ഐഫോണിലും ആൻഡ്രോയിഡിലും രണ്ട് നിരക്ക്; ഓലക്കും യൂബറിനും നോട്ടീസ് അയച്ച് കേന്ദ്രം
നിരക്ക് കണക്കുകളിൽ സുതാര്യതയും നീതിയും ഉറപ്പാക്കാൻ കൃത്യമായ വിശദീകരണം നൽകണമെന്ന് കേന്ദ്രം

ന്യൂഡൽഹി: ക്യാബ് അഗ്രഗേറ്റർമാരായ ഓലക്കും യൂബറിനും നോട്ടീസ് അയച്ച് കേന്ദ്ര ഉപഭോക്തൃ കാര്യ മന്ത്രാലയം. റൈഡുകൾ ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന സ്മാർട്ഫോണുകൾക്ക് അനുസരിച്ച് നിരക്കിൽ വ്യത്യാസം വരുന്നു എന്ന ആരോപണത്തിലാണ് നടപടി. വിഷയത്തിൽ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ടാണ് കേന്ദ്രം നോട്ടീസ് അയച്ചത്.
ഉപഭോക്താവ് ഐഫോണാണോ ആൻഡ്രോയിഡ് ഫോണാണോ ഉപയോഗിക്കുന്നത് എന്നതിന് അനുസരിച്ച്, ഒരേ സേവനത്തിന് രണ്ട് നിരക്കുകൾ ഈടാക്കുന്നതായുള്ള റിപ്പോർട്ടുകൾ വന്നതിനെ തുടർന്നാണ് രണ്ട് കമ്പനികൾക്കുമെതിരെ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സിസിപിഎ) നടപടി സ്വീകരിച്ചത്.
കമ്പനികളോട് അവരുടെ വിലനിർണ്ണയ രീതികൾ വിശദീകരിക്കാനും, ഏതെങ്കിലും തരത്തിലുള്ള വിവേചനവുമായി ബന്ധപ്പെട്ട ആശങ്കകൾ പരിഹരിക്കാനും സിസിപിഎ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്. നിരക്ക് കണക്കുകളിൽ സുതാര്യതയും നീതിയും ഉറപ്പാക്കാൻ കൃത്യമായ വിശദീകരണം നൽകണമെന്നും കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സംരംഭകൻ കഴിഞ്ഞ ദിവസം പങ്കുവെച്ച എക്സ് പോസ്റ്റുകൾക്ക് പിന്നാലെയാണ് നടപടി. ഒരേ സ്ഥലത്ത് നിന്ന് വിവിധ സ്മാർട്ഫോണുകളിൽ റൈഡുകൾ ബുക്ക് ചെയ്യുമ്പോൾ നിരക്കുകളിൽ വരുന്ന വ്യത്യാസത്തെക്കുറിച്ച് സ്ക്രീൻഷോട്ടുകൾ അടക്കമാണ് സംഭരകൻ പോസ്റ്റ് പങ്കുവെച്ചത്. ഫോണിലെ ബാറ്ററി ലെവലുകളും പലപ്പോഴും റൈഡ് നിരക്കുകളെ സ്വാധീനിക്കുന്നുവെന്നും പോസ്റ്റിൽ പറയുന്നു. കഴിഞ്ഞ ഡിസംബറിൽ മറ്റൊരു എക്സ് ഉപയോക്താവും സമാനമായ ആരോപണം ഉയർത്തുകയും സ്ക്രീൻഷോട്ടുകൾ പങ്കുവെക്കുകയും ചെയ്തിരുന്നു.
എന്നാൽ പിന്നാലെ തന്നെ ആരോപണം നിഷേധിച്ച് കൊണ്ട് യൂബർ രംഗത്ത് വന്നു. നിരക്കിലെ വ്യത്യാസത്തെ പല കാര്യങ്ങൾ സ്വാധീനിക്കുന്നുണ്ടെന്നും, ഉപയോക്താവിന്റെ സ്മാർട്ട് ഫോണുമായി അതിന് ബന്ധമില്ലെന്നും ആയിരുന്നു വിശദീകരണം.
Adjust Story Font
16

