Quantcast

ഉത്തരാഖണ്ഡിൽ തുടക്കം മുതൽ ബി.ജെ.പി കുതിപ്പ്; പ്രതീക്ഷകൾ തകർന്നടിഞ്ഞ് കോൺഗ്രസ്

അഞ്ചുവർഷം കൂടുമ്പോൾ കോൺഗ്രസും ബി.ജെ.പിയും മാറിമാറിയാണ് ഭരിച്ച ചരിത്രം ഇത്തവണ തിരുത്തിക്കുറിക്കും

MediaOne Logo

Web Desk

  • Published:

    10 March 2022 6:58 AM GMT

ഉത്തരാഖണ്ഡിൽ തുടക്കം മുതൽ ബി.ജെ.പി കുതിപ്പ്; പ്രതീക്ഷകൾ തകർന്നടിഞ്ഞ് കോൺഗ്രസ്
X

ഉത്തരാഖണ്ഡിന്റെ ദേവഭൂമിയിൽ ശക്തമായ ആധിപത്യം ഉറപ്പാക്കി ബി.ജെ.പി. വോട്ടെണ്ണൽ നാലുമണിക്കൂർ പിന്നിടുമ്പോൾ 47 സീറ്റുകളിൽ വ്യക്തമായ ലീഡുയർത്തിയാണ് ബി.ജെ.പി ചരിത്ര വിജയത്തിലേക്ക് കടക്കുന്നത്. രണ്ട് പതിറ്റാണ്ട് മാത്രം പ്രായമുള്ള സംസ്ഥാനത്ത് അഞ്ചുവർഷം കൂടുമ്പോൾ കോൺഗ്രസും ബിജെപിയും മാറിമാറിയാണ് ഭരിച്ചിരുന്നത്. ഇത്തവണ ആ ചിത്രം ബി.ജെ.പി തിരുത്തിയെഴുതുമെന്ന് ഏറെക്കുറെ ഉറപ്പാക്കി. വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിൽ ബി.ജെ.പിയും കോൺഗ്രസും ഒപ്പത്തിനൊപ്പമായിരുന്നു ലീഡുയർത്തിയത്. ഒരു ഘട്ടത്തിൽ ഇരുപാർട്ടികളും 14 വീതം സീറ്റുകളിൽ ലീഡുയർത്തിയിരുന്നു.

എന്നാൽ അതിന് ശേഷം ബി.ജെ.പി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. കോൺഗ്രസിനാകട്ടെ പിന്നീട് മുന്നോട്ട് കുതിക്കാൻ സാധിച്ചില്ല. നാലുമണിക്കൂറിപ്പുറം കോൺഗ്രസ് 20 സീറ്റിൽ മാത്രമാണ് ലീഡുയർത്തുന്നത്. ഭരണത്തിലുള്ള ബിജെപിയും കോൺഗ്രസും തമ്മിലാണ് പ്രധാന പോരാട്ടമെങ്കിലും ഇരു പാർട്ടികളുടെയും വോട്ട് പിടിക്കാൻ ഇത്തവണ ആം ആദ്മി പാർട്ടിയും രംഗത്തുണ്ടായിരുന്നു. ആം ആദ്മിയാകട്ടെ ഒരവസരം തരൂ എന്ന അവരുടെ മുദ്രാവാക്യമാണ് തെരഞ്ഞെടുപ്പിൽ ഉടനീളം ഉയത്തിപ്പിടിച്ചത്. എന്നാൽ ഒരു സീറ്റിൽ പോലും ലീഡുയർത്താൻ ആം ആദ്മി പാർട്ടിക്ക് സാധിച്ചില്ല. മറ്റുള്ള പാര്‍ട്ടികള്‍ മൂന്ന് സീറ്റുകളില്‍ മുന്നേറ്റം നടത്തുന്നുണ്ട്.

ഇന്ത്യയുടെ ഇരുപത്തിയേഴാമത് സംസ്ഥാനമായി 2000 നവംബർ ഒമ്പതിനാണ് ഉത്തരാഖണ്ഡ് രൂപീകൃതമാകുന്നത്. 53,483 ചതുരശ്ര കിലോമീറ്റർ പരന്നുകിടക്കുന്ന സംസ്ഥാനത്ത് 13 ജില്ലകളാണ് ഉള്ളത്. പതിനൊന്ന് കോടിയാണ് ആകെ ജനസംഖ്യ. 2002 ൽ സംസ്ഥാന രൂപീകരണത്തിന് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ ആകെയുള്ള 70 സീറ്റീൽ 36 സീറ്റുകൾ നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. 2007 ൽ അധികാരം നഷ്ടമായെങ്കിലും 2012 ൽ വീണ്ടും ഭരണത്തിലെത്താൻ സാധിച്ചു. 2017 ൽ വീണ്ടും തിരിച്ചടി നേരിട്ടു. 70 ൽ 57 സീറ്റും നേടിയാണ് 2017 ൽ ബിജെപി അധികാരത്തിലെത്തിയത്. കോൺഗ്രസ് 11 സീറ്റിലേക്ക് പിന്തള്ളപ്പെടുകയായിരുന്നു. ഇത്തവണ 152 സ്വതന്ത്രർ അടക്കം 632 സ്ഥാനാർഥികളാണ് ഉത്തരാഖണ്ഡിൽ മത്സര രംഗത്തുണ്ടായിരുന്നത്.

അതേ സമയം ഇത്തവണത്തെ പ്രധാന മത്സരാർഥികളായിരുന്ന നിലവിലെ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയും കോൺഗ്രസിന്റെ ഹരീഷ് റാവത്തും ഇപ്പോൾ ഏറെ പിന്നാലാണ്. സിറ്റിങ് മുഖ്യമന്ത്രിമാർ തോൽക്കുന്ന ചരിത്രമാണ് ഇതുവരെ ഉത്തരാഖണ്ഡിൽ ആവർത്തിച്ചുപോന്നിരുന്നത്. 17 ലെ മുഖ്യമന്ത്രി സ്ഥാനാർഥിയായിരുന്നു ഹരീഷ് റാവത്ത്. ഉദ്ദം സിംഗ് നഗർ ജില്ലയിലെ കിച്ച മണ്ഡലത്തിൽ നിന്നും ഹരിദ്വാർ ജില്ലയിലെ ഹരിദ്വാർ റൂറൽ മണ്ഡലത്തിൽ നിന്നുമാണ് ഹരീഷ് ജനവിധി തേടിയത്. എന്നാൽ രണ്ടിടത്തും വൻ തോൽവിയാണ് ഹരീഷിനെ കാത്തിരുന്നത്. ഹരിദ്വാർ റൂറലിൽ പന്ത്രണ്ടായിരം വോട്ടുകൾക്കും കിച്ചയിൽ രണ്ടായിരത്തോളം വോട്ടുകൾക്കും ദയനീയമായി തോറ്റു. 2012 ൽ മുഖ്യമന്ത്രി സ്ഥാനാർഥിയായ ഖണ്ഡൂരിയും ദയനീയമായി തോറ്റിരുന്നു. ഏതായാലും ആ ചരിത്രം ഇത്തവണ ധാമി മാറ്റുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

TAGS :

Next Story