Quantcast

പഹൽഗാം ഭീകരാക്രമണം; ഒന്നാം പേജിന് കറുത്ത നിറവും വെള്ളയും ചുവപ്പും തലക്കെട്ടുകളും; ഇരയായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കശ്മീർ മാധ്യമങ്ങൾ

പാകിസ്താനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    24 April 2025 12:25 PM IST

പഹൽഗാം ഭീകരാക്രമണം; ഒന്നാം പേജിന് കറുത്ത നിറവും വെള്ളയും ചുവപ്പും തലക്കെട്ടുകളും; ഇരയായവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കശ്മീർ മാധ്യമങ്ങൾ
X

ജമ്മുകശ്മീർ: ജമ്മു കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിൽ വിനോദസഞ്ചാരികൾ ഉൾപ്പെടെ 26 പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് കശ്മീർ മാധ്യമങ്ങൾ. മുൻ പേജുകൾ കറുത്ത നിറത്തിൽ അച്ചടിച്ചാണ് കശ്മീരിലെ നിരവധി പ്രമുഖ പത്രങ്ങൾ പ്രതിഷേധിച്ചത്. വെള്ളയിലും ചുവപ്പിലും നൽകിയ ശക്തമായ തലക്കെട്ടുകൾ ഐക്യദാർഢ്യത്തിന്റെയും ദുഃഖത്തിന്റെയും പൊതു പ്രകടനമായിരുന്നു.

ഗ്രേറ്റര്‍ കശ്മീര്‍, റൈസിങ് കശ്മീര്‍, കശ്മീര്‍ ഉസ്മ, അഫ്താബ്, തൈമീല്‍ ഇര്‍ഷാദ് എന്നിവയുള്‍പ്പെടെയുള്ള ഇംഗ്ലീഷ്, ഉറുദു ദിനപത്രങ്ങള്‍ പരമ്പരാഗത രൂപകല്‍പ്പന ഉപേക്ഷിച്ച് ഇരുണ്ട കറുത്ത പശ്ചാത്തലം തിരഞ്ഞെടുത്തു. തലക്കെട്ടുകളും എഡിറ്റോറിയലുകളും വെള്ളയിലും ചുവപ്പിലും അച്ചടിച്ചു.

Gruesome: Kashmir Gutted, Kashmiris Grieving- 'ഭയാനകം: കശ്മീർ നശിച്ചു, കശ്മീരികൾ ദുഃഖിക്കുന്നു' എന്ന് പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഗ്രേറ്റർ കശ്മീർ കറുത്ത പശ്ചാത്തലത്തിൽ വെള്ള നിറത്തിൽ എഴുതിയ തലക്കെട്ടോടുകൂടി പ്രസിദ്ധീകരിച്ചു. 'ഭൂമിയിലെ പറുദീസ' എന്ന പൈതൃകം വീണ്ടെടുക്കാൻ ശ്രമിക്കുന്ന ജമ്മുകശ്മീർ പ്രദേശത്തിന് മേൽ ഈ ആക്രമണം ഇരുണ്ട നിഴൽ വീഴ്ത്തിയെന്ന് ഗ്രേറ്റർ കശ്മീറിന്റെ എഡിറ്റോറിയൽ പേജിൽ പറഞ്ഞു. സമാനമായ ഭാഷയും നിലപാടുമാണ് കശ്മീരിലെ ഉറുദു പത്രങ്ങളും സ്വീകരിച്ചത്.

ചൊവ്വാഴ്ചയാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ പെഹല്‍ഗാമില്‍ ഉച്ചയോടെയാണ് ഭീകരര്‍ സഞ്ചാരികള്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ഔദ്യോഗിക കണക്ക് പ്രകാരം 26 പേരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. 15 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പാകിസ്താനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുക, പാക് പൗരന്മാര്‍ക്ക് നല്‍കിയ വിസ റദ്ദാക്കുക തുടങ്ങി പാകിസ്താനെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായിരുന്നു. പാകിസ്താൻ സർക്കാരിന്റെ എക്സ് അക്കൗണ്ട് ഇന്ത്യ മരവിപ്പിച്ചു. ഗവൺമെന്റ് ഓഫ് പാകിസ്താൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്.

TAGS :

Next Story