മുംബൈയുടെ അടുത്ത മേയറായി ഒരു മുസ്‌ലിം വരുമോ എന്ന് അവതാരക; വിചിത്ര മറുപടിയുമായി ബിജെപി മന്ത്രി
കോർപ്പറേഷനിൽ മുമ്പ് മുസ്‌ലിം മേയറുണ്ടായിരുന്നതും അവതാരക ഓർമിപ്പിച്ചു

- Published:
11 Jan 2026 8:06 PM IST

ന്യൂഡൽഹി: മുംബൈയുടെ അടുത്ത മേയറായി ഒരു മുസ്‌ലിം വരുമോ എന്ന ചോദ്യത്തിന് വിചിത്ര മറുപടിയുമായി ബിജെപി മന്ത്രി. എൻഡിടിവി പവർ പ്ലേയിലാണ് മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണെയുടെ മറുപടി. ഒരു ഹിന്ദുവും മണ്ണിന്റെ മകനുമകനും മാത്രമേ മേയറാകാൻ കഴിയൂ എന്നായിരുന്നു റാണെയുടെ ഉത്തരം. മുംബൈ മുനിസിപ്പൽ കോർപ്പറേഷനിൽ മുമ്പ് മുസ്‌ലിം മേയറുണ്ടായത് അവതാരക ഓർമിപ്പിച്ചു. കോർപ്പറേഷനിൽ മുമ്പ് മുസ്‌ലിം മേയർമാർ ഉണ്ടായിരുന്നെങ്കിലും ഇനി അത് സാധ്യമല്ലെന്ന് മന്ത്രി പറഞ്ഞു.
മുംബൈ അതിന്റേതായ രീതിയിൽ ഒരു സെൻസിറ്റീവ് നഗരമായതിനാലാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ഇത് സാമ്പത്തിക തലസ്ഥാനമാണ്. അതുകൊണ്ട് ഇവിടുത്തെ മേയർ ഒരു ഹിന്ദുവും, അതും ഒരു മറാത്തിയുമായിരിക്കണമെന്നും റാണെ പറഞ്ഞു.
വന്ദേമാതരം ചൊല്ലുകയും നമ്മുടെ ദേശീയ പതാകയെ ബഹുമാനിക്കുകയും ചെയ്യുന്ന ഒരു ദേശീയ മുസ്‌ലിംമുമായി തങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല. പക്ഷേ ജിഹാദ് നടത്താൻ ഇവിടെയുള്ളവരെ ഞങ്ങൾ വെറുതെ വിടില്ലയെന്നും അദ്ദേഹം പറഞ്ഞു.
ശരിയായ മനോഭാവമുള്ള ആർക്കും മേയർ സ്ഥാനം നൽകാൻ കഴിയില്ലേ എന്ന ചോദ്യത്തിന്, ആ സ്ഥാനം നൽകുന്നതിനെക്കുറിച്ചല്ല ഇതെന്നും നഗരത്തിന്റെ സുരക്ഷയും സംവേദനക്ഷമതയും മനസ്സിൽ സൂക്ഷിക്കണമെന്നുെ മന്ത്രി പറഞ്ഞു.
ബ്രിഹൻമുംബൈ കോർപ്പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് ജനുവരി 15 ന് നടക്കും. ഭരണകക്ഷിയായ മഹായുതിക്കും പ്രതിപക്ഷമായ ശിവസേന യുബിടിക്കും സഖ്യകക്ഷികൾക്കും ഈ തിരഞ്ഞെടുപ്പ് രാഷ്ട്രീയമായി നിർണായകമാണ്.
ഏഷ്യയിലെ ഏറ്റവും വലിയ മുനിസിപ്പാലിറ്റിയായ മുംബൈ മുനിസിപ്പാലിറ്റി പതിറ്റാണ്ടുകളായി ശിവസേനയുടെ നിയന്ത്രണത്തിലാണ്. പാർട്ടിയിലെ പിളർപ്പിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് കൂടുതൽ ചർച്ചയായത്.
Adjust Story Font
16
