Quantcast

ബിജെപി രാഖി കെട്ടേണ്ടത് ബിൽക്കീസ് ബാനുവിന്റെയും ​ഗുസ്തി താരങ്ങളുടേയും കൈയിൽ; ഉദ്ധവ് താക്കറെ

സീറ്റ് വിഭജന ചർച്ചകൾ 'ഇൻഡ്യ' മുന്നണി ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും നാളത്തെ യോ​ഗത്തിൽ ഇതു സംബന്ധിച്ച ചർച്ച നടന്നേക്കുമെന്നും എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു.

MediaOne Logo

Web Desk

  • Updated:

    2023-08-30 12:40:40.0

Published:

30 Aug 2023 12:00 PM GMT

ഉദ്ധവ് താക്കറെ
X

മുംബൈ: പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ' മുന്നണിയുടെ മൂന്നാം യോഗം നാളെ മുംബൈയിൽ നടക്കാനിരിക്കെ ബിജെപിക്കതിരെ ആഞ്ഞടിച്ച് ശിവസേന യുബിടി നേതാവ് ഉദ്ധവ് താക്കറെ. ബിജെപി രാഖി കെട്ടേണ്ടത് ​ഗുജറാത്ത് കലാപത്തിനിടെ കൂട്ടബലാത്സം​ഗത്തിന് ഇരയായ ബിൽക്കീസ് ബാനുവിനും ബിജെപി നേതാവ് ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ പീഡനത്തിന് ഇരയായി നീതിക്കായി സമരം ചെയ്ത ​വനിതാ ​ഗുസ്തി താരങ്ങളുടേയും കൈയിലാണെന്ന് അദ്ദേഹം പറഞ്ഞു.

'ഇന്ന് രക്ഷാബന്ധൻ ദിവസമാണ്. ബിൽക്കീസ് ബാനു, മണിപ്പൂരിലെ സ്ത്രീകൾ, വനിതാ ​ഗുസ്തി താരങ്ങൾ എന്നിവരുടെ കൈകളിലാണ് ബിജെപി രാഖി കെട്ടേണ്ടത്. അവർക്ക് ഈ രാജ്യത്ത് സുരക്ഷിതത്വം അനുഭവപ്പെടണം. അതിനാണ് ഞങ്ങൾ ഒരുമിക്കുന്നത്'- മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

അതേസമയം, സീറ്റ് വിഭജന ചർച്ചകൾ 'ഇൻഡ്യ' മുന്നണി ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് എൻസിപി നേതാവ് ശരദ് പവാർ പറഞ്ഞു. നാളത്തെ യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യാൻ സാധ്യതയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, നിലവിൽ മുന്നണിയുടെ ഭാഗമായ പാർട്ടികൾക്ക് പുറമെ മറ്റു ചില പാർട്ടികളും യോഗത്തിൽ പങ്കെടുത്തേക്കും.

നേരത്തെ, ബിഹാറിലെ പട്നയിലും കർണാടകയിലെ ബെം​ഗളൂരുവിലുമായി രണ്ട് യോ​ഗങ്ങൾ പ്രതിപക്ഷ മുന്നണി നടത്തിയിരുന്നു. സംസ്ഥാന തലത്തിൽ സീറ്റുകളുടെ വിഭജനം മുഖ്യ അജണ്ടയായ യോഗത്തിൽ ഇത്തവണ സോണിയാ ഗാന്ധിയും പങ്കെടുക്കും. സീറ്റ് വിഭജനത്തെ ചൊല്ലി ഡൽഹിയിൽ ആംആദ്മി പാർട്ടിയും കോൺഗ്രസും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തിന് എത്രയും പെട്ടന്ന് പരിഹാരം കാണും.

ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്- സിപിഎം കൂട്ടുകെട്ടിനെ മമത ബാനർജി വിമർശിച്ചിരുന്നെങ്കിലും ഇത് ദേശീയ തലത്തിലെ സഖ്യത്തെ ബാധിക്കില്ല എന്നും മമത തന്നെ വ്യക്തമാക്കിയിരുന്നു. നാളെ നടക്കുന്ന യോഗത്തിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ഏതാനും ചെറു പാർട്ടികളും പങ്കെടുക്കുമെന്ന സൂചനയുണ്ട്.

ഇത്തവണയും യോഗത്തിൽ പങ്കെടുക്കില്ലെന്ന് അറിയിച്ച മായാവതി, ബിഎസ്പി ഇൻഡ്യ മുന്നണിക്ക് പുറത്ത് നിന്ന് ഒറ്റയ്ക്ക് മൽസരിക്കുമെന്നും അറിയിച്ചു. മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യം മുന്നണി യോഗത്തിനായുള്ള അവസാന വട്ട ഒരുക്കത്തിൽ ആണ്. ഇന്ത്യയുടെ ഐക്യം വിളിച്ചോതുന്ന ലോഗോ പ്രകാശനവും 'ഇൻഡ്യ' മുന്നണി കൺവീനർ സ്ഥാനം സംബന്ധിച്ച ചർച്ചയും യോഗത്തിൽ ഉണ്ടാകും.

TAGS :

Next Story