'ഹിന്ദി സംസാരിച്ചു'; ഹീത്രൂ വിമാനത്താവളത്തിലെ ജീവനക്കാരെ ബ്രിട്ടീഷ് യുവതി ആക്ഷേപിച്ചു
ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതിയുടെ കുറിപ്പാണ് ചര്‍ച്ചയാകുന്നത്

ലണ്ടന്‍: ഹീത്രൂ വിമാനത്താവളത്തിലെ ജീവനക്കാരി ഹിന്ദി സംസാരിച്ചതിനെ വിമര്‍ശിച്ച് ബ്രിട്ടീഷ് യുവതി. സമൂഹ മാധ്യമ പോസ്റ്റിലൂടെ വിമര്‍ശനം ഉന്നയിച്ച ബ്രിട്ടീഷ് വനിതയുടെ പോസ്റ്റ് ചൂടിയേറിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചത്. ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതിയുടെ കുറിപ്പാണ് ചര്‍ച്ചകള്‍ക്ക് വഴിമാറിയത്.
ഇംഗ്ലീഷ് സംസാരിക്കാന്‍ ശേഷിയില്ലാത്ത ഇത്തരം ജീവനക്കാരെ ബ്രിട്ടീഷ് മണ്ണില്‍ നിന്നും പുറത്താക്കണമെന്നാണ് യുവതി സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ എഴുതിയത്. ജീവനക്കാര്‍ ഇംഗ്ലീഷ് സംസാരിക്കാത്തത് ചോദ്യം ചെയ്തപ്പോള്‍ തന്നെ വംശീയവാദിയെന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും ഇവര്‍ കുറിപ്പിലൂടെ ആരോപിച്ചു.
ലണ്ടനിലെ വിമാനത്താവള ജീവനക്കാരില്‍ ഭൂരിഭാഗവും ഏഷ്യന്‍ വംശജരും ഇന്ത്യക്കാരുമാണെന്ന് വിമാനത്താവളത്തില്‍ എത്തിയപ്പോളാണ് താന്‍ തിരിച്ചറിഞ്ഞെന്നും ലൂസി വൈറ്റ് കുറിപ്പില്‍ പറയുന്നു. ഇവരാരും പരസ്പരം ഇംഗ്ലീഷില്‍ ഒരു വാക്ക് പോലും സംസാരിക്കുന്നില്ലെന്നും ഇംഗ്ലീഷ് സംസാരിക്കാന്‍ താന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ വംശീയവാദിയായി മുദ്രകുത്തി എന്നുമാണ് ലൂസി വൈറ്റിന്റെ കുറിപ്പ്.
വംശീയ കാര്‍ഡ് ഉപയോഗിച്ച് ജീവനക്കാര്‍ സ്വയം ന്യായീകരിക്കാന്‍ ശ്രമിക്കുകയാണെന്നും ലൂസി വൈറ്റ് കുറിപ്പിലൂടെ ആരോപിച്ചു. ഇത്തരക്കാരെ നേരിടണമെന്നും അവര്‍ ശക്തമായി തന്റെ കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
'ലണ്ടന്‍ ഹീത്രോയില്‍ എത്തിയതേയുള്ളൂ. മിക്ക ജീവനക്കാരും ഇന്ത്യക്കാരോ അല്ലെങ്കില്‍ ഏഷ്യക്കാരോ ആണ്. അവര്‍ക്ക് ഇംഗ്ലീഷ് ഒരു വാക്ക് പോലും അറിയില്ല. ഞാന്‍ അവരോട് പറഞ്ഞു, 'ഇംഗ്ലീഷ് സംസാരിക്കൂ'. എന്നാല്‍ അതിന് അവരുടെ മറുപടി, 'നിങ്ങള്‍ വംശീയമായി പെരുമാറുന്നു' എന്നായിരുന്നു. ഞാന്‍ പറയുന്നത് ശരിയാണെന്ന് അവര്‍ക്കറിയാം. അതിനാലാണ് അവര്‍ വംശീയ കാര്‍ഡ് ഉപയോഗിച്ചത്. അവരെ നമ്മള്‍ നേരിടണം,' ലൂസി വൈറ്റ് പറഞ്ഞു.
എന്നാല്‍ പോസ്റ്റില്‍ നിരവധിയാളുകളാണ് പ്രതികരണവുമായി എത്തിയത്. 'ഇതില്‍ എന്താണ് കുഴപ്പം. ഞാന്‍ എന്റെ ഭാര്യക്കൊപ്പം ഫ്രാന്‍സില്‍ പോയപ്പോള്‍ ഞാന്‍ അവളോട് ഇംഗ്ലീഷിലാണ് സംസാരിച്ചത്. അത് നമ്മുടെ മാതൃഭാഷയാണ്. അങ്ങനെ സംസാരിച്ചതിന് എന്താണ് പ്രശ്‌നം,' ജീവനക്കാരെ അനുകൂലിച്ച് ഒരാള്‍ കമന്റ് ചെയ്തു.
സ്‌പെയിനില്‍ അവധി ആഘോഷിക്കാന്‍ പോകുമ്പോള്‍ നിങ്ങള്‍ സ്പാനിഷിലാണോ സംസാരിക്കാറുള്ളതെന്നും ചിലര്‍ ചോദിച്ചു. സ്റ്റാഫുകള്‍ക്ക് പരസ്പരം അവരുടെ ഭാഷയില്‍ സംസാരിക്കാനുള്ള അനുമതിയുണ്ട്. ഇത് റേസിസം ഒന്നുമല്ല കോമണ്‍ സെന്‍സാണ്. എന്തിനാണ് അനാവശ്യമായ ഇത്തരം കാര്യങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കുന്നുവെന്നും ആളുകള്‍ കമന്റ് ചെയ്തു.
Adjust Story Font
16

