Quantcast

വരന്‍റെ വീട്ടുകാരുടെ സ്വഭാവം അത്ര പിടിച്ചില്ല; വിവാഹം കഴിഞ്ഞ് 20 മിനിറ്റിനുള്ളിൽ ബന്ധം ഒഴിഞ്ഞ് വധു

ഭലുവാനി നഗർ പഞ്ചായത്ത് പ്രദേശത്തെ വിശേൽ മധേസിയയും സലേംപൂർ നഗർ പഞ്ചായത്തിലെ പൂജയും തമ്മിലുള്ള വിവാഹം നവംബര്‍ 2നായിരുന്നു

MediaOne Logo

Web Desk

  • Published:

    3 Dec 2025 8:12 AM IST

വരന്‍റെ വീട്ടുകാരുടെ സ്വഭാവം അത്ര പിടിച്ചില്ല; വിവാഹം കഴിഞ്ഞ് 20 മിനിറ്റിനുള്ളിൽ ബന്ധം ഒഴിഞ്ഞ് വധു
X

ദിയോറിയ: വിവാഹവും വിവാഹമോചനവുമായി ബന്ധപ്പെട്ട സംഭവങ്ങളെല്ലാം ദിനംപ്രതി വാര്‍ത്തകളിൽ നിറയാറുണ്ട്. ഇപ്പോഴിതാ ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിലുണ്ടായ സംഭവം നാട്ടുകാരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് വെറും 20 മിനിറ്റിനുള്ളിൽ ബന്ധം ഒഴിഞ്ഞിരിക്കുകയാണ് ഒരു യുവതി.

ഭലുവാനി നഗർ പഞ്ചായത്ത് പ്രദേശത്തെ വിശേൽ മധേസിയയും സലേംപൂർ നഗർ പഞ്ചായത്തിലെ പൂജയും തമ്മിലുള്ള വിവാഹം നവംബര്‍ 2നായിരുന്നു. ആ രാത്രി തന്നെ എല്ലാ വിവാഹച്ചടങ്ങുകളും പൂര്‍ത്തിയായി. ചടങ്ങുകൾക്ക് ശേഷം തൊട്ടടുത്ത ദിവസം വധു വരന്‍റെ വീട്ടിലെത്തിയപ്പോഴാണ് കാര്യങ്ങൾ തകിടം മറിയുന്നത്. വീട്ടിൽ നടന്ന 'ദുല്‍ഹ ചെഹ്‌ര ദിഖായി' ചടങ്ങിനിടെ യുവതി അത് നിര്‍ത്തിവെക്കാൻ ആവശ്യപ്പെടുകയും തന്‍റെ മാതാപിതാക്കളെ വിളിക്കണമെന്ന് പറയുകയുമായിരുന്നു. ഭര്‍ത്താവും വീട്ടുകാരും സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി വഴങ്ങിയില്ല. സ്വന്തം വീട്ടിലേക്ക് പോകണമെന്ന തീരുമാനത്തിൽ ഉറച്ചുനിന്നു.

തുടര്‍ന്ന് വിശാലിന്‍റെ കുടുംബം പൂജയുടെ കുടുംബത്തെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നീട് പ്രാദേശിക പഞ്ചായത്ത് വിളിച്ചുചേര്‍ത്ത് അഞ്ച് മണിക്കൂറോളം നീണ്ട ചര്‍ച്ചക്ക് ശേഷം വിവാഹബന്ധം വേര്‍പെടുത്തുകയായിരുന്നു. വിവാഹ സമ്മാനങ്ങളെല്ലാം തിരികെനൽകി വധു സ്വന്തം കുടുംത്തോടൊപ്പം പോവുകയും ചെയ്തു.

വിവാഹത്തിന് മുമ്പ് പൂജ ഒരിക്കലു തന്നോട് വിമുഖത കാണിച്ചിട്ടില്ലെന്നും സാധാരണ രീതിയിൽ സംസാരിച്ചിരുന്നുവെന്നും വിശാൽ ഒരു വാര്‍ത്താ ഏജൻസിയോട് പറഞ്ഞു. തന്‍റെ കുടുംബത്തിനൊപ്പം താമസിക്കാൻ വിസമ്മതിച്ച പൂജ ഇരുകുടുംബങ്ങൾക്കും നാണക്കേടുണ്ടാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story