Quantcast

തന്റെ സനാതന ധർമ പരാമർശം പ്രധാനമന്ത്രിയും ബിജെപിയും വളച്ചൊടിച്ചു; ഉദയനിധി സ്റ്റാലിൻ

'പരാമർശത്തിന് തന്നോട് ക്ഷമ ചോദിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ മാപ്പ് പറയില്ലെന്ന് താൻ പറഞ്ഞു'.

MediaOne Logo

Web Desk

  • Updated:

    2023-12-05 16:15:41.0

Published:

5 Dec 2023 3:54 PM GMT

BJP twisted my words, magnified it Says Udhayanidhi Stalin on Sanatana Dharma row
X

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും സനാതന ധർമത്തെക്കുറിച്ചുള്ള തന്റെ പരാമർശങ്ങൾ വളച്ചൊടിക്കുകയും പെരുപ്പിച്ചുകാട്ടുകയും ചെയ്തെന്ന് ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി മോദി തന്റെ പ്രസംഗം തെറ്റായി ചിത്രീകരിച്ചെന്നും ഉദയനിധി സ്റ്റാലിൻ പറഞ്ഞു. കരൂർ ജില്ലയിൽ നടന്ന യൂത്ത് കേഡർ യോഗത്തിൽ സംസാരിക്കവെയാണ് ഉദയനിധിയുടെ പ്രതികരണം.

“ഞാൻ വംശഹത്യക്ക് ആഹ്വാനം ചെയ്തതായി പ്രധാനമന്ത്രി പറഞ്ഞു, എന്നാൽ താൻ പറയാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. താൻ ഒരു കോൺഫറൻസിൽ പങ്കെടുത്ത് മൂന്ന് മിനിറ്റ് സംസാരിച്ചു. ഒരു വിവേചനവുമില്ലാതെ എല്ലാവരേയും തുല്യമായി കാണണമെന്നും ഇല്ലെങ്കിൽ വിവേചനം ഇല്ലാതാക്കണമെന്നും പറഞ്ഞു. പക്ഷേ അവർ അതിനെ വളച്ചൊടിച്ച് വലുതാക്കി ഇന്ത്യ മുഴുവൻ തന്നെക്കുറിച്ച് സംസാരിക്കാൻ പ്രേരിപ്പിച്ചു- ഉദയനിധി സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

“ഏതോ ആൾദൈവം തന്റെ തല വെട്ടുന്നവർക്ക് 5-10 കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. നിലവിൽ കേസ് കോടതിയിൽ നടക്കുന്നതിനാൽ കോടതിയിൽ വിശ്വാസമുണ്ട്. പരാമർശത്തിന് തന്നോട് ക്ഷമ ചോദിക്കാൻ ആവശ്യപ്പെട്ടു. പക്ഷേ മാപ്പ് പറയില്ലെന്ന് താൻ പറഞ്ഞു. താൻ സ്റ്റാലിന്റെ മകനാണെന്നും കലൈഞ്ജറുടെ ചെറുമകനാണെന്നും പറഞ്ഞു. താൻ അവരുടെ ആശയങ്ങൾ ഉയർത്തിപ്പിടിക്കുക മാത്രമാണ് ചെയ്തത്“- ഉദയനിധി കൂട്ടിച്ചേർത്തു.

സനാതന ധര്‍മം ഡെങ്കിയും മലേറിയയും പോലെയാണെന്നും എതിര്‍ക്കുകയല്ല, തുടച്ചുനീക്കുകയാണ് വേണ്ടതെന്നുമാണ് സെപ്തംബറിൽ സനാതന നിർമാർജന സമ്മേളനത്തിൽ സംസാരിക്കവെ ഉദയനിധി സ്റ്റാലിൻ പറഞ്ഞത്. സനാതന ധർമം സാമൂഹിക നീതിക്കും സമത്വത്തിനും എതിരാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ ബിജെപിയും സംഘ്പരിവാർ സംഘടനകളും വൻ പ്രതിഷേധവുമായി രം​ഗത്തെത്തുകയും ഭീഷണി ഉയരുകയും ചെയ്തിരുന്നു.

ജനസംഖ്യയുടെ 80 ശതമാനം പേരെ ഇല്ലാതാക്കണമെന്നാണ് ഉദയിനിധി ആഹ്വാനം ചെയ്യുന്നതെന്നായിരുന്നു ബി.ജെ.പി ഐടി സെൽ തലവൻ അമിത് മാളവ്യയുടെ ആരോപണം. എന്നാല്‍ സനാതന ധർമ അനുയായികളായ ആളുകളെ വംശഹത്യ ചെയ്യാൻ താൻ ഒരിക്കലും ആഹ്വാനം ചെയ്തിട്ടില്ലെന്ന് ബിജെപി നേതാവിന് മറുപടിയായി ഉദയനിധി സ്റ്റാലിൻ പറഞ്ഞിരുന്നു. തന്‍റെ വാക്കുകളിൽ ഉറച്ചു നിൽക്കുകയാണെന്നും സനാതന ധർമം മൂലം ദുരിതമനുഭവിക്കുന്ന പാർശ്വവൽക്കരിക്കപ്പെട്ട സമുദായങ്ങൾക്ക് വേണ്ടിയാണ് താൻ സംസാരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

വിവാദ പരാമർശത്തിൽ ഉദയനിധിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. സുപ്രിംകോടതി അഭിഭാഷകൻ വിനീത് ജിൻഡാലിന്റെ പരാതിയിൽ ഡൽഹി പൊലീസാണ് കേസെടുത്തത്. ഉദയനിധി സ്റ്റാലിൻ മാപ്പ് പറയണമെന്ന് കേന്ദ്ര മന്ത്രി അനുരാഗ് താക്കൂർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മാപ്പ് പറയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇതിനു പിന്നാലെയാണ്, അയോധ്യയിലെ സന്യാസി ജഗദ്ഗുരു പരമഹംസ ആചാര്യ ഉദയനിനി സ്റ്റാലിനെതിരെ കൊലവിളിയുമായി രം​ഗത്തെത്തിയത്. ഉദയനിധി സ്റ്റാലിന്റെ തല വെട്ടുന്നവർക്ക് 10 കോടി പരിതോഷികം നൽകുമെന്നായിരുന്നു പരമഹംസ ആചാര്യയുടെ ആഹ്വാനം. പ്രതീകാത്മകമായി മന്ത്രിയുടെ ചിത്രം വെട്ടുന്ന വീഡിയോ പങ്കുവച്ചായിരുന്നു ഇയാളുടെ പരാമർശം.


TAGS :

Next Story