വഖഫ് ഭൂമിയെ ചൊല്ലി തർക്കം; ഖബറടക്കം തടഞ്ഞ് ബിജെപി പ്രവർത്തകർ
ഉത്തരാഖണ്ഡിലെ നൈനിറ്റാളിലാണ് സംഭവം.

നൈനിറ്റാൾ: നൈനിറ്റാളിൽ രാംനഗറിലെ ഗൗജാനി പ്രദേശത്ത് വഖഫ് ഭൂമിയെ ചൊല്ലിയുള്ള തർക്കം വീണ്ടും രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മരിച്ച ഒരാളുടെ ഖബറടക്കം ബിജെപി പ്രവർത്തകർ തടഞ്ഞതോടെയാണ് വീണ്ടും സംഘർഷമുണ്ടായത്. വിഷയത്തിൽ ജില്ലാ ഭരണകൂടം ഇടപെടുകയും പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിക്കുകയും ചെയ്തിട്ടുണ്ട്.
ഇന്നലെ മരിച്ച ഒരാളുടെ ഖബറടക്കത്തിനായി കുടുംബം ഖബർ കുഴിക്കാൻ തുടങ്ങിയപ്പോൾ ബിജെപി പ്രവർത്തകരെത്തി തടയുകയായിരുന്നു. ഖബറടക്കത്തിന് അനുവദിച്ച സ്ഥലത്തല്ല ഖബർ കുഴിച്ചത് എന്നാണ് ഇവർ ആരോപിക്കുന്നത്. ഖബർ കുഴിച്ചത് ഖബറടക്കത്തിന് അനുവദിച്ച സ്ഥലത്തിന്റെ അതിർത്തിക്ക് പുറത്താണെന്നും, ഖബറടക്കത്തിന് അനുവദിച്ച സ്ഥലം ഇവിടെനിന്ന് 200 മീറ്റർ അകലെയാണെന്നും ബിജെപി നേതാവ് മദൻ ജോഷി പറഞ്ഞു.
On May 29, in Goujani, Ramnagar, Nainital, Uttarakhand, BJP leader Madan Joshi led a group of people to prevent the burial of a Muslim man’s body. While the Muslim community asserted that the land was part of their graveyard, Joshi claimed it was not and objected to the burial pic.twitter.com/xDQexuoMt5
— Mohd Shahnawaz Hussain (@Mohd_S_Hussain) May 29, 2025
സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പ്രമോദ് കുമാർ സ്ഥലത്തെത്തി ഇരുവിഭാഗവുമായി ചർച്ച നടത്തി. അന്തരീക്ഷം ശാന്തമാക്കാൻ ശ്രമം തുടരുകയാണെന്നും അനുമതിയില്ലാതെ തുടർനടപടികൾ പാടില്ലെന്നും ഇരുപക്ഷത്തോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തിന്റെ നിയന്ത്രണം പൂർണമായും പൊലീസ് ഏറ്റെടുത്തിട്ടുണ്ട്.
സംഘർഷം രൂക്ഷമായതോടെ ഏതാനും മുസ്‌ലിം യുവാക്കൾ പുതുതായി കുഴിച്ച ഖബറിൽ കിടന്ന് പ്രതിഷേധിച്ചു. പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു നീക്കി. നേരത്തെ അനുവദിച്ച സ്ഥലത്ത് ഖബറടക്കം നടത്താനും പുതിയ ഖബർ മണ്ണിട്ട് നികത്താനുമാണ് ജില്ലാ ഭരണകൂടം നൽകിയിരിക്കുന്ന നിർദേശം.
1994 മുതൽ ഈ ഭൂമിയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ട്. വഖഫ് ബോർഡാണ് പ്രശ്‌നം രൂക്ഷമാക്കുന്നതെന്നും യഥാർഥത്തിൽ ഈ ഭൂമി ഒരു ഹിന്ദു കുടുംബത്തിന്റേതാണെന്നും മദൻ ജോഷി ആരോപിച്ചു.
Adjust Story Font
16

