Quantcast

ബിഹാറിൽ ജാതി സെൻസസ് നടത്താനുള്ള നീക്കത്തെ എതിർത്ത് കേന്ദ്രസർക്കാർ സുപ്രിംകോടതിയിൽ

ജനുവരിയിലാണ് നിതീഷ് കുമാർ സർക്കാർ ബിഹാറിൽ ജാതി സെൻസസ് ആരംഭിച്ചത്.

MediaOne Logo

Web Desk

  • Published:

    29 Aug 2023 2:11 AM GMT

Centre opposes Bihar governments caste-based survey
X

ന്യൂഡൽഹി: ജാതി സെൻസസ് നടത്താനുള്ള ബിഹാർ സർക്കാർ തീരുമാനത്തെ എതിർത്ത് കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ. സെൻസസ് കേന്ദ്ര സർക്കാരിന്റെ അധികാര പരിധിയിൽപ്പെട്ട കാര്യമാണെന്നും സംസ്ഥാനങ്ങൾക്ക് അതിൽ ഇടപെടാനാവില്ലെന്നും കേന്ദ്രം സുപ്രിംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

1948ലെ സെൻസസ് ആക്ടിൽ സെക്ഷൻ-3 പ്രകാരം സെൻസസ് നടത്താനുള്ള അധികാരം കേന്ദ്രത്തിന് മാത്രമാണെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നത്. ഭരണഘടനയുടെ ഏഴാം ഷെഡ്യൂളിൽ യൂണിയൻ ലിസ്റ്റിലാണ് സെൻസസ് ഉൾപ്പെടുന്നതെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി.

പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഭരണഘടനാപരമായ എല്ലാ അനുകൂല നടപടികളും സ്വീകരിക്കാൻ കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും സർക്കാർ കോടതിയെ അറിയിച്ചു. ജാതി സെൻസസുമായി മുന്നോട്ട് പോകാൻ പട്‌ന ഹൈക്കോടതി ബിഹാർ സർക്കാരിന് അനുമതി നൽകിയിരുന്നു. ഇതിനെതിരെ സമർപ്പിക്കപ്പെട്ട ഹരജികളിലാണ് സുപ്രിംകോടതി കേന്ദ്രത്തിന്റെ അഭിപ്രായം തേടിയത്.

ജനുവരിയിലാണ് നിതീഷ് കുമാർ സർക്കാർ ബിഹാറിൽ ജാതി സെൻസസ് ആരംഭിച്ചത്. നേരത്തേ ജാതി സെൻസസ് നടത്തണമെന്ന് ജെ.ഡി.യുവും ആർ.ജെ.ഡിയും ഉന്നയിച്ചിരുന്നെങ്കിലും കേന്ദ്രം അംഗീകരിച്ചിരുന്നില്ല. തുടർന്നാണ് സർവേ നടത്താൻ ജെ.ഡി.യു സർക്കാർ തീരുമാനിച്ചത്.

TAGS :

Next Story