Quantcast

ലഡാക്കിൽ സമാധാന ചർച്ചാ ശ്രമം തുടരാൻ കേന്ദ്രം; സാധാരണ ജീവിതം ഉറപ്പാക്കണമെന്ന് സംഘടനകൾ

ലഡാക്കില്‍ പൂര്‍വ സാഹചര്യം പുനഃസ്ഥാപിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ലേ അപെക്സ് ബോഡി അമിത് ഷായെ അറിയിച്ചിരുന്നു.

MediaOne Logo

Web Desk

  • Published:

    1 Oct 2025 7:25 AM IST

Center to continue peace talks in Ladakh Organizations want normal life to be ensured
X

ന്യൂഡൽഹി: ലഡാക്ക് സമാധാന ചർച്ചകൾക്കായുള്ള ശ്രമം തുടരാൻ കേന്ദ്ര സർക്കാർ. ചർച്ചയിൽ നിന്നും പിന്മാറിയ രണ്ട് സംഘടനകളെയും വീണ്ടും ചർച്ചയ്ക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രം. സാധാരണജീവിതം കേന്ദ്രം ഉറപ്പുനല്‍കാതെ ചര്‍ച്ചയ്ക്കില്ലെന്നാണ് സംഘടനയുടെ നിലപാട്.

ആഭ്യന്തരമന്ത്രാലയം വിളിച്ച ചർച്ചയിൽ നിന്ന് ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയൻസും പിന്മാറിയതോടെ ചർച്ചകൾ വഴിമുട്ടിയിരിക്കുകയാണ്. ഇവരെ അനുനയിപ്പിച്ച് എത്രയും വേഗം ചർച്ച നടത്തി താത്കാലിക പരിഹാരം കാണാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കേന്ദ്രം ചർച്ചയ്ക്ക് വിളിക്കുമ്പോൾ, കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷങ്ങളിൽ കൂടുതൽ നടപടികളുമായി മുന്നോട്ടുപോവുകയാണ് സർക്കാർ.

ഇതാണ് സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്. ഈ മാസം ആറിന് ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ച നിശ്ചയിച്ചിട്ടുണ്ട്. ഇതിൽ ഇരു സംഘടനകളും പങ്കെടുക്കുമോ എന്നത് വ്യക്തമാക്കിയിട്ടില്ല. ലഡാക്കില്‍ പൂര്‍വ സാഹചര്യം പുനഃസ്ഥാപിക്കാതെ ചര്‍ച്ചയ്ക്കില്ലെന്ന് ലേ അപെക്സ് ബോഡി അമിത് ഷായെ അറിയിച്ചിരുന്നു.

നാല് പേര്‍ മരിച്ചിട്ടും ചര്‍ച്ചയ്ക്ക് തയാറായ സംഘടനകള്‍ക്കെതിരെ പ്രാദേശിക വികാരം ശക്തമായിരുന്നു. ഇതോടെയാണ് ഇവർ പിന്മാറിയത് എന്നും വിവരമുണ്ട്. സോനം വാങ്ചുകി‌ന്‍റെ അറസ്റ്റിന് പിന്നാലെ സർക്കാരിനെതിരെ ഭാര്യ ഗീതാഞ്ജലി ആങ്മോ രംഗത്തെത്തിയിരുന്നു. വ്യക്തിഹത്യയുടെ ഭാഗമായുള്ള വേട്ടയാടലാണ് നടക്കുന്നതെന്നും അവർ ആരോപിച്ചു.

കഴിഞ്ഞ മാസം 24ലെ പ്രതിഷേധങ്ങൾക്ക് പ്രേരിപ്പിച്ചു എന്നാരോപിച്ച് ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്ത സോനം വാങ്ചുക് ജോധ്പൂരിലെ ജയിലിലാണ് ഇപ്പോഴും.

TAGS :

Next Story