ബിജെപി നേതാക്കളെ വിമർശിച്ച യുട്യൂബറെ എയർപോർട്ടിൽ തടഞ്ഞുവെച്ചതിൽ മഹാരാഷ്ട്ര സർക്കാറിന് നോട്ടീസ് അയച്ച് ബോംബെ ഹൈക്കോടതി
'പൊലീസിൻ്റെ നടപടി തികച്ചും ഏകപക്ഷീയവും അധികാര ദുർവിനിയോഗവും'- എന്ന് ഹരജിയിൽ പറയുന്നു

- Published:
24 Jan 2026 1:05 PM IST

മുംബൈ: ബിജെപി നേതാക്കളെ വിമർശിച്ച് സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചതിന് മുംബൈ എയർപോർട്ടിൽ ബ്രിട്ടീഷ് പൗരനായ ഡോക്ടറെ തടഞ്ഞുവെച്ചതിൽ മഹാരാഷ്ട്ര സർക്കാറിന് നോട്ടീസ് അയച്ച് ബോംബെ ഹൈക്കോടതി. തനിക്കെതിരെ മുംബൈ പൊലീസ് പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് നിയമവിരുദ്ധമാണെന്ന് പറഞ്ഞ് കോടതിയെ സമീപിച്ച സംഗ്രാം പാട്ടീലിന്റെ ഹരജി പരിഗണിക്കവേയാണ് സർക്കാറിന് ഹൈക്കോടതി നോട്ടീസ് അയച്ചത്. ഫെബ്രുവരി നാലിന് വീണ്ടും ഹരജി പരിഗണിക്കും. ഇന്ത്യൻ വംശജനായ ബ്രിട്ടീഷ് പൗരനായ ഡോക്ടറാണ് സംഗ്രാം പാട്ടീൽ. ഇദ്ദേഹം ഒരു യുട്യൂബർ കൂടിയാണ്.
പൊലീസിന്റെ നടപടി തികച്ചും ഏകപക്ഷീയവും അധികാര ദുർവിനിയോഗവുമാണെന്ന് സാംഗ്രാം പാട്ടീലിന്റെ അഭിഭാഷകർ വാദിച്ചു. പ്രാഥമിക അന്വേഷണമോ കൃത്യമായ പരിശോധനയോ ഇല്ലാതെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പ്രകോപനപരമായ പ്രസംഗങ്ങളോ അക്രമത്തിനുള്ള ആഹ്വാനമോ പോസ്റ്റിൽ ഉണ്ടായിരുന്നില്ല. ജാതി-മത വിദ്വേഷം വളർത്തുന്ന ഒന്നും അതിലില്ലെന്നും അഭിഭാഷകർ പറഞ്ഞു. എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് ദിവസങ്ങൾക്കുള്ളിലാണ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. ജനുവരി 19-ന് യുകെയിലേക്ക് മടങ്ങാനിരുന്ന തന്റെ യാത്ര തടസ്സപ്പെട്ടെന്നും സാംഗ്രാം പട്ടീൽ പറഞ്ഞു.
ബിജെപി ഐടി സെൽ പ്രവർത്തകനായ നിഖിൽ ഭാംറെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എൻ.എം ജോഷി മാർഗ് പൊലീസ് കേസെടുത്തിരിക്കുന്നത്. 'ഷെഹർ വികാസ് അഘാഡി' എന്ന ഫേസ്ബുക്ക് പേജിലെ വിവാദമായ പോസ്റ്റ് സാംഗ്രാം പാട്ടീൽ പങ്കുവെച്ചതിനാണ് കേസ് രജിസ്റ്റർ ചെയ്ത് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരിക്കുന്നത്. ജനുവരി 10-ന് മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സാംഗ്രാം പാട്ടീലിനെ പൊലീസ് തടഞ്ഞുവെച്ചത്. തനിക്കെതിരെ എഫ്‌ഐആർ ഉള്ള വിവരം അറിയില്ലായിരുന്നുവെന്നും സാംഗ്രാം പാട്ടീൽ പറഞ്ഞു. ജസ്റ്റിസ് അശ്വിൻ ഡി. ദോബയാണ് ഹരജി പരിഗണിച്ചത്.
Adjust Story Font
16
