മോദി പ്രധാനമന്ത്രിയായി തുടരുന്ന കാലത്തോളം എൻഡിഎ വിടില്ല: ചിരാഗ് പാസ്വാൻ
എൽജെപി എൻഡിഎ വിടുമെന്ന പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്നും ചിരാഗ് പാസ്വാൻ ആരോപിച്ചു.

പട്‌ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള അഭിപ്രായ ഭിന്നതകൾക്കിടെ എൻഡിഎ വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്ര മന്ത്രിയും ലോക് ജനശക്തി പാർട്ടി അധ്യക്ഷനുമായ ചിരാഗ് പാസ്വാൻ. നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തുടരുന്ന കാലത്തോളം സഖ്യം വിടില്ലെന്ന് അദ്ദേഹം പറഞ്ഞു. എൽജെപി എൻഡിഎ വിടുമെന്ന പ്രചാരണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്നും ചിരാഗ് പാസ്വാൻ ആരോപിച്ചു.
''എന്നെ എൻഡിഎയിൽ നിന്ന് അകറ്റാനുള്ള ഈ വ്യഗ്രത എന്തിനാണെന്ന് മനസ്സിലാകുന്നില്ല. എന്റെ ചെറിയ പ്രസ്താവനകൾ പോലും ഈ രീതിയിലാണ് പ്രചരിപ്പിക്കുന്നത്. 2020ലെ സാഹചര്യം പുനഃസൃഷ്ടിക്കാനാണ് കോൺഗ്രസും ആർജെഡിയും ശ്രമിക്കുന്നത്. അവരുടെ വഴി എളുപ്പമാക്കാനാണ് പ്രതിക്ഷം തന്നെ എൻഡിഎയിൽ നിന്ന് വേർപ്പെടുത്താൻ ശ്രമിക്കുന്നത്. നരേന്ദ്ര മോദി ഞങ്ങളുടെ സഖ്യത്തിന്റെ പ്രധാനമന്ത്രിയായി തുടരുന്ന കാലത്തോളം എൻഡിഎ വിടുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല എന്ന് പല തവണ വ്യക്തമാക്കിയതാണ്''- ചിരാഗ് പാസ്വാൻ പറഞ്ഞു.
ഈ വർഷം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ 243 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ നിർത്തുമെന്ന് ചിരാഗ് പാസ്വാൻ നേരത്തെ പറഞ്ഞിരുന്നു. എന്നാൽ ഇത്തവണ അതിനെക്കുറിച്ച് അദ്ദേഹം മൗനം പാലിച്ചു.
കൂടുതൽ സീറ്റുകൾ ആവശ്യപ്പെടുമോ എന്നത് സംബന്ധിച്ച് ഇപ്പോൾ പറയാനാവില്ല. അത് സീറ്റ് വിഭജന ചർച്ചകൾ നടക്കുമ്പോൾ പറയേണ്ട കാര്യമാണ്. മുന്നണിയുടെ രീതികളെക്കുറിച്ച് തനിക്ക് ധാരണയുണ്ട്. തന്റെ പാർട്ടി എത്ര സീറ്റുകൾ ആവശ്യപ്പെടുമെന്ന് പരസ്യമായി പറയാനാവില്ലെന്നും ചിരാഗ് പാസ്വാൻ വ്യക്തമാക്കി.
Adjust Story Font
16

