Quantcast

'തെറ്റായ അവകാശ വാദങ്ങളില്‍ പരസ്യം നല്‍കരുതെന്ന് നിര്‍ദേശിച്ചിരുന്നു': പതഞ്ജലിയെ കൈവിട്ട് കേന്ദ്രം

ഏത് മരുന്ന് ഉപയോഗിക്കണമെന്നത് വ്യക്തി സ്വാതന്ത്രമാണെന്നും കേന്ദ്രം

MediaOne Logo

Web Desk

  • Updated:

    2024-04-10 06:32:53.0

Published:

10 April 2024 5:35 AM GMT

patanjali
X

ഡല്‍ഹി: നിയമവിരുദ്ധ പരസ്യങ്ങള്‍ നല്‍കിയ പതഞ്ജലിക്കെതിരെ സുപ്രിംകോടതി വിമര്‍ശനമുന്നയിച്ചതിനു പിന്നാലെ കേന്ദ്രസര്‍ക്കാരും രംഗത്ത്. തെറ്റായ അവകാശ വാദങ്ങളില്‍ പരസ്യം നല്‍കരുതെന്ന് പതഞ്ജലിയോട് നിര്‍ദേശിച്ചിരുന്നതായി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ അറിയിച്ചു. കൊറോണ മാറ്റുന്നതിനെന്ന അവകാശവാദവുമായി മരുന്ന് വികസിപ്പിച്ചതായി പതഞ്ജലി അവകാശവാദം ഉന്നയിച്ചിരുന്നുവെന്നും എന്നാല്‍ ഇക്കാര്യം പരിശോധിക്കുന്നതുവരെ പരസ്യം നല്‍കരുതെന്ന് നിര്‍ദേശം നല്‍കിയിരുന്നെന്നും ആയുഷ് മന്ത്രാലയം കോടതിയെ അറിയിച്ചു.

ആധുനിക മരുന്നുകളെ പതഞ്ജലി ചോദ്യം ചെയ്തതിനെയും കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചു. അലോപ്പതിയോ ആയുഷോ ഏത് മരുന്ന് ഉപയോഗിക്കണമെന്നത് വ്യക്തി സ്വാതന്ത്രമാണെന്നും കേന്ദ്രസര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

'പതഞ്ജലി ആയുര്‍വേദ' ഉല്‍പന്നങ്ങളുടെ പേരില്‍ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കിയ കേസില്‍ പതഞ്ജലി സഹസ്ഥാപകന്‍ ബാബ രാംദേവും കമ്പനി മാനേജിങ് ഡയറക്ടര്‍ ആചാര്യ ബാലകൃഷ്ണയും കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ നിരുപാധികം മാപ്പ് പറഞ്ഞിരുന്നു. ഔഷധ ചികിത്സകള്‍ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചതിന് പതഞ്ജലി ആയുര്‍വേദിനെതിരെ നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിന് മറുപടി നല്‍കാത്തതിനാലാണ് നേരിട്ട് ഹാജരാകാന്‍ ഇരുവരോടും ആവശ്യപ്പെട്ടത്. പതഞ്ജലി ആയുര്‍വേദ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) ആണ് സുപ്രിംകോടതിയെ സമീപിച്ചത്. ഹരജി പരിഗണിക്കവെ, രാജ്യത്തെയാകെ പറഞ്ഞു പറ്റിക്കുമ്പോള്‍ കേന്ദ്രം വിഷയത്തില്‍ കണ്ണടച്ചിരിക്കുകയാണെന്ന് പറഞ്ഞ് കോടതി കേന്ദ്രത്തെ വിമര്‍ശിച്ചിരുന്നു. സര്‍ക്കാര്‍ കണ്ണടച്ചിരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അവര്‍ അടിയന്തരമായി നടപടിയെടുക്കണമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടിയിരുന്നു.

TAGS :

Next Story