Quantcast

സോണിയയെയും മുലായത്തെയും തോൽപ്പിക്കണം; ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി ബിജെപി

2004 മുതൽ തുടർച്ചയായി സോണിയാ ഗാന്ധി ജയിച്ചു വരുന്ന മണ്ഡലമാണ് റായ്ബറേലി

MediaOne Logo

Web Desk

  • Updated:

    2022-07-13 15:34:46.0

Published:

13 July 2022 12:21 PM GMT

സോണിയയെയും മുലായത്തെയും തോൽപ്പിക്കണം; ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി ബിജെപി
X

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിങ് യാദവിനെയും തോൽപ്പിക്കാൻ ബിജെപി പ്രത്യേക സംഘത്തിന് രൂപം നൽകിയതായി റിപ്പോർട്ട്. 2019ൽ രാഹുൽ ഗാന്ധിയെ അമേഠിയിൽ തോൽപ്പിച്ച മാതൃകയില്‍ ഈ മണ്ഡലങ്ങൾ പിടിച്ചെടുക്കാനാണ് ശ്രമം. യുപിയിലെ റായ്ബറേലിയിൽനിന്നാണ് സോണിയ ലോക്‌സഭയിലെത്തിയത്. മുലായം യുപിയിലെ തന്നെ മെയിൻപുരിയിൽ നിന്നും.

2004 മുതൽ തുടർച്ചയായി സോണിയാ ഗാന്ധി ജയിച്ചു വരുന്ന മണ്ഡലമാണ് റായ്ബറേലി. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിൽ യുപിയിൽ കോൺഗ്രസ് ജയിച്ച ഏക മണ്ഡലവും ഇതാണ്. ഗാന്ധി-നെഹ്‌റു കുടുംബത്തോട് വൈകാരിക അടുപ്പം സൂക്ഷിക്കുന്ന റായ്ബറേലി ഇന്ദിരാഗാന്ധിയെയും ഫിറോസ് ഗാന്ധിയെയും രണ്ടു തവണ വീതം ലോക്‌സഭയിലേക്ക് പറഞ്ഞയച്ചിട്ടുണ്ട്. 2019ൽ 1,67,178 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സോണിയ വിജയിച്ചത്. 2014ലെ തെരഞ്ഞെടുപ്പിൽ 3,52,713 വോട്ടായിരുന്നു ഭൂരിപക്ഷം.

1996 മുതൽ സമാജ്‌വാദി പാർട്ടി തുടർച്ചയായി ജയിച്ചു വരുന്ന മണ്ഡലമാണ് മെയിൻപുരി. മുലായം നാലു തവണയാണ് മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 94,389 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എസ്പി നേതാവ് ബിജെപിയുടെ പ്രേം സിങ് ഷാക്യയെ തോൽപ്പിച്ചത്. 2014ൽ എസ്പിയുടെ തേജ് പ്രതാപ് സിങ് യാദവിന് മൂന്നു ലക്ഷത്തിന് മുകളിലായിരുന്നു ഭൂരിപക്ഷം.

യുപിയിൽ പ്രതിപക്ഷത്തിന്റെ കൈയിലിരിക്കുന്ന 14 മണ്ഡലങ്ങൾ എങ്ങനെ പിടിച്ചെടുക്കാമെന്നതിൽ ഈ മാസം ആദ്യവാരം പ്രാദേശിക ഭാരവാഹികൾ തലസ്ഥാനമായ ലഖ്‌നൗവിൽ സമ്മേളിച്ചിരുന്നു. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കൃഷി മന്ത്രി നരേന്ദ്രസിങ് തോമർ, ശാസ്ത്ര-സാങ്കേതിക വകുപ്പു സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്, വിദ്യാഭ്യാസ മന്ത്രി അന്നപൂർണ ദേവി എന്നിവരാണ് ടാസ്‌ക് ഫോഴ്‌സിന് നേതൃത്വം നൽകുന്നതെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ടു ചെയ്യുന്നു. പാർട്ടി രാജ്യസഭാംഗം നരേഷ് ബൻസാലും സംസ്ഥാനത്തിന്റെ ചുമതലയുള്ള സംഘടനാ ജനറൽ സെക്രട്ടറി സുനിൽ ബൻസാലും ചർച്ചയിൽ പങ്കെടുത്തു.

എസ്പിയുടെ തട്ടകമായ അസംഗഡിൽ ധർമേന്ദ്ര യാദവിനെ അട്ടിമറിക്കാൻ കഴിഞ്ഞതിന് പിന്നാലെയാണ് പ്രതിപക്ഷ മണ്ഡലങ്ങള്‍ പിടിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമായത്. ഇതേ മാതൃക റായ്ബറേലിയിലേക്കും മെയിൻപുരിയിലേക്കും വ്യാപിപ്പിക്കാമെന്നാണ് നേതൃത്വം കരുതുന്നത്. കഴിഞ്ഞ വർഷം റായ്ബറേലിയിൽനിന്നുള്ള കോൺഗ്രസ് എംഎൽഎ അദിതി സിങ്ങിനെ ബിജെപി സ്വന്തം പാളയത്തിലെത്തിച്ചിരുന്നു. ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം സൂക്ഷിക്കുന്ന യുവ എംഎൽഎയായിരുന്നു അദിതി സിങ്.

2019ലെ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 80 മണ്ഡലങ്ങളിൽ 62 ഇടത്തും ബിജെപിയാണ് വിജയിച്ചത്. ബിഎസ്പി പത്തു സീറ്റു നേടി. എസ്പിക്ക് അഞ്ചിടത്തു മാത്രമേ വിജയിക്കാനായുള്ളൂ. പ്രിയങ്കാ ഗാന്ധി പ്രചാരണത്തിൽ സജീവമായി രംഗത്തിറങ്ങിയിട്ടും ഒരു സീറ്റിൽ മാത്രമാണ് കോൺഗ്രസ് വിജയിച്ചത്.

Summary: Upbeat after the twin bypoll victories in Rampur and Azamgarh, the BJP set its eyes on the Congress bastion of Rae Bareli and SP patriarch Mulayam Singh Yadav's fortress, Mainpuri.

TAGS :

Next Story