അനധികൃത വിദേശ കുടിയേറ്റക്കാർക്ക് ജോലി നൽകി; റിസോർട്ട് ഉടമയായ യുവമോർച്ച നേതാവിനെതിരെ കേസ്
യുവമോർച്ച ഉഡുപ്പി ജില്ലാ പ്രസിഡന്റ് പൃഥ്വിരാജ് ഷെട്ടി ബില്ലാടിക്ക് എതിരെയാണ് കേസ്

മംഗളൂരു: അനധികൃത വിദേശ കുടിയേറ്റക്കാർക്ക് ജോലി നൽകിയ റിസോർട്ട് ഉടമക്കെതിരെ ബ്രഹ്മാവർ പൊലീസ് കേസെടുത്തു. യുവമോർച്ച ഉഡുപ്പി ജില്ലാ പ്രസിഡന്റ് പൃഥ്വിരാജ് ഷെട്ടി ബില്ലാടിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടിൽ അനധികൃതമായി ജോലി ചെയ്തിരുന്ന വിദേശ കുടിയേറ്റക്കാരെ കണ്ടെത്തിയതിനെ തുടർന്നാണ് കേസ്. ഗർഭിണിയായ വിദേശ വനിത ബർക്കൂറിലെ ഗവ. ആശുപത്രിയിൽ വൈദ്യസഹായം തേടിയതിനെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ആശുപത്രി അധികൃതർ തിരിച്ചറിയൽ രേഖകളും അനുബന്ധ രേഖകളും ആവശ്യപ്പെട്ടു. ഇവരുടെ കയ്യിൽ രേഖകളൊന്നും ഇല്ലാത്തതിനാൽ പൊലീസിൽ അറിയിക്കുകയായിരുന്നു.
ബ്രഹ്മാവർ പൊലീസ് സബ്- ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ഹനെഹള്ളി ഗ്രാമത്തിലെ കുറടി ശങ്കമ്മ തായ് റിസോർട്ടിൽ നടത്തിയ പരിശോധനയിൽ റീപക് ദമായ് (28), സുനിത ദമായ് (27), ഊർമിള (19), കൈലാഷ് ദമായ് (18), കപിൽ ദമായ് (19), സുനിത ദമായ് (21), മൂന്ന് പ്രായപൂർത്തിയാകാത്ത കുട്ടികൾ എന്നിങ്ങനെ ഒമ്പത് പേരെ കണ്ടെത്തി. ഇവരെല്ലാം റിസോർട്ടിലെ അനധികൃത താമസക്കാരാണ്.
പൊലീസ് റിപ്പോർട്ടുകൾ പ്രകാരം ഒമ്പത് പേരിൽ ആർക്കും ഇന്ത്യൻ പൗരത്വമില്ല. ജന്മദേശം തെളിയിക്കുന്ന രേഖകൾ നൽകാൻ അവർക്ക് കഴിഞ്ഞില്ല. ജനന സർട്ടിഫിക്കറ്റുകൾ, പാസ്പോർട്ടുകൾ, യാത്രാ രേഖകൾ, വിസകൾ എന്നിവയുൾപ്പെടെയുള്ള ഒരു തരത്തിലുള്ള തിരിച്ചറിയൽ രേഖയും വ്യക്തികളുടെ കൈവശം ഇല്ലായിരുന്നുവെന്നും ഇവർ നിയമവിരുദ്ധമായി ഇന്ത്യയിൽ പ്രവേശിച്ചതാണോ എന്ന് സംശയമുണ്ടെന്നും പൊലീസ് പറഞ്ഞു.
പൗരത്വം തെളിയിക്കുന്ന ഒരു രേഖയും ഹാജരാക്കാൻ കഴിയാത്തതിനാൽ ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. രേഖകളില്ലാതെ വിദേശികളെ ജോലിക്ക് നിർത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഉഡുപ്പി ജില്ലാ പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ പറഞ്ഞു. എല്ലാ റിസോർട്ടുകളും ലോഡ്ജുകളും വിദേശ പൗരന്മാരെ താമസിപ്പിക്കുമ്പോഴെല്ലാം നിർദിഷ്ട ഫോം പൂരിപ്പിച്ച് ജില്ലാ പൊലീസ് ഓഫീസിൽ സമർപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Adjust Story Font
16

