Quantcast

പുരുഷന്മാരിൽ സ്തനാർബുദം വർധിച്ചുവരുന്നു; ആശങ്കകളും മുന്നറിയിപ്പുകളും

സ്ത്രീകളേക്കാൾ വളരെ കുറവാണെങ്കിലും ഇന്ത്യയിൽ പുരുഷന്മാർക്കിടയിലെ സ്തനാർബുദം ക്രമേണ വർധിച്ചുകൊണ്ടിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    25 May 2025 3:29 PM IST

പുരുഷന്മാരിൽ സ്തനാർബുദം വർധിച്ചുവരുന്നു; ആശങ്കകളും മുന്നറിയിപ്പുകളും
X

ഡൽഹി: സ്തനാർബുദം പലപ്പോഴും ഒരു 'സ്ത്രീ രോഗ'മായിട്ടാണ് ആളുകൾ കണക്കാക്കുന്നത്. കൂടാതെ സ്തനാർബുദ കേസുകളിൽ ഏകദേശം 1 ശതമാനം മാത്രമാണ് പുരുഷന്മാരെ ബാധിക്കുന്നത്. സ്ത്രീകളേക്കാൾ വളരെ കുറവാണെങ്കിലും ഇന്ത്യയിൽ പുരുഷന്മാർക്കിടയിലെ സ്തനാർബുദം ക്രമേണ വർധിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാജ ഭട്ട് എന്ന വ്യക്തിക്ക് തന്റെ സ്തനത്തിന്റെ ഒരു വശത്ത് മുഴ അനുഭവപ്പെട്ടതിനെ തുടർന്ന് ഡോക്ടറെ കാണുകയും സ്തനാർബുദം സ്ഥിരീകരിക്കുകയും ചെയ്തു. രണ്ട് കുട്ടികളുടെ പിതാവായ 33 വയസ്സുള്ള രാജ ഭട്ട് സ്തനത്തിലെ മുഴ എന്താണെന്ന് വിശദീകരിക്കാൻ കുറച്ച് സമയമെടുത്തു. കാരണം സ്തനത്തിന് മറ്റൊരു വാക്ക് അദ്ദേഹം അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. ദി വീക്ക് റിപ്പോർട്ട് ചെയ്യുന്നു.

പുരുഷന്മാരിലെ സ്തനാർബുദ കേസുകയിൽ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടി ശസ്ത്രക്രിയകൾ ഈ വർഷം നടത്തിയതായി 14 വർഷമായി കശ്മീരിൽ പ്രാക്ടീസ് ചെയ്യുന്ന ഷെർ-ഇ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോ. സഹൂർ ഷെയ്ഖ് പറയുന്നു. 'ഒരു വർഷത്തിൽ പുരുഷ സ്തനാർബുദത്തിന്റെ 8 മുതൽ 10 വരെ കേസുകൾ ഞങ്ങൾ കാണുമായിരുന്നു. അവരിൽ ഭൂരിഭാഗവും 4 ഘട്ടമായിരുന്നു.' ഡോ.സഹൂർ പറഞ്ഞു.

പുരുഷ സ്തനാർബുദ കേസുകളുടെ എണ്ണം നേരിയതാണെങ്കിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. കശ്മീരിൽ മാത്രം 2018 മുതൽ 2022 വരെ 94 പുരുഷ സ്തനാർബുദ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 32 പേർ 55നും 69നും ഇടയിൽ പ്രായമുള്ളവരും, 28 പേർ 40നും 54നും ഇടയിൽ പ്രായമുള്ളവരും 18 പേർ 70 വയസ്സിനു മുകളിലുള്ളവരും 16 പേർ 40 വയസ്സിന് താഴെയുള്ളവരുമാണ്. സർക്കാർ കണക്കുകൾ പ്രകാരം ഈ രോഗികളിൽ രണ്ട് പേർ മാത്രമാണ് ഒന്നാം ഘട്ടത്തിൽ കൺസൾട്ടേഷനായി എത്തിയത്. 45 പേർ രണ്ടാം ഘട്ടത്തിലും 27 പേർ മൂന്നാം ഘട്ടത്തിലും 20 പേർ നാലാം ഘട്ടത്തിലുമാണ് ചികിത്സ തേടിയത്.

