Quantcast

ഡല്‍ഹിക്ക് പിന്നാലെ ബോംബെ ഹൈക്കോടതിക്കും ബോംബ് ഭീഷണി

ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ഇന്ന് രാവിലെ ഒഴിപ്പിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    12 Sept 2025 6:05 PM IST

ഡല്‍ഹിക്ക് പിന്നാലെ ബോംബെ ഹൈക്കോടതിക്കും ബോംബ് ഭീഷണി
X

മുംബൈ: ബോംബെ ഹെക്കോടതി കെട്ടിടം സ്ഫോടനത്തില്‍ തകര്‍ക്കുമെന്ന് ഭീഷണി. ഭീഷണി സന്ദേശം ഇമെയില്‍ വഴി അധികൃതര്‍ക്ക് ലഭിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ബോംബെ ഹൈക്കോടതിയിലെ നടപടികള്‍ പെട്ടെന്ന് നിര്‍ത്തിവെച്ചു.

കോടതിയുടെ ഔദ്യോഗിക അക്കൗണ്ടിലേക്ക് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇമെയില്‍ ലഭിച്ചതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കാന്‍ ഉച്ചയ്ക്ക് 12.45 ഓടെ കോടതി പരിസരം ഒഴിപ്പിക്കാന്‍ തീരുമാനിക്കുകയും ബാര്‍ അസോസിയേഷനുകളോട് അവരുടെ അംഗങ്ങളെ അറിയിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് അഭിഭാഷകരും വ്യവഹാരികളും കോടതി ജീവനക്കാരും കെട്ടിടം വിട്ടുപോയി.

''കോടതി അധികൃതരുടെ അഭ്യര്‍ത്ഥനപ്രകാരം പോലീസിന് സമഗ്രമായ പരിശോധനകള്‍ നടത്താന്‍ കഴിയുന്ന തരത്തില്‍ എല്ലാ അംഗങ്ങളോടും സ്ഥലം ഒഴിയാന്‍ ഞങ്ങള്‍ അറിയിച്ചു.' അസോസിയേഷന്‍ പ്രതിനിധി പറഞ്ഞു.

ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ പ്രവീണ്‍ മുണ്ടെ, മറ്റ് ഉദ്യോഗസ്ഥര്‍, ബോംബ് ഡിറ്റക്ഷന്‍ ആന്‍ഡ് ഡിസ്പോസല്‍ സ്‌ക്വാഡ് (ബിഡിഡിഎസ്) എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

നിലവിലെ ഭീഷണി തട്ടിപ്പാണെന്ന് സംശയിക്കുന്നുണ്ടെന്നും എന്നാല്‍ എല്ലാ മുന്‍കരുതല്‍ നടപടികളും പാലിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

ഡല്‍ഹിയിലും സമാനമായ ഇ-മെയില്‍ വഴി ബോംബ് ഭീഷണി ലഭിച്ചതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ജീവനക്കാരെ നേരത്തെ ഒഴിപ്പിച്ചു. പോലീസും ബോംബ് സ്‌ക്വാഡും കോടതിയിലെത്തി കെട്ടിടം ഒഴിപ്പിച്ചു. സമഗ്രമായ തിരച്ചില്‍ നടത്തിവരികയാണ്.

ഡല്‍ഹി ഹൈക്കോടതിയില്‍ പരിഭ്രാന്തി പരത്തിയ മെയില്‍ വ്യാജമാണെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും കോടതിക്കുള്ളില്‍ പരിശോധനകള്‍ നടത്തി. ഇതുവരെ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ല. ഭീഷണി വ്യാജമാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

TAGS :

Next Story