Quantcast

‘സി.ബി.ഐ വീട്ടിൽ തിരച്ചിൽ നടത്തുന്നു, ഞങ്ങൾ എതിർ സ്ഥാനാർഥികളെ തിരയുകയാണ്’; ബി.ജെ.പിയെ പരിഹസിച്ച് മഹുവ മൊയ്ത്ര

ശനിയാഴ്ചയാണ് സി.ബി.ഐ മഹുവയുടെ വീട്ടിലും വിവിധ ഓഫിസുകളിലും പരിശോധന നടത്തിയത്

MediaOne Logo

Web Desk

  • Published:

    24 March 2024 3:04 AM GMT

mahua moitra
X

കൊൽക്കത്ത: സി.ബി.ഐയുടെ റെയ്ഡിന് പിന്നാലെ ബി.ജെ.പിയെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ‘സി.ബി.ഐ എന്റെ വീട്ടിലും തെരഞ്ഞെടുപ്പ് ഓഫിസിലും ഇന്ന് വന്നു. വളരെ മര്യാദയുള്ളവരായിരുന്നു. തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. അതേസമയം, താനും സയോനി ഘോഷും ഇപ്പോഴും തങ്ങൾക്കെതിരായ ബി.ജെ.പി സ്ഥാനാർഥി​കളെ തിരയുകയാണ്’ -മഹുവ മൊയ്ത്ര ‘എക്സി’ൽ കുറിച്ചു.

തൃണമൂൽ യൂത്ത് കോൺഗ്രസ് അധ്യക്ഷയും യാദവ്പുരിലെ സ്ഥാനാർഥിയുമായ സയോനി ഘോഷിന്റെ കൂടെ ബൈനോക്കുലറിലൂടെ വീക്ഷിക്കുന്ന ചിത്രവും ഇതോടൊപ്പം മഹുവ പങ്കുവെച്ചിട്ടുണ്ട്.

ശനിയാഴ്ചയാണ് സി.ബി.ഐ സംഘം മഹുവയുടെ വീട്ടിലും വിവിധ ഓഫിസുകളിലും പരിശോധന നടത്തിയത്. ചോദ്യത്തിനു കോഴ വാങ്ങിയെന്ന കേസിലാണു പരിശോധന. മാതാപിതാക്കളുടെ അലിപ്പൂരിലെ അപ്പാർട്ട്മെന്റ്, കൃഷ്ണനഗറിലെ തെരഞ്ഞെടുപ്പ് പ്രചാരണ ഓഫിസ്, കരിമ്പൂരിലെ താമസസ്ഥലവും ഓഫിസും എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്.

വ്യാഴാഴ്ച ലോക്പാലിന്റെ നിർദേശപ്രകാരം മഹുവക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പരിശോധന. കേസിലെ പ്രാഥമിക കണ്ടെത്തലുകൾ അടുത്തിടെ ലോക്പാലിന് മുന്നിൽ സി.ബി.ഐ സമർപ്പിച്ചിരുന്നു.

താൻ എഫ്.ഐ.ആറിന്റെ പകർപ്പ് കണ്ടിട്ടില്ലെന്നും സി.ബി.ഐ അവ അപ്ലോഡ് ചെയ്തിട്ടില്ലെന്നും മഹുവ പറഞ്ഞു. അഞ്ച് മണിക്കൂറോളം അവർ പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിട്ടില്ല. തെ​രഞ്ഞെടുപ്പ് കാലത്ത് ഇതെല്ലാം എന്താണ് അർഥമാക്കുന്നതെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഓരോ തവണയും അവർ ഇത്തരം കാര്യങ്ങൾ ചെയ്യുമ്പോൾ തനിക്ക് അനുകൂലമായ വോട്ടുകൾ ഉയരുകയേ ചെയ്യൂവെന്നും മഹുവ പറഞ്ഞു.

അദാനിയുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബന്ധത്തെ പാർലമെന്റിൽ നിരന്തരം ചോദ്യം ചെയ്തിരുന്ന മഹുവ. ഇതിനിടയിലാണ് ലോക്‌സഭയിൽ ചോദ്യങ്ങൾ ചോദിക്കാൻ ദുബൈ കേന്ദ്രമായുള്ള വ്യവസായി ദർശൻ ഹീരനന്ദാനിയിൽനിന്നു പണവും പാരിതോഷികങ്ങളും സ്വീകരിച്ചെന്ന ആരോപണം ഉയരുന്നത്. ഗൗതം അദാനിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ചോദ്യങ്ങളുയർത്തലായിരുന്നു ആവശ്യമെന്നാണ് ആരോപണം. ബി.ജെ.പി അംഗം നിഷികാന്ത് ദുബെയാണ് ആരോപണം ഉന്നയിച്ചത്. ഇക്കാര്യം മഹുവ ശക്തമായി നിഷേധിച്ചിരുന്നു.

എന്നാൽ, ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ മഹുവയുടെ എം.പി സ്ഥാനം റദ്ദാക്കുകയുണ്ടായി. അതേസമയം, കൃഷ്ണനഗറിൽനിന്ന് മഹുവ ഇത്തവണ വീണ്ടും ജനവിധി തേടുന്നുണ്ട്.

TAGS :

Next Story