പുതിയ 57 കേന്ദ്രീയ വിദ്യാലയങ്ങൾക്ക് കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി
2026-27 മുതൽ ഒമ്പത് വർഷമെടുത്തായിരിക്കും പദ്ധതി പൂർത്തീകരിക്കുക.

അശ്വിനി വൈഷ്ണവ് Photo|Special Arrangement
ന്യൂഡൽഹി: രാജ്യത്തുടനീളം 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമിതി (സിസിഇഎ) അംഗീകാരം നൽകി. നിലവിൽ 1,288 വിദ്യാലയങ്ങളുണ്ടെന്നും വടക്കുകിഴക്കൻ മേഖലകളിൽ അഞ്ച് കേന്ദ്രീയ വിദ്യാലയങ്ങൾ ആരംഭിക്കുമെന്നും മന്ത്രിസഭാ തീരുമാനങ്ങളെ കുറിച്ചുള്ള മാധ്യമസമ്മേളനത്തിൽ അശ്വിനി വൈഷ്ണവ് പറഞ്ഞു.
57 കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിന് ഏകദേശം 5862 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 2026-27 മുതൽ ഒമ്പത് വർഷമെടുത്തായിരിക്കും പദ്ധതി പൂർത്തീകരിക്കുക. 17 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായാണ് പുതിയ വിദ്യാലയങ്ങൾക്ക് അനുമതി നൽകിയിരിക്കുന്നത്. നേരത്തെ അനുവദിച്ച 85 വിദ്യാലയങ്ങൾക്ക് പുറമെയാണ് പുതിയ അംഗീകാരം. പുതിയ വിദ്യാലയങ്ങൾ സ്ഥാപിക്കുന്നതിലൂടെ 86640 വിദ്യാർഥികൾക്ക് സീറ്റ് ലഭിക്കും.
പുതിയ 57 വിദ്യാലയങ്ങളിൽ ഏഴെണ്ണം കേന്ദ്ര മന്ത്രാലയവും ബാക്കിയുള്ളവ സംസ്ഥാന സർക്കാരുകളുമാണ് സ്പോൺസർ ചെയ്യുന്നത്. വർധിച്ചുവരുന്ന കേന്ദ്ര സർക്കാർ ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഈ സ്കൂളുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
Adjust Story Font
16

