Quantcast

കൂടുതൽ മക്കളുള്ള ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം; പ്രഖ്യാപനവുമായി മിസോറം മന്ത്രി

മിസോറം കായിക മന്ത്രി റോബർട്ട് റൊമാവിയ ആണ് സ്വന്തം മണ്ഡലത്തിൽ ജനസംഖ്യാ വർധനയ്ക്കു പ്രോത്സാഹനവുമായി പാരിതോഷികം പ്രഖ്യാപിച്ചത്

MediaOne Logo

Web Desk

  • Published:

    22 Jun 2021 12:19 PM GMT

കൂടുതൽ മക്കളുള്ള ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം;  പ്രഖ്യാപനവുമായി മിസോറം മന്ത്രി
X

അസം അടക്കമുള്ള അയൽസംസ്ഥാനങ്ങൾ ജനസംഖ്യാ നിയന്ത്രണത്തിനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുമ്പോൾ വ്യത്യസ്തമായ നിലപാടുമായി വടക്കുകിഴക്കൻ സംസ്ഥാനമായ മിസോറം. കൂടുതൽ കുട്ടികളുണ്ടാക്കാനുള്ള പ്രചോദനവുമായി രംഗത്തെത്തിയിരിക്കുകയാണ് മിസോറം മന്ത്രി.

കൂടുതൽ മക്കളുള്ള ദമ്പതികൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് മിസോറം കായിക മന്ത്രി റോബർട്ട് റൊമാവിയ പ്രഖ്യാപിച്ചു. സ്വന്തം മണ്ഡലമായ ഐസ്വാൾ ഈസ്റ്റ്-2ലുള്ളവർക്കാണ് പ്രതിഫലം നൽകുക. ഈ തുക ലഭിക്കാൻ ദമ്പതികൾക്ക് എത്ര കുട്ടികൾ വേണമെന്ന കാര്യം മന്ത്രി വ്യക്തമാക്കിയിട്ടില്ല. മന്ത്രിയുടെ മകന്റെ ഉടമസ്ഥതയിലുള്ള നോർത്തീസ്റ്റ് കൺസൾട്ടൻസി സർവീസസ് ആണ് പാരിതോഷികത്തുക സ്‌പോൺസർ ചെയ്തിരിക്കുന്നത്.

സംസ്ഥാനത്തെ ജനസംഖ്യ വളരെ കുറവാണെന്ന് ചൂണ്ടിക്കാട്ടിയാണ് മന്ത്രി വലിയ കുടുംബങ്ങളെ പ്രോത്സാഹിപ്പിച്ചു രംഗത്തെത്തിയത്. ചതുരശ്ര കി.മീറ്ററിൽ 52 പേർ എന്ന മിസോറമിന്റെ ജനസംഖ്യാ സാന്ദ്രത ദേശീയ ശരാശരിയായ 382നെ അപേക്ഷിച്ച് വളരെ താഴെയാണെന്ന് റോബർട്ട് റൊമാവിയ ചൂണ്ടിക്കാട്ടി. സംസ്ഥാനത്തെ വന്ധ്യതാ നിരക്കും മിസോ ജനസംഖ്യാ വളർച്ചാ നിരക്കിലെ ഇടിവും വർഷങ്ങളായുള്ള ഗുരുതര പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

ഐലീഗിൽ മത്സരിക്കുന്ന രാജ്യത്തെ പ്രമുഖ ഫുട്‌ബോൾ ക്ലബുകളിലൊന്നായ ഐസ്വാൾ എഫ്‌സിയുടെ ഉടമ കൂടിയാണ് മന്ത്രി റോബർട്ട്. നോർത്തീസ്റ്റ് കൺസൾട്ടൻസി സർവീസസാണ് കമ്പിയുടെ ഔദ്യോഗിക സ്‌പോൺസർമാർ.

2011ലെ സെൻസസ് പ്രകാരം 10.91 ലക്ഷമാണ് മിസോറമിലെ ജനസംഖ്യ. രാജ്യത്തെ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ജനസംഖ്യയുള്ള സംസ്ഥാനം കൂടിയാണ് മിസോറം. 21,087 ചതുരശ്ര കി.മീറ്ററുള്ള സംസ്ഥാനത്തിന്റെ 91 ശതമാനവും വനമേഖലയാണ്. മിസോറം സ്വദേശി കൂടിയായ ലോകത്തെ ഏറ്റവും വലിയ കുടുംബനാഥനായ സയോണ ചന ദിവസങ്ങൾക്കുമുൻപാണ് അന്തരിച്ചത്. 38 ഭാര്യമാരും 89 മക്കളും 33 പേരമക്കളുമായിരുന്നു സയോണയ്ക്കുണ്ടായിരുന്നത്.

TAGS :

Next Story