' ഇതെന്ത് ഭ്രാന്താണ് , ഏത് ലോകത്താണ് നമ്മൾ ജീവിക്കുന്നത്'; ഹരിയാന വോട്ടുകൊള്ളയില്‍ പ്രതികരണവുമായി ബ്രസീലിയൻ മോഡൽ ലാരിസ
ലാരിസയുടെ ചിത്രമുളള വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് ഹരിയാനയില്‍ പത്ത് ബൂത്തുകളിലായി 22 തവണ വോട്ട് ചെയ്തതിന്റെ തെളിവുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടിരുന്നു

ന്യൂഡല്‍ഹി:രാഹുൽ ഗാന്ധിയുടെ വോട്ട് കൊള്ള ആരോപണത്തിൽ പ്രതികരണവുമായി ബ്രസീലിയൻ മോഡൽ ലാരിസ. വോട്ടുകൊള്ളയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിലാണ് ബ്രസീലിയന്‍ മോഡലിന്റെ ചിത്രം രാഹുല്‍ ഗാന്ധി പ്രദര്‍ശിപ്പിച്ചത്. പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം ബ്രസീലിയന്‍ മോഡലിന് വേണ്ടിയുള്ള തിരച്ചിലായിരുന്നു ഇന്ത്യക്കാർ. അവസാനം വോട്ടർ പട്ടികയിൽ തന്റെ ചിത്രം വന്നതിലെ ഞെട്ടൽ രേഖപെടുത്തി ലാരിസ എന്ന ബ്രസീൽ മോഡൽ തന്നെ രംഗത്ത് വന്നു.
'തട്ടിപ്പിനെക്കുറിച്ച് വിശ്വസിക്കാനാകുന്നില്ല.എൻ്റെ പഴയ ഫോട്ടോയാണ് തട്ടിപ്പിനായി ഉപയോഗിച്ചത്.ഇതെന്ത് ഭ്രാന്താണ്,ഏത് ലോകത്താണ് നമ്മൾ ജീവിക്കുന്നത്. വോട്ടർ പട്ടികയിൽ തന്റെ ചിത്രം വന്നത് അവിശ്വസനീയമാണെന്നും ലാരിസ പറയുന്നു. ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയാണ് ലാരിസ വിഡിയോ പങ്കുവെച്ചത്. പോർച്ചുഗീസ് ഭാഷയിൽ ലാരിസ സംസാരിക്കുന്ന വിഡിയോയാണ് എക്‌സിൽ പ്രചരിക്കുന്നത്.
ബ്രസീലിയൻ മോഡലിന്റേതുൾപ്പെടെ വ്യാജ ചിത്രങ്ങളും മേൽ വിലാസങ്ങളും ഉപയോഗിച്ച് ഹരിയാനയില്‍ കള്ളവോട്ട് നടന്നെന്നായിരുന്നു ഇന്നലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.
ബ്രസീലിയൻ മോഡലിന്റെ ചിത്രമുളള വോട്ടർ ഐഡി കാർഡ് ഉപയോഗിച്ച് 22 തവണ പത്ത് ബൂത്തുകളിലായി വോട്ട് ചെയ്തതിന്റെയും തെളിവുകൾ രാഹുൽ ഗാന്ധി പുറത്തുവിട്ടു. സരസ്വതി, ഗീത, സീമ, സുമൻ ദേവി, ബിമല, അഞ്ജു, കവിത,കിരൺ ദേവി, വിമല, രശ്മി, പിങ്കി, മഞ്ജീത്,കൽവന്തി,പൂനം,സ്വീറ്റി,സുനിത, അംഗൂരി, ദർശന, മുനേഷ്, സരോജ്, സത്യവതിദേവി, ഗുനിയ തുടങ്ങിയ പേരുകളിലാണ് ബ്രസീലിയന്‍ മോഡലിന്റെ ചിത്രം ഉപയോഗിച്ച് വോട്ടടെടുപ്പ് നടന്നതെന്നും രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളത്തില്‍ പറഞ്ഞു.
അതേസമയം, ഹരിയാനയിലെ വോട്ടർപട്ടികയിൽ ബ്രസീലിയൻ മോഡലിന്റെ ഫോട്ടോയുള്ള രണ്ട് പേർ വോട്ട് ചെയ്തു.പിങ്കി ജുഗീന്ദർ, മുനീഷ് ദേവി എന്നീ സ്ത്രീകളാണ് വോട്ട് ചെയ്തത്.2024 ൽ ആധാർ കാർഡ് ഉപയോഗിച്ചാണ് വോട്ട് ചെയ്തതതെന്ന് പിങ്കിപറഞ്ഞു.വോട്ടർ പട്ടികയിലെ ചിത്രം മാറിയത് അച്ചടി പിശക് ആവാമെന്നാണ് ഇവരുടെ വിശദീകരണം.
Adjust Story Font
16

