Quantcast

ലവ് ജിഹാദ് ആരോപിച്ച് പൂനെയിൽ സലൂൺ തകർത്ത് ബിജെപി പ്രവർത്തകർ; സാമ്പത്തിക തർക്കത്തെ തുടർന്നുള്ള വ്യാജ ആരോപണമെന്ന് പൊലീസ്

സലൂണിലെ ജീവനക്കാരിൽ ഒരാൾ ഹിന്ദു പെൺകുട്ടിയെ ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

MediaOne Logo

Web Desk

  • Published:

    9 April 2025 6:42 PM IST

BJP workers vandalise salon in Pune’s Kothrud alleging love jihad
X

പൂനെ: പൂനെയിലെ കോത്രുഡിൽ ലവ് ജിഹാദ് ആരോപിച്ച് സലൂൺ തകർത്ത് ബിജെപി പ്രവർത്തകർ. സലൂണിലെ ജീവനക്കാരിൽ ഒരാൾ ഹിന്ദു പെൺകുട്ടിയെ ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിച്ചുവെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

മുസ്‌ലിം യുവാവിനെ വിവാഹം കഴിക്കാൻ ഹിന്ദു പെൺകുട്ടിയെ സലൂണിലെ ജീവനക്കാരൻ നിർബന്ധിച്ചുവെന്ന് ബിജെപി പ്രവർത്തകയായ ഉജ്വല ഗൗഡ് ആരോപിച്ചു. പെൺകുട്ടിയുടെ താത്പര്യത്തിന് വിരുദ്ധമായി ഇസ്‌ലാം സ്വീകരിക്കാനും അവളെ നിർബന്ധിച്ചു. സംഭവം പുറത്തു പറയാതിരിക്കാൻ പെൺകുട്ടിക്ക് ഒരു ലക്ഷം രൂപ നൽകിയെന്നും ബിജെപി നേതാവ് ആരോപിച്ചു.

തിങ്കളാഴ്ച നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. കറുത്ത പെയ്ന്റുമായി സലൂണിലേക്ക് അതിക്രമിച്ചു കയറിയ ബിജെപി പ്രവർത്തകർ സലൂൺ ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും കട തകർക്കുകയും ചെയ്തു.

സലൂൺ ഉടമയായ ജാവേദിനെ പ്രവർത്തകർ മർദിച്ചു. ഇയാളെ പിന്നീട് പൊലീസിന് കൈമാറി. പെൺകുട്ടിയെ മതം മാറ്റാൻ ശ്രമം നടന്നതായി ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് കോത്രുഡ് ഡിസിപി സന്ദീപ് ദേശ്മാനെ പറഞ്ഞു. സലൂൺ ഉടമയായ ജാവേദും വനിതാ ജീവനക്കാരിയും തമ്മിലുള്ള സാമ്പത്തിക പ്രശ്‌നങ്ങളാണ് ആരോപണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.

ആരോപണമുന്നയിച്ച യുവതി സലൂൺ ഉടമയിൽ നിന്ന് പണം കടം വാങ്ങിയിരുന്നു. സമയത്ത് തിരിച്ചുകൊടുക്കാൻ കഴിയാത്തതിനാൽ ഇവർ ജോലി രാജിവെക്കാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതാണ് ലവ് ജിഹാദ് ആരോപണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story