Quantcast

സ്മൃതി ഇറാനിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്; മാപ്പ് പറയില്ലെന്ന് അജയ് റായ്

അജയ് റായ്ക്ക് വനിതാ കമ്മീഷനും നോട്ടീസ് അയച്ചിരുന്നു.

MediaOne Logo

Web Desk

  • Updated:

    2022-12-20 11:57:13.0

Published:

20 Dec 2022 11:49 AM GMT

സ്മൃതി ഇറാനിക്കെതിരായ പരാമർശത്തിൽ കോൺഗ്രസ് നേതാവിനെതിരെ കേസ്; മാപ്പ് പറയില്ലെന്ന് അജയ് റായ്
X

ന്യൂഡൽഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരായ പരാമർശത്തിൽ യുപിയിലെ കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ കേസ്. അപകീർത്തികരമായ പ്രസ്താവന നടത്തിയ സംഭവത്തിൽ യുപി പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ബിജെപി നേതാവ് പുഷ്പ സിങ്ങിന്റെ പരാതിയിലാണ് നടപടി.

അപകീർത്തിപ്പെടുത്തൽ, ലൈംഗീകച്ചുവയോടെ സംസാരിക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. യുപി റോബർട്ട്സ്ഗഞ്ച് പൊലീസാണ് കേസെടുത്തത്. അജയ് റായിയെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു.

നേരത്തെ അജയ് റായ്ക്ക് വനിതാ കമ്മീഷനും നോട്ടീസ് അയച്ചിരുന്നു. അജയ് റായ് നേരിട്ട് ഹാജരാവണമെന്നാണ് ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടത്. പരാമര്‍ശം അംഗീകരിക്കാനാവാത്തതാണെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്മൃതി ഇറാനി അമേഠിയില്‍ എത്തുന്നത് ദുരുദ്ദേശത്തോടെയാണെന്നും നാട്യം കാണിക്കാനാണെന്നുമായിരുന്നു അജയ് റായിയുടെ പ്രസ്താവന.

അമേഠിയിലെ ഫാക്ടറികൾ അടച്ചുപൂട്ടലിന്‍റെ വക്കിലാണെന്നും ഇതിലൊന്നും ശ്രദ്ധിക്കാതെ സ്മൃതി ഇറാനി ചില നാട്യങ്ങൾ കാണിക്കാനാണ് അമേഠിയിൽ എത്തുന്നതെന്നും അജയ് പറഞ്ഞിരുന്നു. നൃത്തത്തിലെ ചില ചുവടുകളെ സൂചിപ്പിച്ച് 'ലട്കയും ഝഡ്കയും' എന്നും അജയ് റായ് പറഞ്ഞിരുന്നു. ഇതാണ് വിവാദമായത്. പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു.

കോൺഗ്രസ് നേതാക്കളുടേത് സ്ത്രീവിരുദ്ധ പരാമർശങ്ങളാണെന്നും പ്രയോഗം സ്മൃതി ഇറാനിയെ അപമാനിക്കുന്നതാണെന്നും ബിജെപി വക്താവ് ഷഹദാദ് പൂനെവാല പറഞ്ഞു. വിവാദ പ്രയോഗത്തിൽ അജയ് റായ് മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. അജയ് റായിയെ പോലെ ഉള്ളവരെ കോൺഗ്രസ് പ്രോത്സാഹിപ്പിക്കുകയാണെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.

എന്നാൽ താൻ പറഞ്ഞ വാക്ക് അസഭ്യമല്ലെന്നും അതിനാൽ തന്നെ മാപ്പ് പറയില്ലെന്നും അജയ് റായ് പ്രതികരിച്ചു. തെറ്റായിട്ടൊന്നും പറഞ്ഞിട്ടില്ലെന്നും ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അജയ് റായി കൂട്ടിച്ചേർത്തു.

TAGS :

Next Story