Quantcast

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; പൊളിച്ചത് കൊലക്കേസ് പ്രതിയുമായി ബന്ധമുള്ളവരുടെ വീടുകളെന്ന് സര്‍ക്കാര്‍

കൊലപാതക കേസിലെ പ്രതിയും മുന്‍ എം.പിയുമായ അതീഖ് അഹമ്മദുമായി ബന്ധമുള്ളവരുടെ വീടുകളാണ് പൊളിക്കുന്നതെന്ന് സർക്കാർ

MediaOne Logo

Web Desk

  • Updated:

    2023-03-02 11:57:00.0

Published:

2 March 2023 11:53 AM GMT

gangster turned former mp Atiq Ahmeds aide home bulldozer
X

പ്രയാഗ്‍രാജ്: അനധികൃത നിർമാണം ആരോപിച്ച് പ്രയാഗ്‍രാജിലെ വീടുകൾ ഉത്തര്‍പ്രദേശ് സർക്കാർ പൊളിച്ചുനീക്കുന്നു. ബി.എസ്.പി എം.എൽ.എ രാജു പാൽ കൊലപാതക കേസിലെ പ്രതിയും മുന്‍ എം.പിയുമായ അതീഖ് അഹമ്മദുമായി ബന്ധമുള്ളവരുടെ വീടുകളാണ് പൊളിക്കുന്നതെന്നാണ് സർക്കാർ വാദം. എന്നാൽ ന്യൂനപക്ഷ വേട്ടയാണ് നടക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി ആരോപിച്ചു.

തുടർച്ചയായ രണ്ടാം ദിവസമാണ് പ്രയാഗ് രാജിൽ ബുൾഡോസർ ഉപയോഗിച്ച് വീടുകൾ പൊളിച്ച് നീക്കുന്നത്. കൊലപാതക കേസിൽ ജയിലിൽ കഴിയുന്ന അതീഖ് അഹമ്മദുമായി ബന്ധമുള്ളവർ നടത്തിയ അനധികൃത നിർമാണമാണ് പൊളിച്ചുനീക്കുന്നത് എന്നാണ് ഉത്തർപ്രദേശ് സർക്കാരിന്‍റെ വാദം. 2005ല്‍ ബി.എസ്.പി എം.എൽ.എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിൽ ഗുജറാത്തിൽ ജയിൽ ശിക്ഷ അനുഭവിക്കുകയാണ് അതീഖ് അഹമ്മദ്. ഇതേ കേസിലെ മുഖ്യ സാക്ഷിയായ ഉമേഷ് പാലിനെ കഴിഞ്ഞ മാസം കൊലപ്പെടുത്തിയതും അതീഖ് അഹമ്മദിന്‍റെ കൂട്ടാളികളാണെന്ന് ഉത്തർപ്രദേശ് പൊലീസ് കണ്ടെത്തിയിരുന്നു.

പിന്നാലെയാണ് ഗുണ്ടാസംഘങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തർപ്രദേശ് നിയമസഭയിൽ പ്രഖ്യാപിച്ചത്. എന്നാൽ തങ്ങൾക്ക് അതീഖ് അഹമ്മദുമായി ബന്ധമില്ലെന്ന് വീട് നഷ്ടപ്പെട്ടവർ പറഞ്ഞു. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് വീടുകൾ പൊളിച്ച് നീക്കിയതെന്നും വീട് നഷ്ടപ്പെട്ടവർ പറയുന്നു.

ഗുണ്ടാ സംഘങ്ങൾക്കെതിരെ എന്ന പേരിൽ ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള അതിക്രമമാണ് ഉത്തർപ്രദേശിൽ നടക്കുന്നതെന്ന് സമാജ്‌വാദി പാർട്ടി ആരോപിച്ചു. ഇന്നലെ അതീഖ് അഹമ്മദിന്‍റെ പ്രയാഗ് രാജിലെ വീടും ബുൾഡോസർ ഉപയോഗിച്ച് ഉത്തർപ്രദേശ് സര്‍ക്കാര്‍ പൊളിച്ച് നീക്കിയിരുന്നു. ഗുണ്ടാ സംഘത്തിന്‍റെ ആക്രമണത്തിൽ ഉമേഷ് പാലിനൊപ്പം വെടിയേറ്റ പൊലീസ് കോൺസ്റ്റബിൾ ഇന്നലെ മരിച്ചതോടെയാണ് അതീഖ് അഹമ്മദിനെതിരെയുള്ള നടപടി സര്‍ക്കാര്‍ കടുപ്പിച്ചത്.

Summary- Days after the sensational daylight killing of a murder witness in Uttar Pradesh, bulldozers showed up at the home of a close relative of gangster Atiq Ahmed

TAGS :

Next Story