Quantcast

റോഡിൽ അഴിയാത്ത കുരുക്ക്; അവസാനം ഹെലികോപ്ടർ വിളിച്ച് വ്യവസായി

ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനായി എക്‌സ്പ്രസ് വേയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചുള്ള ചില നിർദേശങ്ങളും അദ്ദേഹം പങ്കുവെച്ചു

MediaOne Logo
റോഡിൽ അഴിയാത്ത കുരുക്ക്; അവസാനം ഹെലികോപ്ടർ വിളിച്ച് വ്യവസായി
X

പുനൈ: മുബൈ-പുനൈ എക്‌സ്പ്രസ് വേയിൽ ടാങ്കർ ലോറി മറിഞ്ഞതിനെ തുടർന്ന് രൂപപ്പെട്ട ബ്ലോക്ക് മണിക്കൂറുകളാണ് യാത്രക്കാരെ വലച്ചത്. ടാങ്കറിൽ പൊട്ടിത്തെറിക്കാൻ സാധ്യതയുള്ള വസ്തു ഉണ്ടെന്ന് അറിഞ്ഞതോടെ എക്‌സ്പ്രസ് വേ പൂർണമായി ബ്ലോക്ക് ചെയ്യുകയായിരുന്നു. ലക്ഷ കണക്കിന് യാത്രക്കാരാണ് മണിക്കൂറുകളോളം ബ്ലോക്കിൽ കുടുങ്ങിയത്. അങ്ങനെ എട്ട് മണിക്കൂർ ബ്ലോക്കിൽ കുടിങ്ങിയതിന് ശേഷം ഹെലികോപ്ടറിനെ അഭയം പ്രാപിച്ച വ്യവസായിയുടെ വാർത്തകളാണ് പുറത്തു വരുന്നത്.

വ്യവസായി തന്നെയാണ് ഹെലികോപ്ടറിൽ കയറി പോവുന്നതിൻ്റെയും താഴത്ത് രൂപപ്പെട്ടിട്ടുള്ള വലിയ ബ്ലോക്കുകളുടേയും ദൃശ്യം എക്‌സ് പ്ലാറ്റ് ഫോമിലൂടെ പങ്കുവെച്ചിരിക്കുന്നത്. പിനാക്കിൾ ഇൻഡസ്ട്രീസ് ചെയർമാൻ സുധീർ മെഹ്തയാണ് എട്ടു മണിക്കൂർ നേരം റോഡിൽ കുടുങ്ങിയത്. അതിന് ശേഷമാണ് ഹെലികോപ്ടർ വിളിച്ച് അദ്ദേഹം മുബൈയിലേക്ക് പോയത്. ഇത്തരം സാഹചര്യങ്ങളെ കൈകാര്യം ചെയ്യാനായി എക്‌സ്പ്രസ് വേയിൽ വരുത്തേണ്ട ചില മാറ്റങ്ങളെ കുറിച്ചുള്ള ചില നിർദേശങ്ങളും അദ്ദേഹം പങ്കുവെക്കുന്നുണ്ട്.

'ഒരു ഗ്യാസ് ടാങ്കർ കാരണം ലക്ഷക്കണക്കിന് ആളുകളാണ് കഴിഞ്ഞ 18 മണിക്കൂറായി മുംബൈ-പുനൈ എക്‌സ്പ്രസ് വേയിൽ കുടുങ്ങിക്കിടക്കുന്നത്. ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ വാഹനങ്ങൾക്ക് തിരിച്ചുപോകാൻ കഴിയുന്ന തരത്തിൽ എക്‌സ്പ്രസ് വേയുടെ വിവിധ ഭാഗങ്ങളിൽ എക്‌സിറ്റ് പോയിന്റുകൾ നിർമ്മിക്കണം, ഒരു ഹെലിപാഡ് നിർമ്മിക്കാൻ പത്തു ലക്ഷം രൂപയിൽ താഴെ മാത്രമേ ചെലവാകൂ എന്നും ഒരേക്കറിൽ താഴെ ഭൂമി മതിയാകുമെന്നും അദ്ദേഹം പറയുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ ഒഴിപ്പിക്കാൻ എക്‌സ്പ്രസ് വേയ്ക്ക് സമീപം വിവിധയിടങ്ങളിൽ ഹെലിപാഡുകൾ നിർബന്ധമാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ഖണ്ടാല ഘട്ട് മേഖലയിലെ അടോഷി തുരങ്കത്തിന് സമീപമാണ് പ്രൊപ്പിലീൻ ഗ്യാസ് കയറ്റിയ ടാങ്കർ മറിഞ്ഞത്. ഇതോടെ 20 കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. സ്ത്രീകളും കുട്ടികളും അടക്കമുള്ള ആയിരക്കണക്കിന് യാത്രക്കാർ ഭക്ഷണവും വെള്ളവും പ്രഥമികാവശ്യങ്ങൾക്കുള്ള സൗകര്യവുമില്ലാതെ മണിക്കൂറുകളോളം വാഹനത്തിൽ കഴിയേണ്ടി വന്നു. അപകടത്തിൽപ്പെട്ട ടാങ്കർ നീക്കം ചെയ്തതിനെത്തുടർന്ന് വ്യാഴാഴ്ച പുലർച്ചെ 1.46-ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകടം നടന്ന് 33 മണിക്കൂറിന് ശേഷമാണ് മുംബൈയിലേക്കുള്ള പാത തുറന്നുകൊടുത്തത്. ഇന്ത്യയിലെ ആദ്യത്തെ ആറുവരി കോൺക്രീറ്റ് എക്‌സ്പ്രസ് വേയാണ് മുംബൈ-പുനൈയിലേത്.




TAGS :

Next Story