Quantcast

തെലങ്കാനയിൽ ബി.ആർ.എസിന് വീണ്ടും ഷോക്ക്; സിറ്റിങ് എം.പിയും എം.എൽ.എയും കോൺഗ്രസിൽ

ആഴ്ചകൾക്കുമുൻപ് രണ്ട് ബി.ആർ.എസ് എം.പിമാർ ബി.ജെ.പിയിലേക്കു കൂടുമാറിയിരുന്നു

MediaOne Logo

Web Desk

  • Published:

    17 March 2024 12:34 PM GMT

Blow to BRS in Telangana: Sitting Chevealla MP Rajnit Reddy, MLA D Nagender join Congress, Lok Sabha elections 2024, BRS MLA and MP join Congress
X

ഹൈദരാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് തൊട്ടരികെ നിൽക്കെ തെലങ്കാനയിൽ ഭാരത് രാഷ്ട്ര സമിതിക്ക്(ബി.ആർ.എസ്) വീണ്ടും തിരിച്ചടി. ഒരു എം.പിയും എം.എൽ.എയും ബി.ആർ.എസ് വിട്ട് കോൺഗ്രസിൽ ചേർന്നു. ചെവെല്ല സിറ്റിങ് എം.പി ഡോ. രഞ്ജിത്ത് റെഡ്ഡിയും ഖൈറത്താബാദ് എം.എൽ.എ ധനം നാഗേന്ദറുമാണ് കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.

നാഗേന്ദർ ബി.ആർ.എസ് വിടുമെന്നു നേരത്തെ തന്നെ സൂചനയുണ്ടായിരുന്നെങ്കിലും രഞ്ജിത്ത് റെഡ്ഡിയുടെ നീക്കം പാർട്ടി കേന്ദ്രങ്ങളെ ഞെട്ടിപ്പിച്ചിരിക്കുകയാണ്. അടുത്തിടെ നിരവധി എം.എൽ.എമാരും എം.പിമാരുമാണ് ബി.ആർ.എസ് വിട്ട് മറ്റ് പാർട്ടികളിൽ ചേക്കേറിയത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയില്‍നിന്നാണ് നാഗേന്ദറും റെഡ്ഡിയും കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.

2019 തെരഞ്ഞെടുപ്പിലാണ് രഞ്ജിത്ത് റെഡ്ഡി ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്. അന്ന് കോൺഗ്രസ് നേതാവായിരുന്ന വിശ്വേശ്വർ റെഡ്ഡിയെയായിരുന്നു തോൽപിച്ചത്. വിശ്വേശ്വർ പിന്നീട് ബി.ജെ.പിയിൽ ചേരുകയായിരുന്നു. ഗ്രേറ്റർ ഹൈദരാബാദ് മേഖലയിൽ വലിയ സ്വാധീനമുള്ള നേതാവാണ് നാഗേന്ദർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കു നേതൃത്വം നൽകാൻ പാർട്ടി പ്രതീക്ഷയർപ്പിച്ച നേതാവായിരുന്നു. നേരത്തെ കോൺഗ്രസിൽനിന്നു രാജിവച്ചാണ് ധനം നാഗേന്ദർ അന്നത്തെ ടി.ആർ.എസ്സിൽ എത്തിയത്. ഇപ്പോൾ പഴയ തട്ടകത്തിലേക്കു തന്നെ തിരിച്ചുപോയിരിക്കുകയാണ്.

കഴിഞ്ഞ ഫെബ്രുവരി അവസാനത്തിലാണ് നാഗർ കർണൂൽ എം.പി പോത്തുഗണ്ടി രാമുലു ബി.ആർ.എസ് വിട്ട് ബി.ജെ.പിയിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെ സഹീറാബാദ് എം.പി ബി.ബി പാട്ടീലും രാമുലുവിന്റെ വഴിയേ ബി.ജെ.പിയിലെത്തി. പാർട്ടി സാമാജികരുടെയും പ്രമുഖ നേതാക്കളുടെയും കൂടുമാറ്റത്തോടെ തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവു നയിക്കുന്ന ബി.ആർ.എസ് വലിയ പ്രതിസന്ധിയാണു മുന്നിൽകാണുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനോടേറ്റ തോൽവിക്കുശേഷം പാർട്ടിക്കു കനത്ത തിരിച്ചടിയാകുന്ന വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

അടുത്തിടെ, മേട്ച്ചൽ എം.എൽ.എയും കഴിഞ്ഞ കെ.സി.ആർ സർക്കാരിൽ മന്ത്രിയുമായിരുന്ന മല്ല റെഡ്ഡി കോൺഗ്രസിൽ ചേർന്നേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. വാർത്തകൾ നിഷേധിച്ച് പിന്നീട് റെഡ്ഡി തന്നെ രംഗത്തെത്തിയെങ്കിലും കൂടുമാറ്റ സാധ്യതകൾ ഇനിയും അന്തരീക്ഷത്തിൽ നിൽക്കുന്നുണ്ട്.

തെലങ്കാനയിൽ 17 ലോക്‌സഭാ സീറ്റുകളാണുള്ളത്. 2019ൽ ഒൻപതിടത്തു വിജയിച്ച് ബി.ആർ.എസ് ആണു നേട്ടമുണ്ടാക്കിയത്. ബി.ജെ.പിക്ക് നാലും കോൺഗ്രസിന് മൂന്നും എ.ഐ.എം.ഐ.എമ്മിന് ഒരു സീറ്റുമാണു ലഭിച്ചത്.

Summary: Blow to BRS in Telangana: Sitting MP Rajnit Reddy, MLA D Nagender join Congress

TAGS :

Next Story