Quantcast

ജഡ്ജി നിയമനങ്ങളിൽ ഒരു സമുദായത്തിന് അമിത പരിഗണന, വിവേചനം അവസാനിപ്പിക്കാൻ രാഷ്ട്രപതി ഇടപെടണം: ബി.ആർ ഗവായ്

ജഡ്ജിമാരുടെ സ്ഥലംമാറ്റങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും വിവേചനവും പക്ഷപാതവും നടക്കുന്നുണ്ടെന്നും ഗവായ് ആരോപിച്ചു

MediaOne Logo

Web Desk

  • Updated:

    2026-11-27 16:41:48

Published:

27 Nov 2026 10:10 PM IST

ജഡ്ജി നിയമനങ്ങളിൽ ഒരു സമുദായത്തിന് അമിത പരിഗണന, വിവേചനം അവസാനിപ്പിക്കാൻ രാഷ്ട്രപതി ഇടപെടണം: ബി.ആർ ഗവായ്
X

ന്യൂഡൽഹി: സുപ്രിംകോടതിയിലെയും ഹൈക്കോടതികളിലെയും ജഡ്ജി നിയമനങ്ങളിൽ ഒരു പ്രത്യേക സമുദായത്തിന് അമിത പരിഗണന നൽകുന്നുവെന്ന് മുൻ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ ഗവായ്. ജുഡീഷ്യൽ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും മെറിറ്റും സാമൂഹിക വൈവിധ്യവും അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപദി മുർമുവിന് അദ്ദേഹം കത്തയച്ചു. ജുഡീഷ്യറിയിലെ പ്രാതിനിധ്യത്തിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ രാഷ്ട്രപതി ഇടപെടണമെന്നും ആവശ്യപ്പെട്ടു.

രാജ്യത്തെ ജനസംഖ്യയുടെ അഞ്ച് ശതമാനത്തിൽ താഴെ മാത്രം വരുന്ന ഒരു സമുദായത്തിന് സമീപകാലത്ത് സുപ്രിംകോടതിയിൽ 40 ശതമാനത്തിലധികം പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്നാണ് ഗവായിയുടെ പ്രധാന ആരോപണം. എന്നാൽ ഏത് സമുദായത്തെയാണ് ഉദ്ദേശിക്കുന്നതെന്ന് കത്തിൽ വ്യക്തമാക്കിയിട്ടില്ല. പട്ടികജാതി, പട്ടികവർഗം, ഒബിസി, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ തുടങ്ങിയ വിഭാഗങ്ങൾക്ക് ജഡ്ജി നിയമനങ്ങളിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപകാല കൊളീജിയം ശിപാർശകൾ ഒരു പ്രത്യേക വിഭാഗത്തെ പ്രീതിപ്പെടുത്താനും പ്രതിഫലം നൽകാനുമുള്ള ലക്ഷ്യത്തോടെയാണെന്ന ധാരണ ശക്തിപ്പെടുകയാണെന്നും കത്തിൽ പറയുന്നുണ്ട്.

2018 മുതൽ ഹൈക്കോടതികളിലേക്ക് നിയമിക്കപ്പെട്ട 715 ജഡ്ജിമാരിൽ 22 പേർ മാത്രമാണ് പട്ടികജാതി വിഭാഗത്തിൽനിന്നുള്ളത്. പട്ടികവർഗത്തിൽനിന്ന് 16 പേരും ഒബിസിയിൽനിന്ന് 89 പേരും ന്യൂനപക്ഷ വിഭാഗങ്ങളിൽനിന്ന് 37 പേരും മാത്രമാണ് നിയമിക്കപ്പെട്ടത്. നിയമിക്കപ്പെട്ടവരിൽ നാലിൽ മൂന്ന് പേരും ജനറൽ വിഭാഗത്തിൽനിന്നുള്ളവരാണെന്നും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ 2025 മാർച്ചിൽ രാജ്യസഭയിൽ നൽകിയ കണക്കുകൾ ഉദ്ധരിച്ച് ഗവായ് വ്യക്തമാക്കി. 2021 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഏകദേശം 80 ശതമാനമായിരുന്നുവെന്നും ഒബിസി പ്രാതിനിധ്യം 14 ശതമാനത്തിൽ താഴെയായിരുന്നുവെന്നും കത്തിൽ പറയുന്നു.

ജഡ്ജിമാരുടെ സ്ഥലംമാറ്റങ്ങളിലും സ്ഥാനക്കയറ്റങ്ങളിലും വിവേചനവും പക്ഷപാതവും നടക്കുന്നുണ്ടെന്നും ഗവായ് ആരോപിച്ചു. ശിക്ഷാനടപടിയുടെ ഭാഗമായി നേരത്തെ ചെറിയ ഹൈക്കോടതികളിലേക്ക് സ്ഥലംമാറ്റപ്പെട്ട ചില ജഡ്ജിമാർക്ക് പിന്നീട് പ്രമുഖ ഹൈക്കോടതികളുടെ ചീഫ് ജസ്റ്റിസ് പദവികളിലേക്ക് നിയമനശിപാർശ ലഭിച്ചതിനെ അദ്ദേഹം ചോദ്യം ചെയ്തു. മികച്ച പ്രവർത്തനം കാഴ്ചവെച്ച മറ്റൊരു ചീഫ് ജസ്റ്റിസിനെ ചെറിയ ഹൈക്കോടതിയിലേക്ക് മാറ്റിയതായും കത്തിൽ ആരോപണമുണ്ട്.

ഭരണഘടനയുടെ 124(2) അനുച്ഛേദപ്രകാരം സുപ്രിംകോടതി ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രപതിക്കുള്ള അധികാരം ചൂണ്ടിക്കാട്ടിയ ഗവായ്, കൊളീജിയം സംവിധാനത്തിന് മുൻതൂക്കമുണ്ടെന്ന കീഴ്‌വഴക്കം രാഷ്ട്രപതിയുടെ ഉത്തരവാദിത്തം ഇല്ലാതാക്കുന്നില്ലെന്നും വ്യക്തമാക്കി. ജുഡീഷ്യൽ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും കേന്ദ്ര സർക്കാരിനും പാർലമെന്റിനും പങ്കാളിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കത്തിന്റെ പകർപ്പുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്‌വാളിനും നൽകിയിട്ടുണ്ട്.

TAGS :

Next Story