'എന്തും ചെയ്യാന്‍ കഴിവുള്ളയാള്‍, അജിത് പവാറിന്റെ മരണത്തില്‍ സുനില്‍ തത്ക്കരെക്ക് പങ്കുണ്ടോ?' അന്വേഷണം ആവശ്യപ്പെട്ട് ശിവസേന നേതാവ്
സുനിൽ തത്ക്കരെ അടക്കമുള്ള എൻസിപിയിലെ ഒരു വിഭാഗം അടുത്തിടെ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

- Updated:
2026-11-10 11:23:46

സുനില്‍ തത്ക്കരെ- രാംദാസ് കദം- അജിത് പവാര്‍
മുംബൈ: മഹാരാഷ്ട്രയിലെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നതിന്റെ സൂചന നൽകി ഷിന്‍ഡെ വിഭാഗം ശിവസേന നേതാവ് രാംദാസ് കദം. മുൻ ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിൽ എൻസിപി എംപി സുനിൽ തത്കരെക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
സുനിൽ തത്കരെ അധികാരാഭിലാഷങ്ങൾക്കായി ഏതുതലത്തോളം താഴാനും മടിക്കാത്ത ആളാണെന്ന് രാംദാസ് കദം ആരോപിച്ചു. ഉപമുഖ്യമന്ത്രി പദവിയിൽ കണ്ണുവെച്ചാണ് തത്കരെ നീങ്ങുന്നതെന്നും അജിതിന്റെ മരണശേഷം അദ്ദേഹത്തിന്റെ ഭാര്യ സുനേത്രയ്ക്ക് ലഭിച്ച ഉപമുഖ്യമന്ത്രി പദവി തത്കരെയും ആഗ്രഹിച്ചിരുന്നുവെന്നും കദം ആരോപിച്ചു.
"തത്കരെയുടെ സ്വാർത്ഥ ലക്ഷ്യങ്ങൾ ഭയപ്പെടുത്തുന്നതാണ്. മുതിർന്ന കോൺഗ്രസ് നേതാവായിരുന്ന എ.ആർ അന്തുലെയുടെ പിഎ ആയിരുന്ന അദ്ദേഹം അന്തുലെയുടെ രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചു. തന്നോട് അടുക്കുന്ന എല്ലാവരെയും ഇല്ലാതാക്കുന്ന സ്വഭാവമാണ് അദ്ദേഹത്തിനുള്ളത്. ഇപ്പോൾ അജിത് പവാറിന്റെ ദുരൂഹമരണത്തിൽ അദ്ദേഹത്തിന് പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇതിൽ സമഗ്രമായ അന്വേഷണം നടത്തണം"- മുന്‍ എംഎല്‍എ കൂടിയായ രാംദാസ് കദം പറഞ്ഞു.
അതേസമയം കദത്തിന്റെ ആരോപണങ്ങളെ തള്ളി എന്‍സിപി രംഗത്ത് എത്തി. അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയല്ലെന്നും, ആരോപണങ്ങൾ തെളിയിക്കാനുള്ള ബാധ്യത കദത്തിനുണ്ടെന്നും പാര്‍ട്ടി വക്താവ് ഉമേഷ് പാട്ടീല്‍ വ്യക്തമാക്കി. കൊങ്കൺ മേഖലയിലെ പഴയ രാഷ്ട്രീയ ശത്രുതയും അധികാര തർക്കങ്ങളുമാണ് ഈ പ്രസ്താവനയ്ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാല്‍ ആരോപണം ഗുരുതരമാണെന്നും സമഗ്രമായ അന്വേഷണം വേണമെന്നും കോൺഗ്രസ് നേതാവ് വിജയ് വഡേട്ടിവാർ ആവശ്യപ്പെട്ടു.
സുനില്‍ തത്ക്കരെ അടക്കമുള്ള അജിത് പവാർ വിഭാഗത്തിലെ മുതിർന്ന നേതാക്കൾ ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു. ധനഞ്ജയ് മുണ്ടെ, പ്രഫുൽ പട്ടേൽ, ഹസൻ മുഷ്രിഫ്, ഛഗൻ ഭുജ്ബൽ, ദിലീപ് വൽസെ പാട്ടീൽ എന്നിവരടങ്ങിയ ആറംഗ സംഘമാണ് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയിരുന്നത്. എന്‍സിപിയെ എന്‍ഡിഎ പാളയത്തിലെത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ചയെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് സുനേത്ര പവാര്‍ അറിഞ്ഞിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ എന്‍സിപി നേതൃത്വത്തിന്റെ അറിവോടെയാണ് ഈ സന്ദര്‍ശനമെന്നാണ് പാര്‍ട്ടി പുറമേക്ക് വിശദീകരിക്കുന്നത്. ഇരു എന്‍സിപികളുടെ ലയനവും എന്‍ഡിഎ പ്രവേശനവുമൊക്കെ സംസ്ഥാനത്ത് ഇപ്പോഴും ചൂടുള്ള വിഷയമാണ്.
Adjust Story Font
16
