Quantcast

കനത്ത മഴ; നാഗ്പൂരില്‍ പാലം കടക്കുന്നതിനിടെ കാര്‍ വെള്ളത്തില്‍ ഒലിച്ചുപോയി, 3 മരണം

സാവ്‌നർ തഹസിലുള്ള പാലം മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഒലിച്ചുപോയത്

MediaOne Logo

Web Desk

  • Published:

    13 July 2022 5:45 AM GMT

കനത്ത മഴ; നാഗ്പൂരില്‍ പാലം കടക്കുന്നതിനിടെ കാര്‍ വെള്ളത്തില്‍ ഒലിച്ചുപോയി, 3 മരണം
X

നാഗ്പൂര്‍: ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. നാഗ്പൂര്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ വെള്ളപ്പൊക്ക കെടുതി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. റോഡുകളും സ്ഥാപനങ്ങളുമെല്ലാം വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. പല ഞെട്ടിക്കുന്ന സംഭവങ്ങള്‍ക്കും നാഗ്പൂര്‍ സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. പാലം കടക്കുന്നതിനിടെ കാര്‍ വെള്ളത്തില്‍ ഒലിച്ചുപോയതാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന വാര്‍ത്ത.

സാവ്‌നർ തഹസിലുള്ള പാലം മുറിച്ചുകടക്കുന്നതിനിടെയാണ് കാര്‍ ഒലിച്ചുപോയത്. ഒരു സ്ത്രീ ഉള്‍പ്പെടെ മൂന്നുപേര്‍ മരിക്കുകയും ചെയ്തു. ''എട്ട് യാത്രക്കാരുമായി എസ്‌യുവി ഇരുവശങ്ങളിലും റെയിലിംഗ് ഇല്ലാത്ത പാലത്തിലൂടെ കടന്നുപോവുകയായിരുന്നു. പാലത്തിന് മുകളിലൂടെ ഒഴുകിയെത്തിയ വെള്ളത്തില്‍ വാഹനം ഒലിച്ചുപോയി. രണ്ട് യാത്രക്കാർ നീന്തി രക്ഷപ്പെട്ടപ്പോൾ മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു, മറ്റ് മൂന്ന് പേരെ കാണാതായിട്ടുണ്ട്'' ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞു.

മരിച്ചവര്‍ മധ്യപ്രദേശിലെ മുൾട്ടായി സ്വദേശികളാണ്. നാഗ്പൂരില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്ത് മടങ്ങിപ്പോകുന്നതിനിടെയാണ് അപകടം. റോഷ്‌നി ചൗകിദാർ (32), ദർശ് ചൗകിദാർ (10), എസ്‌യുവി ഡ്രൈവർ ലീലാധർ ഹിവാരെ (38) എന്നിവരാണ് മരിച്ചത്. മധുകർ പാട്ടീൽ (65), ഭാര്യ നിർമല (60), നീമു ആറ്റ്‌നർ (45) എന്നിവരെയാണ് കാണാതായത്. കാര്‍ മുങ്ങിത്താഴുമ്പോള്‍ ഒരു കൂട്ടം ആളുകള്‍ നോക്കിനില്‍ക്കുന്നത് ചിത്രങ്ങളില്‍ കാണാം. ആരും വെള്ളത്തിലേക്ക് ഇറങ്ങാനോ രക്ഷിക്കാനോ തയ്യാറായില്ല. ചിലര്‍ മൊബൈലില്‍ ഫോട്ടോയും വീഡിയോയും എടുക്കുന്നതിന്‍റെ തിരക്കിലായിരുന്നു.

ജൂൺ 1 മുതൽ ജൂലൈ 10 വരെ മഹാരാഷ്ട്രയിൽ മഴക്കെടുതിയിൽ 83 പേർ മരിച്ചതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തു. മുംബൈയും സമീപ പ്രദേശങ്ങളും ഉൾപ്പെടെ സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും ജൂൺ 1 മുതൽ ജൂലൈ 10 വരെ കനത്ത മഴ ലഭിച്ചു.വടക്കൻ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ 12 മരണങ്ങളും നാഗ്പൂരിൽ നാല് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

TAGS :

Next Story