Quantcast

‍‍25 വർഷം മുമ്പുള്ള കേസിൽ അൽ ഫലാഹ് സർവകലാശാലാ ചാൻസലറുടെ സഹോദരൻ അറസ്റ്റിൽ

കേസുമായി ചാൻസലർ ജവാദ് അഹമ്മദ് സിദ്ദിഖിക്ക് യാതൊരു ബന്ധവുമില്ലെന്ന് എസ്പി വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    18 Nov 2025 2:50 PM IST

Brother of Al-Falah chancellor arrested in decades old Fraud cases
X

Photo| NDTV

ഭോപ്പാൽ: ഹരിയാന ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലാ ചാൻസലറുടെ സഹോദരൻ 25 വർഷത്തോളം പഴക്കമുള്ള തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ചാൻസലർ ജവാദ് അഹമ്മദ് സിദ്ദിഖിയുടെ ഇളയ സഹോദരൻ ഹമൂദ് അഹമ്മദ് സിദ്ദിഖിയെ (50)യാണ് മധ്യപ്രദേശ് പൊലീസ് ഹൈദരാബാദിൽ നിന്ന് അറസ്റ്റ് ചെയ്തത്.

ഇദ്ദേഹത്തെ പിടികൂടുന്നവർക്ക് 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായി ഉദ്യോഗസ്ഥൻ പറഞ്ഞു. 25 വർഷം മുമ്പ് മോവ് ടൗണിൽ 40 ലക്ഷം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് സൂപ്രണ്ട് (റൂറൽ) യാങ്‌ചെൻ ഡോൾക്കർ ഭൂട്ടിയ പറഞ്ഞു.

'20 ശതമാനം പലിശ നൽകാമെന്ന് വിശ്വസിപ്പിച്ച് നിക്ഷേപകരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെന്നാണ് കേസ്. മോവ് ടൗണിൽ രണ്ട് വർഷം കമ്പനി നടത്തിയിരുന്ന ഇദ്ദേഹം മൂന്നാം വർഷം കുടുംബത്തോടൊപ്പം നാടുവിടുകയായിരുന്നു. പഴയ ക്രിമിനൽ കേസുകളിൽ ഒളിവിൽ കഴിയുന്ന പ്രതികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് അദ്ദേഹത്തെ പിടികൂടിയത്'- എസ്പി പറഞ്ഞു.

2000ൽ മോവ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളുമായി ഹമൂദിന്റെ സഹോദരനും അൽ ഫലാഹ് സർവകലാശാലയുടെ ചാൻസലറുമായ ജവാദ് അഹമ്മദ് സിദ്ദിഖിക്ക് യാതൊരു ബന്ധവുമില്ലെന്നും എസ്പി വ്യക്തമാക്കി. ഐപിസി 420 (വഞ്ചന) ഉൾപ്പെടെ വിവിധ വകുപ്പുകൾ പ്രകാരം മൂന്ന് കേസുകളാണ് ഹമൂദിനെതിരെ രജിസ്റ്റർ ചെയ്തിരുന്നത്.

ഇതു കൂടാതെ 1988, 1989 വർഷങ്ങളിൽ മറ്റ് രണ്ട് കേസുകളും ഇയാൾക്കെതിരെയുണ്ടെന്നും ഹമൂദ് സിദ്ദിഖിയെ അറസ്റ്റ് ചെയ്യുന്നവർക്ക് 2019ൽ 10,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നതായും നിലവിൽ ഹൈദരാബാദിൽ ഓഹരി വിപണി നിക്ഷേപത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സ്വകാര്യ കമ്പനി നടത്തിവരികയായിരുന്നു അദ്ദേഹമെന്നും ഭൂട്ടിയ കൂട്ടിച്ചേർത്തു.

ഡൽഹി സ്ഫോടനവുമായി ബന്ധപ്പെട്ട് ഹ​രിയാന ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിലും ഡൽഹിയിലെ ആസ്ഥാനത്തുമടക്കം ചൊവ്വാഴ്ച രാവിലെ ഇഡി റെയ്ഡ് നടത്തിയിരുന്നു. സർവകലാശാലയുമായി ബന്ധപ്പെട്ട 25 ഇടങ്ങളിലാണ് പുലർച്ചെ 5.15 മുതൽ പരിശോധന ആരംഭിച്ചത്. സർവകലാശാലയുടെ ധനസഹായം അന്വേഷിക്കാനുള്ള ബിജെപി സർക്കാർ ഉത്തരവിനെ തുടർന്നാണ് കേന്ദ്ര ഏജൻസിയുടെ നടപടി.

സാമ്പത്തിക ക്രമക്കേടുകളിലും കള്ളപ്പണം വെളുപ്പിക്കലും സംബന്ധിച്ച് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമാണ് പരിശോധനയെന്ന് ഇഡി ഉദ്യോ​ഗസ്ഥർ പ്രതികരിച്ചു. അൽ ഫലാഹ് സർവകലാശാലയുമായി ബന്ധപ്പെട്ട ട്രസ്റ്റികളുടെ വീടുകളിലും ഓഫീസുകളിലും പരിശോധന നടന്നു.

സർവകലാശാലയുടെ അക്കൗണ്ടുകളുടെ ഫോറൻസിക് ഓഡിറ്റിന് സർക്കാർ ഉത്തരവിട്ടിരുന്നു. ‌യൂണിവേഴ്സിറ്റിക്കെതിരെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് നേരത്തെ രണ്ട് എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിരുന്നു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്.

TAGS :

Next Story