ബംഗാളിൽ ബിജെപി- ടിഎംസി രാഷ്ട്രീയ പോര് പുതിയ തലത്തിലേക്ക്; വ്യാപക പ്രചാരണത്തിന് മമത, കോടതിയെ സമീപിച്ച് ഇഡി
മമതയ്ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹരജി ഉടൻ സുപ്രീംകോടതി പരിഗണിക്കും

- Published:
11 Jan 2026 8:13 AM IST

കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ബംഗാളിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ ഇടപെടലിനെ ചൊല്ലി തൃണമൂൽ കോൺഗ്രസ്-ബിജെപി പോര് കനക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ രാഷ്ട്രീയ നീക്കത്തിൽ സംസ്ഥാന വ്യാപക പ്രചാരണത്തിന് തയ്യാറെടുക്കുകയാണ് തൃണമൂൽ കോൺഗ്രസ്.
മമതയ്ക്കെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹരജി ഉടൻ സുപ്രീംകോടതി പരിഗണിക്കും. ഐപാക്ക് ഓഫീസിൽ ഇഡി നടത്തിയ റെയ്ഡ് ബിജെപിക്കെതിരായ പ്രചാരണ ആയുധമാക്കുകയാണ് മമതാ ബാനർജി. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് ഡൽഹിയിൽ അമിത് ഷാ കാര്യങ്ങൾ തീരുമാനിക്കുന്നതെന്ന് മമതാ ബാനർജി കുറ്റപ്പെടുത്തി. വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ബിജെപിക്കും കേന്ദ്ര ഏജൻസികൾക്കും എതിരായ ക്യാമ്പയിൻ ആരംഭിക്കുമെന്ന് നേതാക്കൾ പറഞ്ഞു.
അതേസമയം റെയ്ഡ് തടഞ്ഞ് രേഖകൾ കൈക്കലാക്കിയ മുഖ്യമന്ത്രി മമതാ ബാനർജിക്കെതിരെ സിബിഐ അന്വേഷണം വേണമെന്നാണ് ഇഡിയുടെ ആവശ്യം. സംഭവത്തിൽ ബംഗാൾ പൊലീസ് കാഴ്ചക്കാരായി നിന്നതിനാൽ സുതാര്യമായ അന്വേഷണം വേണമെന്നും ഇഡി ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ടിഎംസിയുടെ അഴിമതികൾ പുറത്തുവരുന്ന ഭയത്തിലാണ് ഇഡിയുടെ അന്വേഷണത്തെ തടസ്സപ്പെടുത്തിയത് എന്നാണ് ബിജെപിയുടെ വിമർശനം.
പ്രതിപക്ഷ സംസ്ഥാനങ്ങളിലെ ഇഡി നടപടിക്കെതിരെ വിമർശനങ്ങളും ശക്തമാവുകയാണ്. മോദി സർക്കാരിൻ്റെ ദൈവമാണ് ഇഡിയെന്ന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കുറ്റപ്പെടുത്തി. മമത ബാനർജിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപപ്പെടുത്തുന്ന സംഘത്തിലെ പ്രധാന അംഗമായ പ്രതീക് ജെയിനിന്റെ വസതിയിലും സാൾട്ട് ലേക്ക് സെക്ടർ അഞ്ചിലുള്ള ഗോദ്റെജ് വാട്ടർസൈഡ് കെട്ടിടത്തിലെ കമ്പനിയുടെ ഓഫീസിലുമാണ് ഇഡി റെയ്ഡ് നടത്തിയത്. റെയ്ഡുകളെക്കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്നതോടെ ടിഎംസി നേതാക്കൾ സാൾട്ട് ലേക്ക് ഓഫീസിന് പുറത്ത് പ്രതിഷേധിച്ചിരുന്നു.
Adjust Story Font
16
