Quantcast

ഡൽഹി മദ്യനയക്കേസ്: തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയെ ഡിസംബർ 11-ന് സി.ബി.ഐ ചോദ്യം ചെയ്യും

കേന്ദ്രസർക്കാറിന് മുന്നിൽ മുട്ടുമടക്കില്ലെന്നും ബി.ജെ.പിയുടെ വീഴ്ചകൾ തുറന്നുകാട്ടുന്നത് തുടരുമെന്നും കവിത ചന്ദ്രശേഖര റാവു പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    6 Dec 2022 2:58 PM GMT

ഡൽഹി മദ്യനയക്കേസ്: തെലങ്കാന മുഖ്യമന്ത്രിയുടെ മകൾ കവിതയെ ഡിസംബർ 11-ന് സി.ബി.ഐ ചോദ്യം ചെയ്യും
X

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളും നിയമസഭാംഗവുമായ കെ. കവിതയെ സി.ബി.ഐ ഡിസംബർ 11-ന് ചോദ്യം ചെയ്യും. ഡിസംബർ 11 മുതൽ 15 വരെ താൻ ചോദ്യം ചെയ്യലിന് തയ്യാറാണെന്ന് കവിത സി.ബി.ഐയെ അറിയിച്ചിരുന്നു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മദ്യനയക്കേസുമായി ബന്ധപ്പെട്ട് കവിതയെ നിരീക്ഷിച്ചുവരികയാണ്. ഡൽഹി കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ എക്‌സൈസ് പോളിസി അഴിമതി നടന്ന കാലത്ത് കവിത തന്റെ ഫോണുകളും ഫോൺ നമ്പറും മാറ്റിയെന്ന് ഇ.ഡി ആരോപിച്ചിരുന്നു.

അതേസമയം ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് കവിത നേരത്തെ പറഞ്ഞിരുന്നു. കേസിൽ തന്നെ അപകീർത്തിപ്പെടുത്താൻ ചില ബി.ജെ.പി നേതാക്കൾ ശ്രമിക്കുകയാണെന്ന് പറഞ്ഞ കവിത ബി.ജെ.പി നേതാക്കളായ എം.പി പർവേശ് ശർമ, മജീന്ദർ സിർസ എന്നിവർക്കെതിരെ കേസ് കൊടുക്കുമെന്നും പറഞ്ഞിരുന്നു.

തെലങ്കാന സർക്കാറിനെ അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി മുന്നോട്ടുപോകുന്ന ചന്ദ്രശേഖർ റാവുവിനെ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിരോധത്തിലാക്കാനാണ് മോദി സർക്കാർ ശ്രമിക്കുന്നതെന്നും ടി.ആർ.എസ് ആരോപിക്കുന്നു.

''ഞങ്ങൾ ഇ.ഡിയെ സ്വാഗതം ചെയ്യുന്നു, അവരോട് പൂർണമായും സഹകരിക്കുമെന്ന് ഉറപ്പ് നൽകുന്നു. പക്ഷേ ബി.ജെ.പി സർക്കാറിന്റെ വീഴ്ചകൾ തുറന്നുകാട്ടുന്നത് ഞങ്ങൾ തുടരും''-കവിത ചന്ദ്രശേഖര റാവു പറഞ്ഞു.

TAGS :

Next Story