Quantcast

​സിഖ് പൊലീസ് ഉദ്യോഗസ്ഥനെ ഖലിസ്ഥാനിയെന്ന് ആക്ഷേപിച്ച് ബി.ജെ.പി പ്രവർത്തകർ

ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയം നാണംകെട്ട വിധം ഭരണഘടനാപരമായ അതിർവരമ്പുകൾ ലംഘിച്ചെന്ന് മമത ബാനർജി

MediaOne Logo

Web Desk

  • Updated:

    2024-02-21 01:12:20.0

Published:

20 Feb 2024 3:28 PM GMT

west bengal police officer sikh
X

കൊൽക്കത്ത: സിഖ് പൊലീസ് ഉദ്യോഗസ്ഥനെ ബി.ജെ.പി പ്രവർത്തകർ ഖലിസ്ഥാനിയെന്ന് വിളിച്ച് ആക്ഷേപിച്ചു. പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവ് ശുഭേന്ദു അധികാരിയുടെ നേതൃത്വത്തിൽ സന്ദേശ്ഖാലിയിലേക്ക് പോകാനുള്ള ശ്രമം പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിനിടയിലാണ് സംഭവം.

ബി.ജെ.പി പ്രവർത്തകരും പൊലീസും തമ്മിലുണ്ടായ വാക്കേറ്റത്തിനിടെ ഒരാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥൻ ജസ്പ്രീത് സിങ്ങിനെ​ ഖലിസ്ഥാനിയെന്ന് വിളിച്ച് ആക്ഷേപിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ വൈറലായി.

പ്രതിഷേധക്കാർക്ക് പൊലീസ് ഉദ്യോഗസ്ഥൻ മറുപടി നൽകുന്നതും വീഡിയോയിൽ കാണാം. ‘ഞാൻ തലപ്പാവ് ധരിക്കുന്നതിനാ​ലാണോ നിങ്ങൾ എന്നെ ഖലിസ്ഥാനി എന്ന് വിളിക്കുന്നത്? ഇതിനെതിരെ ഞാൻ നടപടിയെടുക്കും. നിങ്ങൾക്ക് എന്റെ മതത്തെ ആക്രമിക്കാൻ കഴിയില്ല, നിങ്ങളുടെ മതത്തെക്കുറിച്ച് ഞാൻ ഒന്നും പറഞ്ഞിട്ടില്ല. ഇതാണോ നിങ്ങളുടെ നിലവാരം’ -പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു.

സംഭവത്തെ അപലപിച്ച് വെസ്റ്റ് ​ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രംഗത്തുവന്നു. ‘ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയം നാണംകെട്ട വിധം ഭരണഘടനാപരമായ അതിർവരമ്പുകൾ ലംഘിച്ചിരിക്കുന്നു. തലപ്പാവ് ധരിക്കുന്ന ഓരോരുത്തരും ബി.ജെ.പിക്കാർക്ക് ഖലിസ്ഥാനികളാണ്.

സിഖ് സഹോദരന്മാരുടെയും സഹോദരിമാരുടെയും പ്രശസ്തി തകർക്കാനുള്ള ഈ ശ്രമത്തെ ശക്തമായി അപലപിക്കുന്നു. ബംഗാളിന്റെ സാമൂഹിക ഐക്യം സംരക്ഷിക്കുന്നതിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു. അത് തകർക്കാനുള്ള ശ്രമങ്ങൾ തടയാൻ കർശനമായ നിയമ നടപടി സ്വീകരിക്കും -മമത ബാനർജി ട്വിറ്ററിൽ കുറിച്ചു. സംഭവത്തിൽ പ്രതിഷേധവുമായി സിഖ് സംഘടനകളും രംഗത്തുവന്നിട്ടുണ്ട്.

സന്ദേശ്ഖാലി സന്ദർശിക്കാൻ പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവും ബി.ജെ.പി എം.എൽ.എയുമായ സുവേന്ദു അധികാരിക്ക് ബംഗാൾ ഹൈക്കോടതി അനുമതി നൽകിയിരുന്നു. നോർത്ത് 24 പർഗാനാസിൽ സന്ദേശ്ഖാലിയിലെ തൃണമൂൽ കോൺഗ്രസ് പ്രാദേശിക നേതാവായ ഷാജഹാൻ ഷെയ്ഖിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം തുടരുകയാണ്.

സാധാരണക്കാരുടെ ഭൂമി തട്ടിയെടുത്തതിനു പുറമേ ഷാജഹാൻ ഷെയ്ഖും സഹായികളും സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നുണ്ട്. റേഷൻ കുംഭകോണക്കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡിനെത്തുടർന്ന് ഒന്നരമാസമായി ഒളിവിൽ കഴിയുകയാണ് ഷാജഹാൻ ഷെയ്ഖ്.

TAGS :

Next Story