Quantcast

വിദേശിയായി മുദ്രകുത്തി ബംഗ്ലാദേശിലേക്ക് നാടുകടത്തി; കുടുംബത്തെ തിരികെയെത്തിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ്

സുനാലിയെയും ഭർത്താവിനെയും മകനെയും മൂന്ന് പേരടങ്ങുന്ന മറ്റുകുടുംബവും ഉൾപ്പെടെയാണ് നാടുകടത്തിയത്

MediaOne Logo

Web Desk

  • Published:

    29 Sept 2025 8:37 PM IST

വിദേശിയായി മുദ്രകുത്തി ബംഗ്ലാദേശിലേക്ക് നാടുകടത്തി; കുടുംബത്തെ തിരികെയെത്തിക്കാൻ കൊൽക്കത്ത ഹൈക്കോടതി ഉത്തരവ്
X

കൊൽക്കത്ത: വിദേശിയെന്നാരോപിച്ച് ബംഗ്ലാദേശിലേക്ക് നാടുകടത്തിയ ബംഗാളി വംശജയായ സുനാലി ഖാത്തൂനെയും കുടുംബത്തെയും നാലാഴ്ചക്കുള്ളിൽ ബംഗ്ലാദേശിൽനിന്ന് തിരികെയെത്തിക്കാൻ കൊൽക്കത്ത ഹൈക്കോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി. സുനാലിയെയും ഭർത്താവിനെയും മകനെയും മൂന്ന് പേരടങ്ങുന്ന മറ്റുകുടുംബവും ഉൾപ്പെടെയാണ് നാടുകടത്തിയത്.

ജസ്റ്റിസുമാരായ റിതോബ്രതോ കുമാർ മിത്ര, തപബ്രത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് നടപടി. ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷനുമായി ഏകോപിപ്പിച്ച് ഇവരെ തിരികെ കൊണ്ടുവരാനാണ് നിർദേശം. ഡൽഹിയിലെ ബംഗാളി ബസ്‌തിയിൽ നിന്ന് ജൂൺ 20നാണ് സുനാലിയെയും ഭർത്താവ് ഡാനിഷ് ഷെയ്ഖിനും മകൻ സാബിറിനു(8) മൊപ്പം പൊലിസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് ബംഗ്ലാദേശിലേക്ക് നാടുകടത്തി.

സുനാലിയുടെ പിതാവ് ബോദു ഷെയ്ഖ് നൽകിയ ഹരജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ നിർദേശം. ന്യായമായ വാദം കേൾക്കലോ ശരിയായ പരിശോധനയോ കൂടാതെയാണ് അവരെ നാടുകടത്തിയതെന്നും മകൾക്ക് ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും അതുപോലും പരിഗണിക്കാതെ വിദേശികളോടെന്നത് പോലെയാണ് പെരുമാറിയതെന്നും ബോദു ഹരജിയിൽ ചൂണ്ടിക്കാട്ടി. ഇക്കാര്യം ശരിവച്ച കോടതി മതിയായ നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയാണ് നാടുകടത്തലെന്ന് നിരീക്ഷിച്ചു. ഇവരുടെ തിരിച്ചറിയൽ രേഖകളിലെ ചെറിയ തെറ്റുകൾ ഡൽഹി പൊലിസ് ചൂണ്ടിക്കാട്ടിയെങ്കിലും ഹരജിക്കാരുടെ നിരക്ഷരത പരിഗണിച്ച് ഈ വാദം കോടതി അവഗണിച്ചു.

സുനാലിയെക്കുറിച്ചുള്ള ആഭ്യന്തരമന്ത്രാലയത്തിൻ്റെ കൈവശമുള്ള രേഖകളുടെ ആധികാരികതയെയും കോടതി ചോദ്യംചെയ്‌തു. 1998ൽ അതിർത്തി വഴി സുനാലി ഇന്ത്യയിലെത്തിയെന്നാണ് രേഖയിലുള്ളത്. എന്നാൽ ആധാറിലും പാൻകാർഡിലും മറ്റ് രേഖകളിലും അവർ ജനിച്ചത് 2000ൽ ആണെന്നാണെന്ന് കോടതി സൂചിപ്പിച്ചു. ജീവിക്കാനുള്ള അവകാശവും വ്യക്തിസ്വാതന്ത്ര്യവും മതിയായ നടപടിക്രമങ്ങളില്ലാതെ കുറുക്കുവഴികളിലൂടെ വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു.

TAGS :

Next Story