സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രം; ജാതി കണക്കെടുപ്പും നടത്തും
1931 ന് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ജാതി കണക്കെടുപ്പ് നടത്തുന്നത്

ഡൽഹി: സെൻസസ് വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ. ജാതി കണക്കെടുപ്പും സെൻസസിനൊപ്പം നടത്തും. 1931 ന് ശേഷം ആദ്യമായിട്ടാണ് രാജ്യത്ത് ജാതി കണക്കെടുപ്പ് നടത്തുന്നത്.
2011ന് ശേഷം ഇന്ത്യയിൽ ആദ്യമായിട്ടാണ് സെൻസസ് നടത്തുന്നത്. 2026 ഒക്ടോബർ 1 നും 2027 മാർച്ച് 1 നും രണ്ട് ഘട്ടങ്ങളായി നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. ഹൗസ്‌ലിസ്റ്റിംഗ് ഓപ്പറേഷൻ (HLO) എന്നും അറിയപ്പെടുന്ന ആദ്യ ഘട്ടത്തിൽ, ആസ്തികൾ, കുടുംബ വരുമാനം, ഭവന സാഹചര്യങ്ങൾ, സൗകര്യങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും.വരാനിരിക്കുന്ന സെൻസസ് ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സെൻസസ് ആയിരിക്കും.
രണ്ടാം ഘട്ടമായ പോപ്പുലേഷൻ എന്യൂമറേഷനിൽ(PE) കുടുംബാംഗങ്ങളുടെ എണ്ണം, സാമൂഹിക-സാമ്പത്തിക, സാംസ്കാരിക, മറ്റ് വ്യക്തിഗത വിവരങ്ങൾ ശേഖരിക്കും.ഇതാദ്യമായി, ജാതി കണക്കെടുപ്പും സെൻസസ് പ്രക്രിയയുടെ ഭാഗമാകും.
പത്തു വർഷം കൂടുമ്പോഴാണ് രാജ്യത്ത് സെൻസസ് നടത്താറുള്ളത്. എന്നാൽ 2011നു ശേഷം ഇന്ത്യയിൽ സെൻസസ് നടന്നിട്ടില്ല. 2021ൽ നടക്കേണ്ടിയിരുന്ന കണക്കെടുപ്പ് കോവിഡ് കാരണം മാറ്റിവയ്ക്കുകയായിരുന്നു.
Adjust Story Font
16

