ഗുജറാത്ത് കലാപം: 14 സാക്ഷികളുടെ സുരക്ഷ പിന്‍വലിച്ച് കേന്ദ്ര സര്‍ക്കാര്‍
'ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ സുരക്ഷവേണമെന്ന് സാക്ഷികള്‍'

ന്യൂഡല്‍ഹി: 2002ലെ ഗോധ്ര കലാപത്തെത്തുടര്‍ന്ന് ഗുജറാത്തിലെ വിവിധ ജില്ലകളിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട 14 സാക്ഷികളുടെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. പ്രത്യേകാന്വേഷണ സംഘത്തിന്റെ (എസ്ഐടി) ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര മന്ത്രാലയം തീരുമാനമെടുത്തതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
14 സാക്ഷികള്‍ക്കും 150 സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ സുരക്ഷയായിരുന്നു നല്‍കിയിരുന്നത്. മഹിസര്‍ ജില്ലയിലെ പണ്ഡര്‍വാഡ ഗ്രാമത്തില്‍ താമസിക്കുന്ന 10 പേരും മറ്റുള്ള നാല് പേര്‍ ദാഹോദ്, പഞ്ച്മഹല്‍ ജില്ലകളിലെ താമസക്കാരുമാണ്. ഗോധ്ര കലാപം അന്വേഷിക്കാന്‍ രൂപീകരിച്ച എസ്ഐടി 2023 നവംബര്‍ 10ന് 14 സാക്ഷികളുടെ സുരക്ഷ നീക്കം ചെയ്യുന്നതിനുള്ള റിപ്പോര്‍ട്ട് നല്‍കിയതായി വൃത്തങ്ങള്‍ അറിയിച്ചു. . 2009ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാറിന്റെ കാലത്താണ് ഈ സാക്ഷികള്‍ക്ക് സുരക്ഷ ഒരുക്കിയത്.
സുരക്ഷ പിന്‍വലിക്കാന്‍ തങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് ആരും തങ്ങളോട് സംസാരിച്ചിട്ടില്ലെന്നും സാക്ഷികള്‍ പറഞ്ഞു. സുരക്ഷ പിന്‍വലിച്ചത് ശരിയായ നടപടിയല്ലെന്ന് സാക്ഷികളായ അഖ്തര്‍ ഹുസൈന്‍ ശെയ്ഖും മരിയം യാക്കൂബ് സെയ്ദും പറഞ്ഞു.
'വംശഹത്യയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ഞങ്ങള്‍ക്ക് ഇന്നും ഭയമാണ്. സിഐഎസ്എഫ് ജവാന്‍മാര്‍ നല്‍കിയിരുന്ന സുരക്ഷ വലിയ ആശ്വാസമായിരുന്നു. സുരക്ഷ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ എടുത്ത തീരുമാനം ശരിയല്ല. ആശങ്കയില്ലാതെ ജീവിക്കാന്‍ കഴിയുന്ന തരത്തില്‍ സുരക്ഷ തുടരണം. ആഴ്ച്ചയില്‍ രണ്ടുതവണ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ വന്ന് വിവരങ്ങള്‍ അന്വേഷിക്കുമായിരുന്നു. ഇന്നും പ്രദേശത്ത് എന്തെങ്കിലും സംഘര്‍ഷമുണ്ടായാല്‍ ഗ്രാമവാസികള്‍ നാടുവിടും. ആളുകള്‍ക്ക് ഇപ്പോഴും ഭയമാണ്' -ശെയ്ഖ് പറഞ്ഞു. സുരക്ഷ പിന്‍വലിക്കാന്‍ താന്‍ ആരോടും വാക്കാലോ രേഖാമൂലമോ ആവശ്യപ്പെട്ടിട്ടില്ലെന്നും ഈ വിഷയവുമായി ബന്ധപ്പെട്ട് ആരും തങ്ങളോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം സാക്ഷികള്‍ക്കുള്ള സുരക്ഷ പിന്‍വലിച്ചതില്‍ ഭരണകക്ഷിയായ ബിജെപി സര്‍ക്കാരിനെ ആം ആദ്മി പാര്‍ട്ടി ഗുജറാത്ത് യൂണിറ്റ് വിമര്‍ശിച്ചു. സാക്ഷികള്‍ക്ക് എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ സംഭവിച്ചാല്‍ ആര് ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് എഎപി ചോദിച്ചു.
2002ല്‍ അയോധ്യയില്‍നിന്ന് മടങ്ങുകയായിരുന്ന കര്‍സേവകരും തീര്‍ത്ഥാടകരും മറ്റ് യാത്രക്കാരടക്കമുള്ള സബര്‍മതി എക്‌സ്പ്രസിന് ഗുജറാത്തിലെ ഗോധ്ര റെയില്‍വേ സ്റ്റേഷനു സമീപത്തുവച്ച് അക്രമികള്‍ തീയിടുകയായിരുന്നു. സംഭവത്തില്‍ 29 പുരുഷന്മാരും 22 സ്ത്രീളും എട്ടു കുട്ടികളും അടക്കം 59 പേരാണ് കൊല്ലപ്പെട്ടത്.
Adjust Story Font
16

