് പരസ്യമായി രംഗത്തെത്തിയിരുന്നു. അൻപത്തിമൂന്നാമത് ചലച്ചിത്രോത്സവത്തിന്റെ സമാനപനച്ചടങ്ങിലാണ് നദാവ് കാശ്മീർ ഫയൽസിനെതിരെ വിമർശനം ഉന്നയിച്ചത്.

ഷാരൂഖ് ഖാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പഠാൻ. ഷാരൂഖിന് പുറമെ ദീപിക പദുകോൺ, ജോൺ എബ്രഹാം എന്നിവരാണ് ചിത്രത്തിൽ മറ്റു വേഷങ്ങളിലെത്തുന്നത്. ഡിസംബർ 12 ന് ചിത്രത്തിലെ 'ബേഷറം രംഗ്' എന്ന പാട്ട് പുറത്തുവന്നതോടെയാണ് തീവ്രഹിന്ദുത്വ പ്രൊഫൈലുകളിൽ നിന്ന് ബഹിഷ്‌ക്കരണാഹ്വാനങ്ങൾക്ക് ചൂട് പിടിച്ചത്. ദീപികയുടെ വസ്ത്രം ചൂണ്ടിക്കാണിച്ചായിരുന്നു പ്രചാരണം. കാവി നിറത്തിലുള്ള ബിക്കിനിയാണ് ദീപിക ധരിച്ചിരിക്കുന്നത്. ഇതിലൂടെ മത വികാരം വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം. ചിത്രത്തിനെതിരെ നിരവധി പരാതികളും പൊലീസ് സ്റ്റേഷനുകളിൽ എത്തിയിരുന്നു. ചിത്രത്തിൽ ചില മാറ്റങ്ങൾ വേണമെന്നാവശ്യപ്പെട്ട് ഇപ്പോൾ സെൻസർ ബോർഡ് രംഗത്തെത്തിയിരിക്കുകയാണ്. ഗാനങ്ങളിൽ ഉൾപ്പെടെ ചില മാറ്റങ്ങൾ വരുത്താനും പുതുക്കിയ പതിപ്പ് സമർപ്പിക്കാനും നിർമാതാക്കളോട് സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്. ചിത്രം ജനുവരി 15ന് തീയറ്ററുകളിലെത്തും.

നിർണായക തെരഞ്ഞെടുപ്പുകൾ

പഞ്ചാബ്

കോൺഗ്രസിനെ കൈവിടാത്ത സംസ്ഥാനമായിരുന്നു പഞ്ചാബ്. എന്നാൽ ഇത്തവണ കാര്യങ്ങൾ മാറിമറിഞ്ഞു. ഫെബ്രുവരി 20 ന് നടന്ന തെരഞ്ഞെടുപ്പിൽ 117 അംഗ നിയമസഭയിൽ ആം ആദ്മിക്കായിരുന്നു നറുക്ക് വീണത്. തുടർന്ന് ഭഗവന്ത് മൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 77 സീറ്റുകൾ നേടി കോൺഗ്രസ് ഭൂരിപക്ഷം നേടിയിരുന്നു. അവിടെ നിന്നും ഇന്നത്തെ അവസ്ഥയിലെത്തിയത് പഞ്ചാബ് കോൺഗ്രസിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ്.

ഉത്തർ പ്രദേശ്

403 അംഗ നിയമസഭയിൽ 255 സീറ്റുകളിൽ വിജയിച്ച ബി.ജെ.പി 41.06 ശതമാനം വോട്ടോടെ യുപിയിൽ അധികാരം നിലനിർത്തി. ചരിത്രത്തിൽ ആദ്യമായാണ് ബിജെപിക്ക് സംസ്ഥാനത്ത് ഇത്രയും കൂടുതൽ വോട്ടുവിഹിതം ലഭിക്കുന്നത്. തുടർന്ന് രണ്ടാം തവണയും മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. 2017ൽ 39 ശതമാനം വോട്ടു വിഹിതത്തിൽ 312 സീറ്റാണ് ബി.ജെ.പി നേടിയിരുന്നത്. അമ്പത്തിയേഴ് സീറ്റുകളുടെ കുറവുണ്ടെങ്കിലും രണ്ടു ശതമാനത്തിലേറെ അധികം വോട്ടാണ് ഇത്തവണ ബി.ജെ.പിക്കു കിട്ടിയത്.