പുരുഷ സ്തനാർബുദം അപൂർവമാണ്. സ്ത്രീ പുരുഷ അനുപാതം 125:1 ആണ്. എന്നാൽ ഇന്ത്യയിൽ പുരുഷ സ്തനാർബുദ സാധ്യത ആഗോള നിരക്കിന് ഏതാണ്ട് സമാനമാണ്. വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇതിൽ ശ്രദ്ധപുലർത്തേണ്ടുന്ന മേഖലകളുണ്ട്. ജീവിതശൈലിയിലെ മാറ്റമാണ് എണ്ണത്തിലെ വർധനവിന് കാരണമെന്ന് ഡോ. സഹൂർ ഷെയ്ഖ് പറയുന്നു. 'പുരുഷന്മാരിൽ സ്തനാർബുദത്തിന് നിരവധി അപകട ഘടകങ്ങളുണ്ട്. അതിലൊന്നാണ് ഭാരത്തിന്റെയും ശരീരഭാര സൂചികയുടെയും വർദ്ധനവ്.' ഡോ. സഹൂർ പറഞ്ഞു.

മുൻകരുതലും ചകിത്സരീതികളും (ഡോ.ഭരത് ബോസലെ, എയിംസ്, ഋഷികേശ്)

1. സ്തനാർബുദം പുരുഷന്മാർക്കും സംഭവിക്കാമെന്ന് അംഗീകരിക്കുക. ഇത് പൂർണ്ണമായും ഭേദമാക്കാവുന്നതാണ്

2. സ്തനത്തിലെ പുതിയ മുഴകളോ സ്തനത്തിലെ മാറ്റമോ അവഗണിക്കരുത്

3. സ്തനത്തിൽ എന്തെങ്കിലും മാറ്റം, രക്തസ്രാവം അല്ലെങ്കിൽ ദ്രാവകം പുറത്തുവരുന്നത് പോലുള്ള എന്തെങ്കിലും മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ നിങ്ങളുടെ ഡോക്ടറെ സമീപിക്കുക

4. ഫിസിഷ്യന് തൃപ്തികരമായ രോഗനിർണയം നൽകാൻ കഴിയുന്നില്ലെങ്കിൽ ഓങ്കോളജിസ്റ്റിനെ സമീപിക്കുക

5. ബദൽ ചികിത്സകൾക്കായി സമയം പാഴാക്കരുത്

6. രോഗനിർണയം അസാധാരണമാണെന്ന് ഡോക്ടർ സ്ഥിരീകരിച്ചാൽ അടുത്ത ഘട്ടം ബയോപ്സിയാണ്

7. തുടർന്ന് മാമോഗ്രാഫി അല്ലെങ്കിൽ സിടി സ്കാൻ അല്ലെങ്കിൽ സോണോഗ്രാഫി എന്നിവ നടത്തുക

8. ചികിത്സ സ്ത്രീ സ്തനാർബുദത്തിന് ഏതാണ്ട് സമാനമാണ്

പ്രാരംഭ ഘട്ടത്തിൽ ശസ്ത്രക്രിയ മാത്രം കൊണ്ട് രോഗമുക്തി നേടാനാവുമെങ്കിലും തുടർന്നുള്ള ഘട്ടങ്ങളിൽ ശസ്ത്രക്രിയയ്ക്ക് ശേഷം കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി, ഹോർമോൺ ചികിത്സ എന്നിവ കൂടെ നൽകും. ഇത് 5 മുതൽ 10 വരെ നീണ്ടുനിൽക്കാം. ഹോർമോൺ പ്രതിരോധത്തെ ചെറുക്കുന്ന പ്രയോജനകരമായ ഓറൽ ടാർഗെറ്റഡ് ചികിത്സകളുമുണ്ട്.

TAGS :

Next Story