Quantcast

എസ്‌ഐആർ: തഹസിൽദാറുടെ ഫോൺ വന്ന് മിനിറ്റുകൾക്കുള്ളിൽ ബിഎൽഒ ഹൃദയാഘാതം വന്ന് മരിച്ചു

ജോലി സമ്മർദം കാരണമാണ് ബിഎൽഒ മരിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    19 Nov 2025 10:24 PM IST

എസ്‌ഐആർ: തഹസിൽദാറുടെ ഫോൺ വന്ന് മിനിറ്റുകൾക്കുള്ളിൽ ബിഎൽഒ ഹൃദയാഘാതം വന്ന് മരിച്ചു
X

Representational Image

ജയ്പൂർ: രാജസ്ഥാനിൽ എസ്‌ഐആർ ജോലിക്കിടെ ബിഎൽഒ ഹൃദയാഘാതം വന്ന് മരിച്ചു. സവായ് മാധോപൂർ ജില്ലയിൽ ഇന്ന് രാവിലെയാണ് സംഭവം. തഹസിൽദാറുടെ ഫോൺകോൾ വന്ന് മിനിറ്റുകൾക്കുള്ളിലാണ് ബിഎൽഒ മരിച്ചതെന്ന് കുടുംബം പറഞ്ഞു. രാജ്യത്ത് ഈ മാസം മാത്രം കുറഞ്ഞത് നാല് ബിഎൽഒമാർ ജീവനൊടുക്കുകയോ ഹൃദയാഘാതം വന്ന് മരിക്കുകയോ ചെയ്തിട്ടുണ്ട്.

സേവ്തി ഖുർദ് സർക്കാർ സ്‌കൂളിലെ ഗ്രേഡ്-3 അധ്യാപകനായ ഹരിറാം എന്ന ഹരിഓം ഭൈരവ (34) ആണ് മരിച്ചത്. തഹസിൽദാറുടെ ഫോൺകോൾ വന്നതിന് പിന്നാലെ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർ മരണം സ്ഥിരീകരിച്ചു.

എസ്‌ഐആർ ജോലിയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥർ ഹരിറാമിന് മേൽ അമിത സമ്മർദം ചെലുത്തിയിരുന്നുവെന്നും ഇതുമൂലം കഴിഞ്ഞ ആറ് ദിവസമായി ഇയാൾ കടുത്ത സമ്മർദത്തിലായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ജോലിഭാരം കാരണം ഇയാൾ വീട്ടുകാരോട് പോലും സംസാരിക്കാറില്ലായിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു.

തഹസിൽദാർ എന്താണ് പറഞ്ഞത് എന്നറിയില്ലെന്നും ഫോൺ വന്ന് അഞ്ച് മിനിറ്റിനുള്ളിൽ ഹരിറാം കുഴഞ്ഞുവീണെന്നും പിതാവ് ബ്രിജ്‌മോഹൻ ബൈരവ പറഞ്ഞു. അതേസമയം ആരോപണങ്ങൾ തഹസിൽദാർ നിഷേധിച്ചു. മേലുദ്യോഗസ്ഥരുടെ നിർദേശങ്ങൾ ഹരിറാമിനെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഈ മാസം 16ന് ജയ്പൂരിലെ സർക്കാർ സ്‌കൂൾ അധ്യാപകനായ ബിഎൽഒ മുകേഷ് ജംഗിദ് ജീവനൊടുക്കിയിരുന്നു. ഇയാൾ ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. എസ്‌ഐആർ ജോലി ഭാരം കാരണം മുകേഷ് കടുത്ത സമ്മർദത്തിലായിരുന്നു എന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളും പറഞ്ഞിരുന്നു.

കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ബിഎൽഒ അനീഷ് മാത്യു നവംബർ 16ന് ജീവനൊടുക്കിയിരുന്നു. പശ്ചിമ ബംഗാളിലെ പുർബ ബർധമാൻ ജില്ലയിൽ ബിഎൽഒ ആയി നമിത ഹൻസ്ദ മസ്തിഷ്‌കാഘാതം കാരണം മരിച്ചിരുന്നു. കടുത്ത ജോലി സമ്മർദം മൂലമാണ് ഹൻസ്ദ മരിച്ചതെന്ന് ഇവരുടെ ഭർത്താവ് പറഞ്ഞിരുന്നു.

ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, രാജസ്ഥാൻ, തമിഴ്‌നാട്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, പുതുച്ചേരി, ആൻഡമാൻ നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിലാണ് എസ്‌ഐആർ നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശിച്ചിരിക്കുന്നത്. തമിഴ്‌നാട്, പുതുച്ചേരി, കേരളം, അസം എന്നീ സംസ്ഥാനങ്ങളിൽ അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.

TAGS :

Next Story