ഗോവ

കനത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ഗോവ ഇത്തവണ സാക്ഷിയായത്. വലിയ പ്രതീക്ഷയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട കോൺഗ്രസ് ഗോവയിൽ തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. 40 സീറ്റിൽ 20 സീറ്റ് നേടി സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബി.ജെ.പി മാറി. കുതിരക്കച്ചവടമടക്കം ബി.ജെ.പിയുടെ മുഴുവൻ തന്ത്രങ്ങളെയും തടയാൻ കരുതലോടെയാണ് കോൺഗ്രസ് നീക്കങ്ങൾ നടത്തിയതെങ്കിലും വിജയം കാണാതെ പോവുകയായിരുന്നു.

ഉത്തരാഖണ്ഡ്

21 വർഷത്തെ സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഒരു മുന്നണിക്ക് ഭരണത്തുടർച്ച ലഭിക്കുന്നത്. രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് അഞ്ചു വർഷം കൂടുമ്പോൾ കോൺഗ്രസും ബി.ജെ.പിയും മാറിമാറിയാണ് ഭരിച്ചിരുന്നത്. ഇത്തവണ ആ ചരിത്രമാണ് ബി.ജെ.പി തിരുത്തിയെഴുതിയത്. 70 അംഗ നിയമസഭയിൽ 47 സീറ്റുകളാണ് ബി.ജെ.പി നേടിയത്. തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും പാർട്ടിയുടെ ചരിത്രവിജയത്തിന്റെ ശിൽപിയെന്ന നിലയ്ക്ക് ധാമിക്ക് ഒരുതവണ കൂടി അവസരം നൽകാൻ ബി.ജെ.പി നേതൃത്വം തീരുമാനിക്കുകയായിരുന്നു.

മണിപ്പൂർ

60 നിയമസഭാ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പിൽ 29 സീറ്റുകളിൽ വിജയിച്ച ബി.ജെ.പി മണിപ്പൂരിൽ ഭരണം നിലനിർത്തുകയായിരുന്നു. തുടർച്ചയായ രണ്ടാം തവണയാണ് എൻ. ബിരേൻ സിങിനെ തന്നെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കുന്നത്.

ഗുജറാത്ത്

ബിജെപിയുടെ ചരിത്രനേട്ടത്തിനാണ് ഗുജറാത്ത് ഇത്തവണ സാക്ഷിയായത്. രണ്ടു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. ഡിസംബർ 1നും 5 നുമാണ് നടന്ന തെരഞ്ഞടുപ്പിൽ 156 സീറ്റുകളുടെ വൻ ഭൂരിപക്ഷത്തിൽ ബി.ജെ.പി ഭരണം നിലനിർത്തി. മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു.

ഹിമാചൽ പ്രദേശ്

കോൺഗ്രസിന് കാത്തിരുന്ന കിട്ടിയ വിജയമാണ് ഹിമാചലിലെതെന്ന് പറയാം. നവംബർ 12 ന് നടന്ന തെരഞ്ഞെടുപ്പിൽ 40 സീറ്റിലാണ് കോൺഗ്രസ് വിജയിച്ചത്. മുഖ്യമന്ത്രിയായി സുഖ് വീന്ദർ സിങ് സുഖുവും ഉപമുഖ്യമന്ത്രിയായി മുകേഷ് അഗ്‌നിഹോത്രിയും ചുമതലയേറ്റു.

2023ൽ ഒമ്പത് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനാണ് രാജ്യം സാക്ഷ്യം വഹിക്കുക. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഈ തെരഞ്ഞെടുപ്പുഫലങ്ങൾ നിർണായകമാവും.

TAGS :

Next Story