Quantcast

റോഡിൽ ഈദ് നമസ്‌കാരം; യുപിയിൽ 2000ത്തോളം പേർക്കെതിരെ കേസ്

വൈകിയെത്തിയവരും പ്രാർത്ഥന നടക്കുന്നിടത്ത് ഇടമില്ലാത്തവരും മാത്രമാണ് റോഡിലിറങ്ങി നിന്നതെന്നും അഖിലേന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് അംഗം മുഹമ്മദ് സുലൈമാൻ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    28 April 2023 3:26 AM GMT

Eid Namaz_case
X

കാൺപൂർ: ഈദ് നമസ്കാരം നടത്തിയതിന് രണ്ടായിരത്തോളം പേർക്കെതിരെ കേസെടുത്ത് യുപി പൊലീസ്. ഈദ്ഗാഹിന് റോഡിൽ അനുവാദമില്ലാതെ നമസ്കരിച്ചതിനാണ് കേസെടുത്തതെന്ന് പൊലീസ് അറിയിച്ചു. ബജാരിയ, ബാബു പൂർവ, ജജ്മൗ പൊലീസ് സ്റ്റേഷനുകളിൽ മൂന്ന് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

ആളുകൾ റോഡിൽ നമസ്‌കരിക്കുന്നതിന്റെ വീഡിയോയും പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. വീഡിയോയുടെ അടിസ്ഥാനത്തിൽ ആളുകളെ തിരിച്ചറിഞ്ഞ ശേഷം നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു.

അഖിലേന്ത്യ മുസ്‌ലിം വ്യക്തിനിയമ ബോർഡ് അംഗം മുഹമ്മദ് സുലൈമാൻ പൊലീസ് നടപടിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. മതത്തിന്റെ അടിസ്ഥാനത്തിൽ യുപി പൊലീസ് തങ്ങളെ ലക്ഷ്യമിടുകയാണെന്ന് സുലൈമാൻ ആരോപിച്ചു. ഈദ്ഗാഹിന് പുറത്തുള്ള റോഡിൽ കുറച്ച് ആളുകൾ മാത്രമാണ് നമസ്കരിച്ചത്. വൈകിയെത്തിയവരും പ്രാർത്ഥന നടക്കുന്നിടത്ത് ഇടമില്ലാത്തവരും മാത്രമാണ് റോഡിലിറങ്ങി നിന്നതെന്നും അദ്ദേഹം പറഞ്ഞു.

സീനിയർ സബ് ഇൻസ്‌പെക്ടർ (എസ്‌എസ്‌ഐ) ഓംവീർ സിങ്ങിന്റെ പരാതിയിൽ ഈദ്ഗാഹ് മാനേജ്‌മെന്റ് കമ്മിറ്റിയിലെ ചില അംഗങ്ങൾ ഉൾപ്പെടെ 1500ലേറെ പേർക്കെതിരെയാണ് ബജാരിയ പോലീസ് സ്‌റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 144-ാം വകുപ്പ് ലംഘിച്ച് പെരുന്നാൾ ദിനത്തിൽ നമസ്‌കാരത്തിന് ആഹ്വാനം ചെയ്‌തുകൊണ്ട്‌ നിരവധി പേർ റോഡിൽ നമസ്‌കരിക്കാൻ ഇറങ്ങിയതായാണ് ഓംവീർ സിംഗിന്റെ പരാതി.

അതേസമയം, 300ഓളം പേർക്കെതിരെ ജാജ്മൗ പോലീസ് കേസെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. അനുമതിയില്ലാതെ പൊതുവഴിയിൽ പ്രാർത്ഥന നടത്തിയതിന് ബാബു പൂർവ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ 50ലധികം പേർക്കെതിരെയും കേസെടുത്തു. ഐപിസി സെക്ഷൻ 186 (ചുമതല നിർവഹിക്കുന്നതിൽ പൊതുപ്രവർത്തകനെ തടസ്സപ്പെടുത്തൽ), 188 (പൊതുപ്രവർത്തകൻ യഥാവിധി പുറപ്പെടുവിച്ച ഉത്തരവ് അനുസരിക്കാത്തത്), 283 (പൊതുവഴിയിൽ അപകടം), 341 (തെറ്റായ നിയന്ത്രണത്തിനുള്ള ശിക്ഷ), 353 (ക്രിമിനൽ ഫോഴ്‌സ്) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കമ്മിറ്റിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പെരുന്നാൾ നമസ്‌കാരങ്ങൾ സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചതെന്നും തെരുവിൽ പ്രാർത്ഥനകൾ നടത്തരുതെന്ന് കർശന നിർദേശമുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

TAGS :

Next Story