Quantcast

'എട്ട് വര്‍ഷം മുൻപ് ഇന്ത്യയിലേക്ക് താമസം മാറിയതാണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം'; വീഡിയോയുമായി കനേഡിയൻ ടെക് ഇൻഫ്ലുവൻസർ

സാങ്കേതിക വിദ്യയുടെ കാര്യത്തിലും രാജ്യം മുന്‍പന്തിയിലാണെന്നും കാലെബ്

MediaOne Logo
എട്ട് വര്‍ഷം മുൻപ് ഇന്ത്യയിലേക്ക് താമസം മാറിയതാണ് ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം; വീഡിയോയുമായി കനേഡിയൻ ടെക് ഇൻഫ്ലുവൻസർ
X

ബംഗളൂരു: ഇന്ത്യയിലെ പല നഗരങ്ങളും വിദേശികളായ സഞ്ചാരികളെ ആകര്‍ഷിക്കാറുണ്ടെങ്കിലും പല വിദേശ ഇന്‍ഫ്ലുവന്‍സര്‍മാരും ഒരു അവികസിത രാജ്യമെന്ന രീതിയിലാണ് നമ്മുടെ രാജ്യത്തെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാറുള്ളത്. നമ്മുടെ നാടിന്‍റെ ശുചിത്വത്തെക്കുറിച്ചും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെക്കുറിച്ചുമുള്ള വിദേശികളുടെ വീഡിയോകൾ പലപ്പോഴും സോഷ്യൽമീഡിയയിൽ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തനാണ് കഴിഞ്ഞ എട്ട് വര്‍ഷമായി ഇന്ത്യയിൽ താമസിക്കുന്ന കനേഡിയൻ ടെക് ഇൻഫ്ലുവൻസർ കാലേബ് ഫ്രീസെൻ.

ഇന്ത്യയെ സ്വന്തം നാടായി കാണുന്ന കാലേബ് എക്സിൽ പങ്കിട്ട വീഡിയോക്ക് താഴെ നിരവധി പേരാണ് ഇൻഫ്ലുവൻസറെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഇന്ത്യയിലേക്ക് താമസം മാറിയതാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്നും കാലേബ് പറയുന്നു. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി താൻ ഇന്ത്യയുടെ മാറ്റത്തെ നോക്കിക്കാണുകയാണെന്നും അദ്ദേഹം വിശദീകരിക്കുന്നു. വിദേശികൾ, പ്രത്യേകിച്ച് ട്രാവൽ ഇന്‍ഫ്ലുവൻസര്‍മാര്‍ രാജ്യത്തിന്‍റെ കുഴപ്പത്തിലായതോ അവികസിതമായതോ ആയ വശം മാത്രമേ പ്രദർശിപ്പിക്കുന്നുള്ളുവെന്ന് ഫ്രീസെൻ വീഡിയോയിൽ ചൂണ്ടിക്കാണിക്കുന്നു.

ശുചിത്വം, അല്ലെങ്കിൽ തകർന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രാജ്യത്തെക്കുറിച്ച് അപൂര്‍ണമായ ചിത്രം വരയ്ക്കുകയും ഇന്ത്യയുടെ ദ്രുതഗതിയിലുള്ള പുരോഗതിയെ അവഗണിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറയുന്നു. ഈ വളച്ചൊടിക്കൽ പ്രത്യേകിച്ച് അവസരങ്ങളുടെയും സാധ്യതകളുടെയും കാര്യത്തിൽ ഇന്ത്യയെ ആഗോളതലത്തിൽ കുറച്ചുകാണുന്നതിന് കാരണമായിട്ടുണ്ടെന്ന് ഫ്രീസെൻ വിശ്വസിക്കുന്നു.

അടിസ്ഥാന സൗകര്യങ്ങൾ, നഗരവികസനം, ജീവിത നിലവാരം എന്നിവയിലെ വൻ പുരോഗതി അദ്ദേഹം എടുത്തുകാണിക്കുന്നു. ആധുനിക വിമാനത്താവളങ്ങളും എക്സ്പ്രസ് വേകളും മുതൽ ഡിജിറ്റൽ പേയ്‌മെന്‍റുകൾ മുഖ്യധാരയിലേക്ക് മാറുന്നത് വരെ, മാറ്റം കാണാതിരിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു.ഇന്ത്യ പതിവായി സന്ദർശിക്കുന്ന ഏതൊരാൾക്കും ഈ വളർച്ച വ്യക്തമായി നിരീക്ഷിക്കാൻ കഴിയുമെന്നും പുതിയ പദ്ധതികൾ, കെട്ടിടങ്ങൾ, സംവിധാനങ്ങൾ എന്നിവ വളരെ വേഗത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ടെന്നും ഫ്രീസെൻ അഭിപ്രായപ്പെടുന്നു.സാങ്കേതിക വിദ്യയുടെ കാര്യത്തിലും രാജ്യം മുന്‍പന്തിയിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഫ്രീസെന്‍റെ വീഡിയോ വളരെ പെട്ടെന്ന് തന്നെ സോഷ്യൽമീഡിയയിൽ ചര്‍ച്ചയായി. നിരവധി ഉപയോക്താക്കൾ ഫ്രീസന്‍റെ നിരീക്ഷണങ്ങളോട് യോജിച്ചു. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ വികസിച്ചേക്കാമെങ്കിലും സമൂഹത്തിന്‍റെ മനോഭാവവും പെരുമാറ്റരീതിയും കൂടുതൽ ഇടുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇത് മാറാൻ സമയമെടുത്തേക്കുമെന്നും ഒരു കൂട്ടര്‍ അഭിപ്രായപ്പെട്ടു.

TAGS :

Next Story