തമിഴ്നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവം: റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തി; അട്ടിമറി സാധ്യത പരിശോധിക്കുന്നു
അപകടസ്ഥലത്ത് നിന്ന് 100 മീറ്റർ മാറി റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തുന്നത്

തിരുവള്ളൂർ: തമിഴ്നാട് തിരുവള്ളൂരിൽ ചരക്ക് ട്രെയിനിന് തീപിടിച്ച സംഭവത്തിൽ അട്ടിമറി സാധ്യത പരിശോധിക്കുന്നു. അപകടസ്ഥലത്ത് നിന്ന് 100 മീറ്റർ മാറി റെയിൽവേ ട്രാക്കിൽ വിള്ളൽ കണ്ടെത്തിയതിനെ തുടർന്നാണ് പരിശോധന നടത്തുന്നത്. വിള്ളൽ ഏതെങ്കിലും തരത്തിൽ അപകടത്തിന് കരണമായിട്ടുണ്ടോ എന്ന് ഉദ്യോഗസ്ഥർ പരിശോധന തുടരുകയാണ്. റയിൽവെയുടെ ഉന്നത ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.
ട്രെയിനിന്റെ 75 ശതമാനത്തോളം തീയണക്കാൻ സാധിച്ചിട്ടുണ്ട്. 52 ബോഗികളായി ഡീസൽ കൊണ്ടുവന്ന ട്രെയ്‌നിനാണ് തീപിടിത്തമുണ്ടായത്. ഇതിൽ അഞ്ചു ബോഗികൾ പൂർണമായും കത്തിനശിച്ചു. ഈ റെയിൽ പാതയിൽ ട്രെയിൻഗതാഗതം പൂർണമായും സ്തംഭിച്ചു. ഇന്ന് പുലർച്ചെ 5:30 ഓടെയാണ് തീപിടിത്തമുണ്ടായത്. പ്രദേശത്ത് വലിയ തീയും പുകയും ഉയർന്നു.
അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ഡീസലിന് തീപിടിച്ചതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് അഗ്നിശ സേന പറഞ്ഞു. മണാലിയിൽ നിന്ന് തിരുപ്പതി മേഖലയിലേക്ക് പോവുകയായിരുന്ന ട്രെയിനിനാണ് തിരുവള്ളൂർ റെയിൽവേ സ്റ്റേഷന് സമീപം തീപിടിച്ചത്. അപകടത്തെത്തുടർന്ന് സമീപ പ്രദേശങ്ങളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു.
സംഭവത്തെത്തുടർന്ന് ചെന്നൈയിലേക്കും തിരിച്ചുമുള്ള ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ചെന്നൈയിൽ നിന്ന് പുറപ്പെടുന്ന എട്ട് ട്രെയിനുകൾ റദ്ദാക്കിയതായും അഞ്ച് ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായും ദക്ഷിണ റെയിൽവേ അറിയിച്ചു.
Adjust Story Font
16

