Quantcast

പിറന്നാൾ ആഘോഷത്തിനിടെ വേദിയിൽ മുഖമടച്ചു വീണ് ബ്രിജ് ഭൂഷൺ; വീഡിയോ

മതനേതാവ് റിതേശ്വർ മഹാരാജിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു

MediaOne Logo

Web Desk

  • Published:

    10 Jan 2026 1:36 PM IST

പിറന്നാൾ ആഘോഷത്തിനിടെ വേദിയിൽ മുഖമടച്ചു വീണ്  ബ്രിജ് ഭൂഷൺ; വീഡിയോ
X

ലഖ്നൗ: പിറന്നാളാഘോഷത്തിനിടെ വേദിയിൽ മുഖമടച്ചുവീഴുന്ന ബിജെപി നേതാവും മുൻ കൈസർഗഞ്ച് എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.വ്യാഴാഴ്ച ഗോണ്ട ജില്ലയിലെ നന്ദാനി നഗറിൽ നടന്ന ഭൂഷന്‍റെ 69-ാം ജന്മദിനാഘോഷത്തിനിടെയാണ് സംഭവം.

എട്ട് ദിവസത്തെ രാഷ്ട്ര കഥാ മഹോത്സവത്തിന്റെ ഭാഗമായിരുന്നു ഈ പരിപാടി. മതനേതാവ് റിതേശ്വർ മഹാരാജിനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ വലിയൊരു ജനക്കൂട്ടം തന്നെ വേദിക്ക് മുന്നിൽ തടിച്ചുകൂടിയിരുന്നു.ബ്രിജ് ഭൂഷൺ വേദിയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ പെട്ടെന്ന് ബാലൻസ് നഷ്ടപ്പെട്ട് മുഖമടച്ചു വീഴുകയായിരുന്നു. സമീപത്ത് നിന്നിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം വീഴുന്നത് തടയാൻ കഴിഞ്ഞില്ല. എന്നിരുന്നാലും, വീണയുടനെ ബ്രിജ്ഭൂഷൺ ശരൺ എഴുന്നേറ്റു നിന്ന് പുഞ്ചിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് ബ്രിജ് ഭൂഷണെ പരിഹസിച്ച് രംഗത്തെത്തിയത്.

അതേസമയം ജൻമദിനത്തിനെത്തിയ അതിഥികൾ ബ്രിജ് ഭൂഷണന് വിലയേറിയ സമ്മാനങ്ങളാണ് നൽകിയത്. ഹരിയാനയിലെ റെവാരിയിൽ നിന്നുള്ള രവി ചൗഹാനും ഭാര്യ സംഗീത ചൗഹാനും 2.5 കോടി വിലമതിക്കുന്ന കുതിരയെയാണ് സമ്മാനിച്ചത്. ലണ്ടനിലും ദുബൈയിലുമായി 300ലധികം കുതികളുള്ള രവി 'അശ്വ ജോഹന്നാസ്ബർഗ്' എന്ന കുതിരയെ പ്രത്യേക വിമാനത്തിലാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഹരിയാനയിൽ നിന്നുള്ള ഒരു കായികതാരം അദ്ദേഹത്തിന് ഒരു സ്വർണ ചെയിൻ സമ്മാനിച്ചു, ഹരിയാന ഗുസ്തി അസോസിയേഷൻ (HWA) പ്രസിഡന്‍റ് രമേശ് ബൊഹർ അദ്ദേഹത്തിന് ഒരു പശുവിനെ സമ്മാനമായി നൽകി.

ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷൻ കൂടിയായ ബ്രിജ് ഭൂഷൺ നേരത്തെ വനിത ഗുസ്തി താരങ്ങളിൽ നിന്നും ലൈംഗികാരോപണം നേരിട്ടിരുന്നു. 2023ലാണ് ഒളിമ്പ്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട്, ഒളിമ്പിക് വെങ്കല മെഡൽ ജേതാക്കളായ ബജ്‌റംഗ് പുനിയ, സാക്ഷി മാലിക് എന്നിവർ അദ്ദേഹത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ആഴ്ചകളോളം പ്രതിഷേധിച്ചിരുന്നു. താരങ്ങളുടെ പ്രതിഷേധം കനത്തതോടെ ഡൽഹി പൊലീസ് 2023 ജൂണിൽ കേസ് രജിസ്റ്റർ ചെയ്യുകയും പിന്നാലെ ജാമ്യം ലഭിക്കുകയും ചെയ്തു.

TAGS :

Next Story